സ്വന്തം ലേഖകന്‍: ‘അന്ന് ബലാത്സംഗം ചെയ്യപ്പെട്ടെന്ന് ഞാന്‍ ഉറപ്പിച്ചു,’ പാരീസിലെ ഒരു ഞെട്ടിക്കുന്ന അനുഭവം വിവരിച്ച് കിം കര്‍ദാഷിയാന്‍. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ മാസം പാരീസില്‍ വച്ചുണ്ടായ ദുരനുഭവത്തേക്കുറിച്ച് ‘കീപ്പിങ് അപ് വിത്ത് ദി കര്‍ദാഷ്യന്‍സ്’ എന്ന ടി.വി. പരിപാടിയില്‍ പങ്കെടുക്കുമ്പോഴാണ് ഹോളിവുഡ് നടിയും മോഡലുമായ കിം കാര്‍ദഷിയാന്‍ മനസു തുറുന്നത്. പാരീസിലെ ഫ്‌ലാറ്റില്‍ വച്ചാണ് കിം കൊള്ളയടിക്കപ്പെട്ടത്. അറുപത്തിയഞ്ച് കോടി രൂപയിലേറെ വില വരുന്ന ആഭരണങ്ങളാണ് അന്ന് കിം കാര്‍ദഷിയാന് നഷ്ടപ്പെട്ടത്.
സ്‌നാപ് ചാറ്റില്‍ ചാറ്റ് ചെയ്ത സമയത്ത് താന്‍ മാത്രമാണ് മുറിയില്‍ ഉള്ളതെന്നും ബാക്കിയുള്ളവര്‍ പുറത്തേക്ക് പോകുകയാണെന്നും കിം പറഞ്ഞിരുന്നു. അക്രമികള്‍ക്ക് ആദ്യ അബദ്ധം പിണയുന്നത് അതാവാം. ബോഡിഗാര്‍ഡ് സഹോദരിയുടെ കൂടെ പുറത്തുപോയെന്നും അവര്‍ മനസിലാക്കിയിരുന്നുവെന്നും കിം കാര്‍ദഷിയാന്‍ പറയുന്നു.
‘ബെഡ്ഡില്‍ കിടന്നിരുന്ന എന്റെ കാലുകളില്‍ പിടിച്ച് അവരിലൊരാള്‍ വലിച്ചപ്പോള്‍ ഞാന്‍ കൂടുതല്‍ പേടിച്ചു. ബലാത്സംഗം ചെയ്യപ്പെടുമെന്നും കൊല്ലപ്പെടുമെന്നും ഞാന്‍ ഉറപ്പിച്ചു. വരാനിരിക്കുന്നതിനെ നേരിടാന്‍ ഞാന്‍ മാനസികമായി തയ്യാറാകാന്‍ ശ്രമിച്ചു. അയാളെന്റെ കാലുകള്‍ ടേപ്പ് ഉപയോഗിച്ച് ബന്ധിച്ചശേഷം തലയ്ക്കുനേരെ തോക്കുചൂണ്ടി. ഞാന്‍ മരിക്കാന്‍ പോകുന്നുവെന്ന് ഉറപ്പിച്ച നിമിഷങ്ങളായിരുന്നു അവ’ കിം പറഞ്ഞു.
‘അവര്‍ എന്നെ വലിച്ചിഴച്ച് എലിവേറ്ററിന് സമീപം കൊണ്ടുവന്നു. അപ്പോഴാണ് ഞാന്‍ തോക്ക് വ്യക്തമായി കണ്ടത്. എന്നെ അവര്‍ ഉടനെ കൊല്ലുമെന്ന് ഞാന്‍ കരുതി. കുതറിയോടിയാലും ഞാന്‍ രക്ഷപ്പെടില്ല എന്നെനിക്കറിയാമായിരുന്നു. പക്ഷേ അപ്പോഴേക്കും എന്റെ ആഭരണങ്ങള്‍ അവര്‍ക്ക് കിട്ടിയിരുന്നു. അതാവാം അവര്‍ എന്നെ കുളിമുറിയില്‍ തള്ളിയിട്ട് ആഭരണങ്ങളുമായി രക്ഷപ്പെട്ടത്’ കിം മനസുതുറന്നു.
യഥാര്‍ത്ഥ പോലീസുകാര്‍ വരുമ്പോള്‍ താന്‍ ബാല്‍ക്കണിയിലെ ചെടികള്‍ക്കിടയില്‍ ഒളിച്ചിരിക്കുകയായിരുന്നു. അക്രമികളും വന്നത് ഇതേ വേഷത്തിലായിരുന്നതിനാല്‍ ആരെ വിശ്വസിക്കണം എന്നറിയാതെ താന്‍ വല്ലാത്തൊരു മാനസികാവസ്ഥയില്‍ ആയിരുന്നെന്നും കിം വിശദീകരിക്കുന്നു. നേരം വെളുക്കുന്നതിനുമുമ്പേ ജീവനുംകൊണ്ട് പാരീസില്‍നിന്ന് രക്ഷപ്പെട്ടെന്നും പറഞ്ഞാണ് കിം സംഭാഷണം അവസാനിപ്പിക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല