സ്വന്തം ലേഖകൻ: ചാൾസ് രാജാവിന് കാൻസർ സ്ഥിരീകരിച്ചു. ബക്കിങ്ഹാം കൊട്ടാരം പുറത്തുവിട്ട പ്രസ്താവനയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ചികിത്സ സംബന്ധിച്ച് ചാൾസ് രാജാവ് പൊതുപരിപാടികൾ മാറ്റിവെക്കുകയാണെന്നും പ്രസ്താവനയിലുണ്ട്.
പ്രോസ്റ്റേറ്റ് വീക്കവുമായി ബന്ധപ്പെട്ട് കഴിഞ്ഞമാസം എഴുപത്തിയഞ്ചുകാരനായ ചാൾസ് രാജാവ് ചികിത്സ തേടിയിരുന്നു. തുടർന്നുനടത്തിയ പരിശോധനയിലാണ് കാൻസർ സ്ഥിരീകരിച്ചത്. ചികിത്സയുടെ ഭാഗമായി പൊതുപരിപാടികൾ നീട്ടിവെക്കുന്നുണ്ടെങ്കിലും ഔദ്യോഗിക പേപ്പർ വർക്കുകൾ തുടരുമെന്നും പ്രസ്താവനയിലുണ്ട്.
ചികിത്സയെ ശുഭാപ്തി വിശ്വാസത്തോടെയാണ് അദ്ദേഹം നേരിടുന്നതെന്നും വൈകാതെ പൊതുപരിപാടികളിലേക്ക് തിരിച്ചുവരുമെന്നും പ്രസ്താവനയിൽ പറയുന്നു. ഊഹാപോഹങ്ങൾ ഇല്ലാതാക്കുന്നതിനും കാൻസർ സംബന്ധിച്ച് അവബോധം പകരുന്നതിനുമാണ് രോഗസ്ഥിരീകരണം പങ്കുവെക്കാൻ ചാൾസ് രാജാവ് തീരുമാനിച്ചതെന്നും വ്യക്തമാക്കുന്നുണ്ട്.
എന്തുതരം കാൻസറാണ് ചാൾസ് രാജാവിനെ ബാധിച്ചതെന്ന കാര്യത്തിൽ കൊട്ടാരം കൃത്യമായ വിവരം പുറത്തുവിട്ടിട്ടില്ല. കൂടുതൽ വിവരങ്ങൾ ഈ ഘട്ടത്തിൽ പങ്കുവെക്കുന്നില്ലെന്നും എന്നാൽ പ്രോസ്റ്റേറ്റ് കാൻസറല്ലെന്നും ഔദ്യോഗികവൃത്തങ്ങൾ വ്യക്തമാക്കി.
ചാൾസ് രാജാവിന് രോഗമുക്തി നേർന്ന് ബ്രിട്ടൻ പ്രധാനമന്ത്രി റിഷി സുനക് ട്വീറ്റ് ചെയ്തിട്ടുണ്ട്. വേഗത്തിൽ സുഖം പ്രാപിക്കട്ടേയെന്നും വൈകാതെ ശക്തമായി ജീവിതത്തിലേക്ക് തിരിച്ചുവരുമെന്ന കാര്യത്തിൽ സംശയമില്ലെന്നും റിഷി സുനക് ട്വീറ്റ് ചെയ്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല