സ്വന്തം ലേഖകന്‍: കെഎം മാണിക്ക് മാതൃകയാവാന്‍ പിസി ജോര്‍ജിന്റെ രാജി പ്രഖ്യാപനം, ഒപ്പം ഉമ്മന്‍ ചാണ്ടി രാജി വക്കണമെന്ന് ആവശ്യവും. രാജി വിവാദം കൊടുമ്പിരി കൊണ്ടിരിക്കുന്ന അവസരത്തില്‍ പിസി ജോര്‍ജ്ജ് തന്റെ എംഎല്‍എ സ്ഥാനം രാജി വക്കുകയാണെന്ന് പ്രഖ്യാപിച്ചത് കെഎം മാണിക്ക് കനത്ത ആഘാതമായി.
കെഎം മാണിയ്ക്ക് ഒരു മാതൃകയാകാന്‍ വേണ്ടിയാണ് താനിപ്പോള്‍ രാജി പ്രഖ്യാപനം നടത്തുന്നത് എന്നാണ് പിസി ജോര്‍ജ്ജ് പറഞ്ഞത്. നവംബര്‍ 12 ന് രാവിലെ തന്നെ നിയമസഭ സ്പീക്കര്‍ക്ക് രാജിക്കത്ത് കൈമാറുമെന്നും പിസി ജോര്‍ജ്ജ് അറിയിച്ചു.
കെഎം മാണി മാത്രം രാജിവച്ചാല്‍ പോരെന്നാണ് ജോര്‍ജ്ജിന്റെ വാദം. അഴിമതിയ്ക്ക് കൂട്ടുനിന്ന മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും രാജിവയ്ക്കണം എന്നും ജോര്‍ജ്ജ് ആവശ്യപ്പെട്ടു. കോടതിയുടെ ‘മനസാക്ഷി’ പരാമര്‍ശത്തോടെ പ്രതിരോധത്തിലായ കെഎം മാണിയുടെ രാജിക്കായി കേരളം മുഴുവന്‍ ഉറ്റുനോക്കുമ്പോളുള്ള ജോര്‍ജിന്റെ രാജി രാഷ്ട്രീയ മുതലെടുപ്പാണെന്നും വാദമുയര്‍ന്നിട്ടുണ്ട്.
എന്നും മാണിയെ വെട്ടിലാക്കിയിട്ടുള്ള നേതാവാണ് പിസി ജോര്‍ജ്. മാണിയെ ജോര്‍ജ്ജിന്റെ പരാമര്‍ശങ്ങളെല്ലാം അനവസരത്തിലുള്ളതാണെന്ന് പറഞ്ഞ് നേതൃത്വം പല തവണ തള്ളിയിരുന്നു. പിസി ജോര്‍ജ്ജ് ഉള്‍പ്പടെ ഒന്‍പത് എംഎല്‍എമാരാണ് കേരള കോണ്‍ഗ്രസ് (എം) ന് ഉണ്ടായിരുന്നത്. ജോര്‍ജ്ജ് പോയതോടെ ഇത് എട്ട് എംഎല്‍എ മാരിലേയ്ക്ക് ചുരുങ്ങി. നിലവില്‍ മാണിയ്‌ക്കൊപ്പം നില്‍ക്കുന്ന എംഎല്‍എ മാരുടെ എണ്ണം വെറും അഞ്ച് മാത്രമാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല