സ്വന്തം ലേഖകന്‍: ഉത്തര കൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്നിന്റെ അര്‍ധസഹോദരന്‍ കിം ജോങ് നാമിനെ വധിക്കാന്‍ ഉപയോഗിച്ചത് അതിമാരക വിഷവാതകം, മരണം സംഭവിച്ചത് 20 മിനിറ്റിനുള്ളില്‍. അതി മാരകവിഷമായ ‘വിഎക്‌സ്’ ആണ് നാമിനെ കൊലപ്പെടുത്താന്‍ ഉപയോഗിച്ചതെന്ന് മലേഷ്യന്‍ പോലീസ് സ്ഥിരീക്രിച്ചു. അണുവായുധത്തിനു പുറമേ ഇത്തരം മാരക രാസായുധങ്ങളും ഉത്തര കൊറിയയുടെ കൈവശമുണ്ടെന്ന് തെളിയുക്കുന്നതാണ് നാമിന്റെ കൊലപാതകം.
‘വിഎക്‌സ്’ എന്ന രാസവസ്തുവാണു പതിമൂന്നാം തീയതി ക്വാലലംപൂര്‍ വിമാനത്താവളത്തില്‍ രണ്ടു സ്ത്രീകള്‍ നാമിന്റെ മുഖത്തുതേച്ചത്. വിമാനത്താവളത്തിലെ ചെക്കിന്‍ കൗണ്ടറിലേക്കു പോകുമ്പോഴാണു സ്ത്രീകള്‍ നാമിന്റെ പിന്നില്‍നിന്നു തലയിലും മുഖത്തും വിഷം തേച്ചത്. ഇതിനുശേഷം വിമാനത്താവളത്തിലെ ക്ലിനിക്കിലേക്കു നാം നടന്നുപോകുന്നത് സിസിടിവി ദൃശ്യങ്ങളിലുണ്ട്. പിന്നീട് ആശുപത്രിയിലേക്ക് ആംബുലന്‍സില്‍ കൊണ്ടുപോകുമ്പോഴാണ് ഇദ്ദേഹം മരിക്കുന്നത്. വിമാനത്താവളത്തില്‍ നാമിന്റെ മുഖത്തു വിഷംതേച്ച യുവതികളിലൊരാള്‍ക്കും ശാരീരികാസ്വാസ്ഥ്യമുണ്ടായതായി മലേഷ്യന്‍ പൊലീസ് പറയുന്നു. സംഭവത്തിനു പിന്നാലെ അറസ്റ്റിലായ ഇവര്‍ ഇപ്പോള്‍ ചികില്‍സയിലാണ്.
നാമിന്റെ മുഖത്തു വിഷംതേച്ച ശേഷം ഇവര്‍ കൈ ദേഹത്തുനിന്നു മാറ്റിപ്പിടിച്ച് ബാത്ത്‌റൂമിന്റെ ഭാഗത്തേക്ക് ഓടുന്നതു സിസിടിവി ദൃശ്യങ്ങളിലുണ്ട്. കൊലപാതകമാണെന്നറിഞ്ഞില്ല, ടിവി റിയാലിറ്റി ഷോയില്‍ പങ്കെടുക്കുകയായിരുന്നുവെന്നാണു തങ്ങള്‍ കരുതിയത് എന്ന യുവതികളുടെ മൊഴി അവിശ്വസനീയമാണെന്ന സൂചന നല്‍കുന്നതാണിത്. വിഎക്‌സ് പ്രയോഗത്തിനിരായ ജോംഗ് നാമിന് കടുത്ത പക്ഷാഘാതം സംഭവിച്ചതായി പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നുണ്ടെന്ന് ആരോഗ്യമന്ത്രി എസ് സുബ്രഹ്മണ്യം ചൂണ്ടിക്കാട്ടി. നാഡീകോശങ്ങളെ തകര്‍ക്കാന്‍ പത്തുമില്ലിഗ്രാം വിഎക്‌സ് മതി. ഇതിലും കൂടിയ അളവിലാണ് ജോംഗ് നാമിന്റെ കേസില്‍ വിഎക്‌സ് പ്രയോഗിച്ചത്. തന്മൂലം ഹൃദയം, ശ്വാസകോശം എന്നിവയും പെട്ടന്നുതന്നെ തകരാറിലായി.
ഐക്യരാഷ്ട്ര സംഘടന അതീവ വിനാശകാരിയായ രാസായുധങ്ങളുടെ കൂട്ടത്തില്‍ പെടുത്തിയിട്ടുള്ള വിഎക്‌സ് നാമിന്റെ മുഖത്തുനിന്നും കണ്ണില്‍നിന്നും ശേഖരിച്ച സാംപിളുകളില്‍നിന്ന് കണ്ടെത്തിയിട്ടുണ്ട്. നാമിന്റെ കൊലയ്ക്കു പിന്നില്‍ ഉത്തര കൊറിയയാണെന്ന വാദത്തെ ബലപ്പെടുത്തുന്നതാണു മാരകവിഷത്തിന്റെ സാന്നിധ്യം.
ലോകത്ത് ഏറ്റവും കൂടുതല്‍ രാസായുധ ശേഖരമുള്ള മൂന്നാമത്തെ രാജ്യമാണ് ഉത്തര കൊറിയ എന്നാണു കരുതപ്പെടുന്നത്. അതിമാരക വിഷമായ സരിനും വിഎക്‌സുമാണു കൊറിയയുടെ ശേഖരത്തില്‍ ഏറ്റവും കൂടുതലുള്ളത്.
രുചിയും മണവുമില്ലാത്ത വിഎക്‌സ് വിഷം മിനിറ്റുകള്‍ക്കുള്ളില്‍ മരണം ഉറപ്പാക്കുന്നതാണ്. നാഡീവ്യൂഹത്തെയാണ് വിഷം ബാധിക്കുക. എണ്ണ പോലുള്ള ദ്രാവകരൂപത്തിലാണ് ഈ വിഷം വെള്ളത്തില്‍ കലര്‍ത്താവുന്നതുമാണ്. ത്വക്കിലും കണ്ണിലും പുരണ്ടാലും ശരീരത്തിലെത്തും. ആവിയായി ശ്വസിക്കുകയാണെങ്കില്‍ നിമിഷനേരം കൊണ്ട് മരണമെത്തും. ഏഴു ഉത്തര കൊറിയക്കാര്‍ക്കൂടി സംഭവത്തില്‍ പിടിയിലാകാനുണ്ടെന്ന് പോലീസ് വ്യക്തമാക്കി. ക്വാലാലന്പൂര്‍ വിമാനത്താവളത്തില്‍ ആണവ വിദഗ്ധര്‍ പരിശോധന നടത്തിയെന്നും വിഎക്‌സിന്റെ സാന്നിധ്യം ഇല്ലെന്ന് ഉറപ്പുവരുത്തിയെന്നും അധികൃതര്‍ അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല