1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 3, 2017

സ്വന്തം ലേഖകന്‍: മലേഷ്യയില്‍ കിം ജോംഗ് ഉന്നിന്റെ അര്‍ദ്ധ സഹോദരനെ വിഷസൂചി ഉപയോഗിച്ച് വധിച്ച സംഭവത്തില്‍ പങ്കില്ലെന്ന് അറസ്റ്റിലായ യുവതികള്‍. മലേഷ്യന്‍ കോടതിയില്‍ തിങ്കളാഴ്ച വിചാരണക്കിടെയായിരുന്നു ഇരുവരുടെയും അവകാശവാദം. ക്വാലാലംപുര്‍ വിമാനത്താവളത്തില്‍ ഉത്തര കൊറിയയുടെ ചാരസംഘടനയില്‍ അംഗങ്ങളായ രണ്ടു വനിതകള്‍ വിഷസൂചികള്‍ ഉപയോഗിച്ച് ‘വി.എക്‌സ്’ എന്ന രാസവിഷം കുത്തിവെച്ച് കിം ജോങ് നാമിനെ കൊലപ്പെടുത്തിയെന്നാണ് കേസ്.

ഫെബ്രുവരി ആദ്യവാരമായിരുന്നു സംഭവം. മക്കാവുവിലേക്കുള്ള യാത്രക്ക് ഒരുങ്ങി നില്‍ക്കുകയായിരുന്നു നാം. എന്നാല്‍, ഉത്തര കൊറിയന്‍ പൗരന്മാരായ ചിലര്‍ ആവശ്യപ്പെട്ടതനുസരിച്ച് ടെലിവിഷന്‍ ഹാസ്യപരിപാടിയെന്നു ധരിച്ച് ചെയ്യുകയായിരുന്നുവെന്നും മാരക വിഷമാണെന്നറിഞ്ഞില്ലെന്നും ഇന്തോനേഷ്യന്‍ യുവതി സിതി ആയിഷ(25), വിയറ്റ്‌നാം സ്വദേശി ഡോണ്‍ തൈ ഹുവോങ് (29) എന്നിവര്‍ കോടതിയില്‍ വാദിച്ചു.

അതി സുരക്ഷയില്‍ കൈയാമംവെച്ച് ബുള്ളറ്റ് പ്രൂഫ് വേഷത്തിലാണ് ഇരുവരെയും വിചാരണക്കോടതിയില്‍ ഹാജരാക്കിയത്. വധശ്രമം തെളിയിക്കപ്പെട്ടാല്‍ മലേഷ്യന്‍ നിയമപ്രകാരം യുവതികള്‍ക്ക് വധശിക്ഷ ഉറപ്പാണ്. വധത്തിനു പിന്നില്‍ നാല് അജ്ഞാത യുവാക്കളാണെന്നാണ് യുവതികളുടെ അഭിഭാഷകരുടെ വാദം. ഇരുവരും ഉത്തര കൊറിയയുടെ പരിശീലനം കിട്ടിയ ഏജന്റുമാരാണെന്നും ആ രാജ്യമാണ് വധത്തിനു പിന്നിലെന്നും മലേഷ്യ ആവര്‍ത്തിച്ചു.

നാമിന്റെ കൊല ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ അസ്വാരസ്യത്തിന് വഴി തുറന്നിരുന്നു. ഉത്തര കൊറിയന്‍ ഭരണാധികാരിയുടെ പിന്‍ഗാമിയാകാന്‍ സാധ്യത കണ്ടാണ് മലേഷ്യയില്‍ കൊല നടത്തിയതെന്നും അതല്ല, മറ്റു വല്ലതുമാകാം കാരണമെന്നും പറയുന്നുണ്ട്. യഥാര്‍ഥ കാരണം ഇനിയും സ്ഥിരീകരിക്കാനായിട്ടില്ല. ഉത്തര കൊറിയന്‍ എകാധാപതി കിം ജോങ് ഉന്നാണ് നാമിന്റെ കൊലപാതകം ആസൂത്രണം ചെയ്ത് നടപ്പിലാക്കിയതെന്നാണ് ദക്ഷിണ കൊറിയന്‍ രഹസ്യാന്വേഷണ എജന്‍സിയുടെ ആരോപണം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.