ഉത്തരകൊറിയന്‍ നേതാവ് കിം ജോംഗ് ഉന്‍ കൊല്ലപ്പെട്ടതായി കിംവദന്തികള്‍ പ്രചരിക്കുന്നു. പിതാവ് കിം ജോംഗ് ഇല്‍ മരിച്ചതിനേത്തുടര്‍ന്നു നേതാവായി തെരഞ്ഞെടുക്കപ്പെട്ടതിനുശേഷം ചൈനീസ് സന്ദര്‍ശനത്തിനിടെ ബെയ്ജിംഗിലെ ഉത്തരകൊറിയന്‍ എംബസിയില്‍വച്ചു കിം ജോംഗ് ഉന്‍ കൊല്ലപ്പെട്ടതായാണു സോഷ്യല്‍നെറ്റ്വര്‍ക്കിംഗ് സൈറ്റായ ട്വിറ്ററിലും ചൈനീസ് സൈറ്റായ വെയ്ബോയിലും വാര്‍ത്തകള്‍ പ്രചരിക്കുന്നത്. എന്നാല്‍, ഇതു സംബന്ധിച്ചു വിവരമൊന്നും കിട്ടിയിട്ടില്ലെന്ന് അമേരിക്കയുടെ രഹസ്യാന്വേഷണ വൃത്തങ്ങള്‍ വ്യക്തമാക്കി.
സൈനികഅട്ടിമറിയിലാണു കൊല്ലപ്പെട്ടതെന്നു വാര്‍ത്തയില്‍ പറയുന്നു. ഒരാഴ്ചയായി ഇത്തരത്തിലുള്ള വാര്‍ത്ത പ്രചരിക്കുന്നുണ്ടെന്നും ഇതു വിശ്വസിക്കാന്‍ തക്ക തെളിവുകളില്ലെന്നും അമേരിക്കന്‍ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. ചൈനയിലെ ഔദ്യോഗിക മാധ്യമങ്ങളും ഇത്തരത്തിലുള്ള വാര്‍ത്ത നിഷേധിച്ചിട്ടുണ്ട്. കഴിഞ്ഞ ഡിസംബറിലാണ് ഉത്തരകൊറിയന്‍ ഏകാധിപതിയായിരുന്ന കിംഗ് ജോംഗ് ഇല്‍ ഹൃദയാഘാതംമൂലം മരിച്ചത്. തുടര്‍ന്നു പരമോന്നത നേതാവായി 20കാരനായ മകന്‍ കിംഗ് ജോംഗ് ഉനിനെ പ്രഖ്യാപിക്കുകയായിരുന്നു.
പ്രായക്കുറവും അനുഭവ പരിജ്ഞാനവുമില്ലാത്ത കിംഗ് ജോംഗ് ഉന്നിന്റെ നേതൃത്വത്തെ ചൊല്ലി സൈന്യത്തില്‍ തുടക്കംമുതല്‍ അതൃപ്തി പുകയുന്നുണ്ടായിരുന്നുവെന്നു റിപ്പോര്‍ട്ടുകളുണ്ട്. ചൈനയുടെ ഔദ്യോഗിക മാധ്യമമോ ദക്ഷിണ കൊറിയയോ ഇതേക്കുറിച്ചു പ്രതികരിച്ചിട്ടില്ല. ഉത്തര കൊറിയയെപ്പോലെ ഒരു അടഞ്ഞ സമൂഹത്തില്‍നിന്ന് ഇത്തരം വിവരങ്ങള്‍ എളുപ്പം പുറത്തുവരില്ല എന്നതാണ് വാസ്തവം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല