സ്വന്തം ലേഖകന്‍: ബാര്‍ കോഴ ആരോപണത്തില്‍ പെട്ട് നട്ടം തിരിയുന്ന ധനമന്ത്രി കെഎം മാണിക്ക് ഇപ്പോള്‍ ആവശ്യം വിശ്രമം ആണെന്ന് ഫേസ്ബുക്കില്‍ പോസ്റ്റിട്ട കെപിസിസി വക്താവ് പന്തളം സുധാകരന് പോസ്റ്റ് പിന്‍വലിച്ചു.
സംഭവം യുഡിഎഫില്‍ ചൂടന്‍ ചര്‍ച്ചയാകുകയും മാധ്യമങ്ങളില്‍ വിവാദമാകുകയും ചെയ്തതോടെയാണ് പന്തളം പോസ്റ്റ് പിന്‍വലിച്ചത്. ഒപ്പം പോസ്റ്റ് മാണിക്ക് വിഷമം ഉണ്ടാക്കിയെങ്കില്‍ ക്ഷമ ചോദിക്കുന്നതായും അദ്ദേഹം അറിയിച്ചു.
പോസ്റ്റിലെ അഭിപ്രായം വ്യക്തിപരമാണ്. മാണിക്ക് അത് വിഷമം ഉണ്ടാക്കിയെങ്കില്‍ പോസ്റ്റ് പിന്‍വലിക്കുകയാണെന്ന് പന്തളം മാധ്യമങ്ങളോട് സംസാരിക്കവെ വ്യക്തമാക്കി.
നേരത്തെ പന്തളത്തിന്റെ ഫേസ്ബുക്ക് പോസ്റ്റിനെ വിമര്‍ശിച്ച് കേരളാ കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തെത്തിയിരുന്നു. അതിനു തൊട്ടുപുറകെ ബാര്‍ കോഴക്കേസിനെ സംബന്ധിച്ച് യുഡിഎഫില്‍ ഗൂഡാലോചന നടക്കുന്നതായി മാണി ആരോപിക്കുകയും ചെയ്തു. തുടര്‍ന്ന് പോസ്റ്റ് പിന്‍വലിക്കാന്‍ പന്തളത്തിനു മേല്‍ സമ്മര്‍ദ്ദം ശക്തമായിരുന്നു.
കഴിഞ്ഞ കുറച്ചു ദിവസങ്ങള്‍ മാണി സാറിന് കഠിന പരീക്ഷണമായിരുന്നു എന്നും അദ്ദേഹത്തിന് ഇപ്പോള്‍ ആവശ്യം വിശ്രമമാണെന്നും പന്തളം പോസ്റ്റില്‍ പറഞ്ഞിരുന്നു. ചികിത്സക്കോ മറ്റോ ഈ അവസരം ഉപയോഗിക്കാവുന്നതാണ്. മാണിയില്‍ നിന്ന് ധനവകുപ്പ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഏറ്റെടുക്കണമെന്നും പന്തളം പോസ്റ്റില്‍ ആവശ്യപ്പെട്ടിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല