സ്വന്തം ലേഖകന്‍: ഉത്തര കൊറിയയില്‍ തരംഗമായി ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് മൂണ്‍ ജെ ഇന്‍; പിന്നാലെ ഉത്തര കൊറിയന്‍ സന്ദര്‍ശനത്തിന് കിം ജോംഗ് ഉന്നിന്റെ ക്ഷണവും. ഒന്നാ പേജില്‍ മൂണിന്റെ നാലു ചിത്രങ്ങള്‍ ഉള്‍ക്കൊള്ളിച്ചാണ് വര്‍ക്കേഴ്‌സ് പാര്‍ട്ടിയുടെ മുഖപത്രമായ റൊഡോങ് സിന്‍മണ്‍ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയത്. അപൂര്‍വമായി മാത്രമേ ദക്ഷിണ കൊറിയന്‍ പ്രസിഡന്റുമാര്‍ ഉത്തര കൊറിയക്ക് വാര്‍ത്തയാകാറുള്ളൂ.
മുഖപേജിലെ മുഖ്യ വാര്‍ത്ത കിം ജോങ് ഉന്നിനായി മാറ്റിവെച്ചിരുന്നു. ശീതകാല ഒളിമ്പിക്‌സിനായി ദക്ഷിണ കൊറിയയിലേക്ക് പോകുന്ന പ്രതിനിധി സംഘത്തിന്റെ ഏഴു ചിത്രങ്ങളും നല്‍കി. കിം ജോങ് ഉന്നിന്റെ സഹോദരി കിം യോ ജോങ്ങുമായും ഉത്തര കൊറിയന്‍ പ്രതിനിധിസംഘത്തലവന്‍ കിം യോങ് നാമുമായും മൂണ്‍ കൂടിക്കാഴ്ച നടത്തുന്നതിന്റെ പടങ്ങളും നല്‍കി. അതില്‍ നാലിലും മൂണ്‍ ആയിരുന്നു താരം.
കൂടാതെ മൂണ്‍ ജേ ഇന്നിനെ ഉത്തര കൊറിയ സന്ദര്‍ശിക്കാന്‍ ഉത്തരകൊറിയന്‍ ഏകാധിപതി കിം ജോംഗ് ഉന്‍ ക്ഷണിക്കുകയും ചെയ്തു. മൂണുമായി കൂടിക്കാഴ്ച നടത്തിയ കിമ്മിന്റെ സഹോദരി കിം യോ ജോംഗ് സഹോദരന്‍ കൊടുത്തുവിട്ട ക്ഷണക്കത്ത് കൈമാറി.ഉത്തരകൊറിയന്‍ തലസ്ഥാനമായ പ്യോംഗ്യാംഗില്‍ ഉച്ചകോടിക്കായിട്ടാണ് മൂണിനെ കിം ക്ഷണിച്ചിരിക്കുന്നത്. എത്രയും വേഗം മൂണുമായി കൂടിക്കാഴ്ച നത്തുന്നതിന് കിം ആഗ്രഹിക്കുന്നതായി യോ ജോംഗ് അറിയിച്ചു.
ഉത്തര കൊറിയ ഒരിക്കലും ദക്ഷിണ കൊറിയന്‍ പ്രസിഡന്റിനെ ഔദ്യോഗിക നാമത്തില്‍ രേഖപ്പെടുത്താറില്ല. ഉത്തര കൊറിയയുടെ ഔദ്യോഗിക വാര്‍ത്ത ഏജന്‍സിയായ കൊറിയന്‍ സെന്‍ട്രല്‍ ന്യൂസ് ഏജന്‍സിയും മൂണിനെ പ്രസിഡന്റ് എന്നാണ് വിശേഷിപ്പിച്ചത്. അതേസമയം, മൂണിനരികെ യു.എസ് വൈസ് പ്രസിഡന്റ് മൈക് പെന്‍സ് ഇരിക്കുന്നുണ്ടെങ്കിലും പെന്‍സിനെ കണ്ടതായി നടിച്ചില്ല ഉത്തര കൊറിയന്‍ മാധ്യമങ്ങള്‍.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല