സ്വന്തം ലേഖകന്‍: ഉത്തര കൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നിന്റെ അര്‍ധ സഹോദരന്‍ കിം ജോങ് നാമിന്റെ കൊലപാതകം, 90 ഡോളര്‍ വാഗ്ദാനം ചെയ്ത് യഥാര്‍ഥ പ്രതികള്‍ തന്നെ വഞ്ചിക്കുകയായിരുന്നുവെന്ന് പ്രതിയായ ഇന്തോനേഷ്യന്‍ യുവതി. നാം കൊല്ലപ്പെട്ട സംഭവത്തില്‍ താന്‍ നിരപരാധിയാണെന്ന് ആവര്‍ത്തിച്ച യുവതി നാമിനെ കബളിപ്പിക്കാനായി ചെയ്യുകയാണെന്നാണ് പ്രതികള്‍ തന്നെ വിശ്വസിപ്പിച്ചിരുന്നതെന്നും വ്യക്തമാക്കി.
സിതി ഐസയെന്ന യുവതിയെ കൃത്യം നടന്ന് അല്പ സമയത്തിനകം തന്നെ മലേഷ്യന്‍ പോലീസ് വലയിലാക്കിയിരുന്നു. 90 ഡോളറാണ് പ്രതികള്‍ പ്രതിഫലമായി തരാമെന്ന് പറഞ്ഞത്. കസ്റ്റഡിയിലായിക്കൊണ്ട് തനിക്ക് മാതാപിതാക്കളെ കാണേണ്ടെന്നും അവര്‍ പറഞ്ഞതായി മലേഷ്യയിലെ ഇന്തോനേഷ്യന്‍ ഡെപ്യൂട്ടി അംബാസിഡര്‍ അറിയിച്ചു. ആയിഷയുമായി 30 മിനിറ്റ് നീണ്ട കൂടിക്കാഴ്ചക്ക് ശേഷമാണ് ഡെപ്യൂട്ടി അംബാസിഡര്‍ ഇക്കാര്യം വ്യക്തമാക്കിയത്. പിതാവും മാതാവും തന്നെക്കുറിച്ച് സങ്കടപ്പെട്ട് അവരുടെ ആരോഗ്യം ശ്രദ്ധിക്കാതിരിക്കരുതെന്നും യുവതി പറഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍.
ഒരു വിയറ്റ്‌നാം സ്വദേശിനിയും ഐസക്കൊപ്പം മലേഷ്യന്‍ പോലീസ് കസ്റ്റഡിയിലുണ്ട്. കിം ജോങ് നാമിന്റെ കൊലപാതകക്കേസില്‍ മലേഷ്യന്‍ പൊലീസ് കസ്റ്റഡിയിലെടുത്തവര്‍ നിരപരാധികളാണെന്ന് ഉത്തര കൊറിയന്‍ എംബസി നേരത്തേ വ്യക്തമാക്കിയിരുന്നു. കേസില്‍ പിടിയിലായ രണ്ട് സ്ത്രീകള്‍ക്കും ഉത്തര കൊറിയന്‍ പൗരനും കേസുമായി ബന്ധമില്ലെന്നാണ് എംബസി ബുധനാഴ്ച പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നത്. ഇവരെ ഉടന്‍ വിട്ടയക്കണമെന്നും പ്രസ്താവനയില്‍ എംബസി ആവശ്യപ്പെട്ടു. വിഷപദാര്‍ഥം കിം ജോങ് നാമിനു നേരെ സ്‌പ്രേ ചെയ്തിട്ടുണ്ടെങ്കില്‍ യുവതികള്‍ എങ്ങനെയാണ് ജീവനോടെയിരിക്കുന്നതെന്ന് ഉത്തര കൊറിയന്‍ എംബസി പ്രസ്താവനയില്‍ ചോദിക്കുന്നു.
കളവ് പറച്ചില്‍ തുടര്‍ന്നാല്‍ രാജ്യത്തുനിന്ന് പുറത്താക്കുമെന്ന് ഉത്തര കൊറിയന്‍ അംബാസഡര്‍ക്ക് മലേഷ്യ പിന്നീട് മുന്നറിയിപ്പ് നല്‍കുകയും ചെയ്തു. സംഭവത്തിന് പിന്നില്‍ ഉത്തര കൊറിയാണെന്ന് മലേഷ്യ ഇതുവരെ നേരിട്ട് ആരോപിച്ചിട്ടില്ല. ഫെബ്രുവരി 13ന് ക്വാലാലംപുര്‍ വിമാനത്താവളത്തിലെ ടിക്കറ്റ് കൗണ്ടറില്‍വെച്ചാണ് നാമിനുനേരെ ആക്രമണമുണ്ടായത്. സംഭവത്തില്‍ അന്വേഷണം ഉത്തര കൊറിയന്‍ പൗരന്മാരിലേക്ക് നീണ്ടതോടെ മലേഷ്യയുമായുള്ള ഉത്തര കൊറിയയുടെ ബന്ധം വഷളായിട്ടുണ്ട്. ഇരുരാജ്യങ്ങളും തമ്മില്‍ മികച്ച സാമ്പത്തിക ബന്ധമാണ് നിലനിന്നിരുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല