സ്വന്തം ലേഖകന്‍: സംസ്ഥാനത്ത് ഓണ്‍ലൈന്‍ പെണ്‍വാണിഭ വേട്ട, ചുംബന സമരനായകന്‍ രാഹുല്‍ പശുപാലനും ഭാര്യ രശ്മിയും പിടിയില്‍.
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ അടക്കം ഉപയോഗിച്ച് ലൈംഗിക വ്യാപാരം നടത്തിവന്ന സംഘമാണ് സംസ്ഥാന വ്യാപകമായി ചൊവ്വാഴ്ച രാത്രി നടന്ന റെയ്ഡില്‍ കുടുങ്ങിയത്.
പെണ്‍വാണിഭ സംഘത്തിലെ 15 പേര്‍ പിടിയിലായതായാണ് സൂചന. പ്രധാന ഏജന്റും കാസര്‍കോട് സ്വദേശിയുമായ അക്ബര്‍, ചുംബന സമരത്തിന്റെ സംഘാടകരും ദമ്പതികളുമായ രാഹുല്‍ പശുപാലനും രശ്മി ആര്‍. നായരും എന്നിവരാണ് പിടിയിലായവരില്‍ പ്രമുഖര്‍. ഓപ്പറേഷന്‍ ബിഗ് ഡാഡി എന്ന പേരില്‍ പാലക്കാട്, തൃശൂര്‍, മലപ്പുറം, എറണാകുളം ജില്ലകളില്‍ ക്രൈംബ്രാഞ്ച് നടത്തിയ റെയ്ഡിലാണ് ഓണ്‍ലൈന്‍ പെണ്‍വാണിഭ മാഫിയയെ കുടുക്കിയത്.
കുട്ടികളുടെ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്ത് അവയെക്കുറിച്ച് ലൈംഗിക പരാമര്‍ശം നടത്തുന്ന പോസ്റ്റുകള്‍ പ്രചരിപ്പിച്ച കൊച്ചുസുന്ദരികള്‍ എന്ന ഫേസ്ബുക് പേജ് ഏറെകാലമായി സൈബര്‍ പൊലീസിന്റെ നിരീക്ഷണത്തിലായിരുന്നു. വിശദമായ അന്വേഷണത്തില്‍ ഈ ഗ്രൂപ്പ് സജീവമായവര്‍ ഓണ്‍ലൈന്‍ പെണ്‍വാണിഭം നടത്തുന്നതായി കണ്ടെത്തി. ഇടപാടുകാരെന്ന വ്യാജേനെ പൊലീസ് നടത്തിയ നീക്കമാണ് സംഘത്തെ കുടുക്കിയത്. പിടിയിലായവരില്‍ മൂന്ന് അന്യ സംസ്ഥാന യുവതികളും ഉണ്ട്.
ഫേസ്ബുക്ക് വഴി കൊച്ചു പെണ്‍കുട്ടികളെ വ്യക്തിഹത്യ ചെയ്ത കുറ്റത്തിനും പിടിയിലായവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കൊച്ചിയില്‍ രണ്ട് സ്ത്രീകളുമായി എത്തിയ പെണ്‍വാണിഭ മാഫിയ, പിടികൂടാനെത്തിയ പൊലീസ് സംഘത്തെ കാറിടിപ്പിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചെന്നും പരാതിയുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല