സ്വന്തം ലേഖകന്‍: നമ്മുടെ രണ്ടു പേര്‍ക്കു പകരം അവരുടെ 11,000 പേരെ കശാപ്പു ചെയ്തല്ലോ, ട്രംപിന്റെ മുസ്ലീം വിലക്കിനെ ട്വിറ്ററില്‍ പരിഹസിച്ച് മോഡല്‍ കിം കര്‍ദാഷിയാന്‍. ലോക പ്രശസ്ത മോഡലും ടെലിവിഷനിലെ വിവാദ നായികയുമായ കിം കര്‍ദാഷിയാന്‍ ഡൊണാള്‍ഡ് ട്രംപിന്റെ മുസ്ലീം വിലക്കിന്റെ ഇരയായതിലുള്ള പ്രതിഷേധം പങ്കുവക്കുകയായിരുന്നു ട്വീറ്റില്‍.
നമ്മളുടെ രണ്ടു പേര്‍ക്ക് പകരം നമ്മള്‍ അവരുടെ 11,000 പേരെ കൊന്നുവെന്ന് ട്രംപിനെ ഓര്‍മ്മപ്പെടുത്തിയാണ് കര്‍ദാഷിയാന്‍ പരിഹസിച്ചത്. മുസ്ലീങ്ങള്‍ക്ക് ട്രംപ് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ യാത്രാ വിലക്കിന്റെ ഭാഗമായി ലോസ് ഏഞ്ചല്‍സ് വിമാനത്താവളത്തില്‍ കിമ്മിന്റെ സ്വകാര്യ വിമാനവും ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥരുടെ പരിശോധനക്ക് വിധേയമായിരുന്നു. ഇതേ തുടര്‍ന്നാണ് കിമ്മിന്റെ പരിഹാസം.
കോസ്റ്റാറിക്കയിലെ നാലു ദിന സന്ദര്‍ശനം പൂര്‍ത്തിയാക്കി മടങ്ങിയെത്തിയപ്പോഴാണ് കിമ്മിന്റെ വിമാനം കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പിടികൂടിയത്. മുസ്ലീം ഭൂരിപക്ഷമുള്ള ഏഴ് രാജ്യങ്ങളിലെ യാത്രക്കാര്‍ക്ക് അമേരിക്ക നിരോധനം ഏര്‍പ്പെടുത്തിയതിന് തൊട്ടു പിന്നാലെയാണ് കിമ്മിന്റെ വിമാനവും അധികൃതര്‍ പിടിച്ചിട്ടത്. കിമ്മിനെയും കുടുംബത്തെയും ചോദ്യം ചെയ്യുകയുമുണ്ടായി.
തൊട്ടുപിന്നാലെയാണ് ജിഹാദി കുടിയേറ്റക്കാര്‍ക്ക് ഇരയായി കൊല്ലപ്പെട്ട അമേരിക്കക്കാരുടെ എണ്ണം പരിഹസിച്ച് കിം ട്വീറ്റിട്ടത്. സെപ്തംബര്‍ 9/11 ആക്രമണത്തിന് ശേഷം പത്തു വര്‍ഷത്തിനിടയില്‍ കേവലം രണ്ടു അമേരിക്കക്കാരാണ് ഇസ്ലാമിക ജിഹാദികളാല്‍ അമേരിക്കയില്‍ മരണമടഞ്ഞതെന്നും മറുവശത്ത് അമേരിക്ക നടത്തുന്ന സായുധ പോരാട്ടത്തില്‍ മദ്ധ്യേഷ്യയില്‍ 11,000 പേര്‍ മരണമടഞ്ഞെന്നും കണക്കുകള്‍ നിരത്തിയായിരുന്നു കിമ്മിന്റെ ട്വീറ്റ്.
പുതിയ വിസാ നിയമപ്രകാരം പട്ടികയിലെ ഏഴു രാജ്യങ്ങളില്‍ നിന്നുള്ള കുടിയേറ്റക്കാരെ 120 ദിവസത്തേക്കോ അടുത്ത മൂന്നു മാസത്തേക്കോ യുഎസില്‍ പ്രവേശിക്കുന്നതില്‍ നിന്ന് വിലക്കിയിട്ടുണ്ട്. നിരോധനം വിവിധ വിമാനത്താവളങ്ങളിലും വിവിധ രാജ്യങ്ങളിലും വന്‍ പ്രതിഷേധമാണ് വിളിച്ചു വരുത്തുന്നത്.
കിം സന്ദര്‍ശനത്തിന് പോയ കോസ്റ്റാറിക്ക അമേരിക്കയുടെ നിരോധന രാജ്യങ്ങളുടെ പട്ടികയില്‍ ഇല്ലെങ്കിലും ഇവിടുത്തുകാര്‍ക്കും അമേരിക്കയില്‍ കുടിയേറുന്നതിന് നിയന്ത്രണമുണ്ട്. സഹോദരി കോര്‍ട്‌നി, അനുജത്തി ഖോള്‍ എന്നിവരും കിമ്മിനൊപ്പം ഉണ്ടായിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല