സ്വന്തം ലേഖകന്‍: അവസാനം കെഎം മാണി രാജി വച്ചു, ഒപ്പം പിന്തുണയുമായി ചീഫ് വിപ്പ് തോമസ് ഉണ്യാടന്റേയും രാജി. നിയമ മന്ത്രി എന്ന നിലയില്‍, നിയമ വ്യവസ്ഥയോടുള്ള ആദരവ് പ്രകടിപ്പിയ്ക്കുന്നതിനാല്‍ മന്ത്രി സ്ഥാനം രാജിവക്കുന്നു എന്ന് രാജി പ്രഖ്യാപനത്തില്‍ കെഎം മാണി പറഞ്ഞു. മുന്നണിക്ക് കലവറയില്ലാത്ത പിന്തുണ തുടര്‍ന്നും ഉണ്ടാകുമെന്ന് മാണി വ്യക്തമാക്കി. മാണിയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് താനും രാജി വയ്ക്കുകയാണെന്ന് ചീഫ് വിപ്പ് തോമസ് ഉണ്യാടനും അറിയിച്ചു.
മാധ്യമ പ്രവര്‍ത്തകരോട് നേരിട്ടാണ് മാണി തന്റെ രാജിക്കാര്യം അറിയിച്ചത്. തയ്യാറാക്കിയ രാജിക്കത്ത് ജോസഫ് എം പുതുശ്ശേരിയും റോഷി അഗസ്റ്റ്യനും ചേര്‍ന്ന് ക്ലിഫ് ഹൗസിലെത്തി മുഖ്യമന്ത്രിയ്ക്ക് കൈമാറി.
തനിയ്‌ക്കൊപ്പം പിജെ ജോസഫും രാജി വയ്ക്കണം എന്നായിരുന്നു കേരള കോണ്‍ഗ്രസ് എം ഉന്നതാധികാര സമിതി യോഗത്തില്‍ കെഎം മാണി ആവശ്യപ്പെട്ടത്. എന്നാല്‍ ഈ ആവശ്യം പിജെ ജോസഫ് നിഷ്‌കരുണം തള്ളുകയായിരുന്നു. ഇതേ തുടര്‍ന്ന് ഏറെ നേരം കേരള കോണ്‍ഗ്രസ്സിന്റെ ഭാവി തന്നെ ആശങ്കയിലായിരുന്നു. സമ്മര്‍ദ്ദം ഏറിയാല്‍ ജോസഫ് പാര്‍ട്ടി വിടുമെന്ന് പോലും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
ഒടുവില്‍ മാണി ജോസഫിന്റേയും യുഡിഎഫിന്റേയും സമ്മര്‍ദ്ദങ്ങള്‍ക്ക് വഴിപ്പെടുകയായിരുന്നു. മാണിയുടെ രാജി തീരുമാനത്തിന് കാത്ത് യുഡിഎഫ് നേതാക്കളെല്ലാം തന്നെ ക്ലിഫ് ഹൗസില്‍ മുഖ്യമന്ത്രിയ്‌ക്കൊപ്പം ഉണ്ടായിരുന്നു. കേരള രാഷ്ട്രീയത്തിന്റെ ചരിത്രത്തിലെ ഏറ്റവും വിവാദമായ രാജി പ്രശ്‌നത്തിനാണ് മാണിയുടെ രാജിയോടെ വിരാമമായത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല