1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 19, 2024

സ്വന്തം ലേഖകൻ: യുക്രെയ്‌നില്‍ റഷ്യ നടത്തുന്ന അധിനിവേശത്തെ പൂര്‍ണമായി പിന്തുണച്ച് ഉത്തര കൊറിയ. 24 വര്‍ഷത്തിനു ശേഷം ഉത്തര കൊറിയ സന്ദര്‍ശിക്കുന്ന റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമര്‍ പുടിനുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഉത്തരകൊറിയന്‍ തലവന്‍ കിം ജോങ് ഉന്‍ പിന്തുണ അറിയിച്ചത്. ഉത്തര കൊറിയ നല്‍കുന്ന പിന്തുണയ്ക്ക് പുടിന്‍ ഉന്നിനോട് നന്ദിയും അറിയിച്ചു.

ഇരുരാജ്യങ്ങളും സൗഹൃദത്തിന്റെ പുതിയ തലത്തിലാണെന്നും റഷ്യയുമായുള്ള തന്ത്രപരമായ സഹകരണം കൂടുതല്‍ വിപുലപ്പെടുത്തുമെന്നും കൂടിക്കാഴ്ചയ്ക്കു ശേഷം ഉന്‍ പ്രതികരിച്ചതായി റഷ്യന്‍ വാര്‍ത്താ ഏജന്‍സി ഇന്റര്‍ഫാക്‌സ് റിപ്പോര്‍ട്ട് ചെയ്തു. റഷ്യന്‍, ഉത്തരകൊറിയന്‍ സംഘ കൂടിക്കാഴ്ചയ്ക്കു ശേഷം പുടിനും ഉന്നും ഒറ്റയ്ക്കും ചര്‍ച്ച നടത്തി. പതിറ്റാണ്ടുകളായി അടിച്ചേല്‍പ്പിക്കപ്പെട്ട യുഎസ് സാമ്രാജ്യത്വ നയങ്ങള്‍ക്കെതിരേ റഷ്യ പോരാടുകയാണെന്ന് പുടിന്‍ കിമ്മിനോട് പറഞ്ഞു. ഇരുരാജ്യങ്ങളും തമ്മിലുള്ള തുടര്‍ചര്‍ച്ചകള്‍ മോസ്‌കോയില്‍ നടക്കുമെന്നും പുടിന്‍ വ്യക്തമാക്കിയിട്ടുണ്ട്.

റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന് ഊഷ്മളമായ സ്വീകരണമാണ് ഉത്തര കൊറിയ ഒരുക്കിയിരുന്നത്. ബുധനാഴ്ച പ്യോങ്യാങ്ങിലെ വിമാനത്താവളത്തില്‍ എത്തിയ പുടിനെ ഉത്തര കൊറിയന്‍ നേതാവ് കിം ജോങ് ഉന്‍ നേരിട്ടെത്തി സ്വീകരിച്ചു. സൈന്യത്തിന്റെ ഗാര്‍ഡ് ഓഫ് ഹോണര്‍ നല്‍കിയാണ് കിം ജോങ് ഉന്‍ പുടിനെ സ്വീകരിച്ചത്. തുടര്‍ന്ന് റെഡ് കാര്‍പ്പറ്റ് സ്വീകരണവും പുടിനായി ഒരുക്കി. കുട്ടികളടക്കം ആയിരങ്ങള്‍ അണിനിരന്ന സ്വീകരണപരിപാടിയില്‍ ഇരുരാജ്യങ്ങളുടേയും ദേശീയ ഗാനവും മുഴങ്ങി.

യുക്രെയ്നെതിരായ ആക്രമണത്തില്‍ റഷ്യ ഉത്തര കൊറിയന്‍ ആയുധങ്ങള്‍ ഉപയോഗിച്ചതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. നിരവധി കണ്ടെയ്നര്‍ ആയുധങ്ങളും സൈനിക ഉപകരണങ്ങളും ഉത്തര കൊറിയ റഷ്യയിലേക്ക് അയച്ചിട്ടുണ്ട് എന്നാണ് ദക്ഷിണ കൊറിയന്‍ പ്രതിരോധ മന്ത്രി ഷിന്‍ വോണ്‍ സിക് വെളിപ്പെടുത്തിയത്. ഇതിന് പകരമായി റഷ്യ ഭക്ഷണവും സാമ്പത്തിക സഹായവും ഉത്തര കൊറിയയ്ക്ക് നല്‍കുന്നുണ്ടെന്നും വിവിധ വാര്‍ത്ത ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

മിസൈല്‍ നിര്‍മ്മാണത്തിലും ചാര സാറ്റ്‌ലൈറ്റുകളുടെ നിര്‍മാണത്തിലുമുള്ള സാങ്കേതിക വിദ്യാ സഹായമാണ് റഷ്യയില്‍ നിന്ന് ഉത്തര കൊറിയ പ്രതീക്ഷിക്കുന്നത്. അതേസമയം, ആണവശക്തികളായ ഇരുരാജ്യങ്ങളുടേയും തലവന്‍മാരുടെ കൂടിക്കാഴ്ചയെ മറ്റു ലോകരാജ്യങ്ങള്‍ ആശങ്കയോടെയാണ് നോക്കി കാണുന്നത്. മറ്റു രാജ്യങ്ങളുമായി കൂടുതൽ അടുപ്പം സൂക്ഷിക്കാത്ത ഇരുരാജ്യങ്ങളും ആയുധകൈമാറ്റവും മിസൈൽ സാങ്കേതികവിദ്യയുടെ കൈമാറ്റവും അടക്കം ചർച്ചയാകുന്നത് കൂടുതൽ ആശങ്കയ്ക്ക് വകനൽകുന്നതെന്നാണ് വിദേശകാര്യ വിദഗ്ധരുടെ വിലയിരുത്തൽ.

റഷ്യൻ പ്രതിരോധ മന്ത്രി ആൻഡ്രി ബെലോസൊവിനും വിദേശകാര്യ മന്ത്രി സെർജി ലാവ്‌റൊവിനും ഉപപ്രധാനമന്ത്രി അലക്സാണ്ടർ നോവാക്കിനുമൊപ്പമാണ് പുടിൻ ഉത്തര കൊറിയ സന്ദർശിക്കുന്നത്. കോവിഡിനു ശേഷം ഉത്തരകൊറിയ സന്ദർശിക്കുന്ന ആദ്യ ലോകനേതാവ് കൂടിയാണ് പുടിൻ. 2023ൽ കിം ജോങ് ഉൻ റഷ്യ സന്ദർശിച്ചിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.