സ്വന്തം ലേഖകന്‍: ആണവ പരീക്ഷണങ്ങളുടെ കാര്യത്തില്‍ കിം വാക്കു പാലിക്കുമോ എന്താണ് ഉത്തര കൊറിയയില്‍ സംഭവിക്കുന്നതെന്ന് ഉറ്റുനോക്കി ലോകം. ആണവായുധ പരീക്ഷണങ്ങള്‍ അവസാനിപ്പിക്കുമെന്ന ഉത്തര കൊറിയയുടെ പ്രഖ്യാപനത്തിന് എത്രകാലം ആയുസുണ്ടാകുമെന്ന ആശങ്കയിലാണ് ലോക നേതാക്കള്‍. 1994 ല്‍ അന്നത്തെ യു.എസ് പ്രസിഡന്റായിരുന്ന ബില്‍ ക്ലിന്റന്‍ ഉത്തര കൊറിയയുമായി ഉണ്ടാക്കിയ ആണവ കരാറിന് മാസങ്ങള്‍ മാത്രമേ ആയുസ്സുണ്ടായിരുന്നുള്ളൂ.
കരാറില്‍നിന്ന് പിന്മാറുമെന്ന് ഭീഷണിമുഴക്കിയ ഉത്തര കൊറിയ ആണവായുധങ്ങളുടെ ശേഖരം വര്‍ധിപ്പിക്കുകയും ചെയ്തു. ധാരണപ്രകാരം രണ്ട് ആണവ നിലയങ്ങളുടെ നിര്‍മാണം നിര്‍ത്തിവെക്കുമെന്നായിരുന്നു ഉത്തര കൊറിയ ഉറപ്പുനല്‍കിയത്. അതിനു പകരമായി യു.എസ് രണ്ട് ആണവ റിയാക്ടറുകള്‍ നല്‍കുകയും ചെയ്തു. വൈദ്യുതി ഉല്‍പാദിപ്പിക്കുന്നതിനു വേണ്ടിയായിരുന്നു ഇത്. കൂടാതെ വര്‍ഷംതോറും അഞ്ചുലക്ഷം ടണ്‍ എണ്ണ നല്‍കാനും കരാറായി.
എന്നാല്‍ യു.എസ് എണ്ണ നല്‍കിയില്ലെന്നും വാഗ്ദാനം ചെയ്ത റിയാക്ടറുകളുടെ നിര്‍മാണം തുടങ്ങിയില്ലെന്നും ഉത്തര കൊറിയ ആരോപിച്ചു. ഉത്തര കൊറിയ രഹസ്യമായി യുറേനിയം സമ്പുഷ്ടീകരണം നടത്തുന്നുവെന്ന് യു.എസ് കണ്ടെത്തിയതോടെ ഇരുകൂട്ടരും തമ്മില്‍ പൂര്‍ണമായി അകന്നു. 1998 ല്‍ ഉത്തര കൊറിയ ജപ്പാനു നേരെ രണ്ട് റോക്കറ്റുകള്‍ തൊടുത്തതോടെ കാര്യങ്ങള്‍ കൂടുതല്‍ വഷളാകുകയും ചെയ്തു. എണ്ണ ലഭിക്കുന്നത് പൂര്‍ണമായി നിലച്ചതോടെ ഉത്തര കൊറിയ ആണവ റിയാക്ടറുകളുടെ നിര്‍മാണം പുനരാരംഭിക്കുകയും ചെയ്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല