മാഞ്ചസ്റ്റര്‍: ഷ്രൂഷ്ബറി രൂപതാ സെന്റ് മേരീസ് ക്‌നാനായ ചാപ്ലൈന്‍സിയുടെ ആഭിമുഖ്യത്തില്‍ നടന്ന സമ്മര്‍ ഫെസ്റ്റ് പ്രൗഢോജ്വലമായി. തിങ്കളാഴ്ച രാവിലെ 10 മുതല്‍ വിഥിന്‍ഷോ സെന്റ് ജോണ്‍സ് സ്‌കൂള്‍ ഗ്രൗണ്ടിലായിരുന്നു പരിപാടികള്‍. നാടന്‍ വിഭവങ്ങളുമായി പ്രവര്‍ത്തിച്ച തട്ടുകടകളും മത്സരങ്ങളും ബാര്‍ബിക്യൂ പാര്‍ട്ടിയും എല്ലാം ചേര്‍ന്നതായിരുന്നു സമ്മര്‍ഫെസ്റ്റ്.
രാവിലെ ചുടു ദോശയും ചമ്മന്തിയും മുട്ട ഓംലറ്റുമായി വിളമ്പിയ ബ്രേക്ക് ഫാസ്റ്റിലൂടെ ആയിരുന്നു പരിപാടികള്‍ ആരംഭിച്ചത്. തുടര്‍ന്ന് കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി വിവിധ ഫണ്‍ ഗെയിമുകളും കയിക മത്സരങ്ങളും നടന്നു. ഇടവക കോര്‍ഡിനേറ്റേഴ്‌സിന്റെയും ഏരിയാ കോര്‍ഡിനേറ്റേഴ്‌സിന്റെയും നേതൃത്വത്തില്‍ ആരംഭിച്ച പരിപാടികള്‍ ഏവരും നന്നേ ആസ്വദിച്ചു.
യുകെകെസിഎ പ്രസിഡന്റ് ബെന്നി മാവേലില്‍, ലിവര്‍പൂള്‍ ക്‌നാനായ കാത്തലിക് അസോസിയേഷന്‍ പ്രസിഡന്റ് സോജന്‍ തോമസ്, പൂള്‍, ബോണ്‍ മൗത്ത് ക്‌നാനായ കാത്തലിക് അസോസിയേഷന്‍ പ്രസിഡന്റ് റോയി എന്നിവര്‍ പരിപാടികളില്‍ പങ്കെടുത്ത് ആശംസകള്‍നേര്‍ന്നു. അപ്പം, മുട്ട റോസ്റ്റ്, ഫിഷ് റോസ്റ്റ്, മീന്‍ വറുത്തത്, നാടന്‍ ദോശ, ചമന്തി, മുട്ട ഓംലെറ്റ് എന്നിവയുമായി വിളമ്പിയ ബ്രേക്ക് ഫാസ്റ്റിനെ തുടര്‍ന്ന് ബാര്‍ബിക്യു പാര്‍ട്ടിക്കു തുടക്കമായി. മാഞ്ചസ്റ്ററിലും പരിസര പ്രമദശങ്ങളില്‍നിന്നും യുകെയുടെ വിവിധ ഭാഗങ്ങളില്‍നിന്നുമായി ഒട്ടേറെ ക്‌നാനായ കുടുംബങ്ങള്‍ പരിപാടികളില്‍ പങ്കെടുക്കാനെത്തി.
കെ.സി.വൈ.എല്‍. കുട്ടികളാണ് മത്സരങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്. എംകെസിഎ റോച്ച്‌ഡെയില്‍ ഏരിയയില്‍നിന്നുള്ള ഷാജി ഒരുക്കിയ തട്ടുകടകളില്‍നിന്നും വിളമ്പിയ സ്വാദിഷ്ടമായ നാടന്‍ വിഭവങ്ങള്‍ ഏവരും നന്നേ ആസ്വദിച്ചു. പുരാതന പാട്ടുകളും നടവിളികളുമായി വലിപ്പ ചെറുപ്പ വ്യത്യാസങ്ങള്‍ ഇല്ലാതെ ക്‌നാനായക്കാര്‍ എന്ന ഒറ്റ വികാരത്തില്‍ നടന്ന സ്‌നേഹ കൂട്ടായ്മ ഏവരും നന്നേ ആസ്വദിച്ചു. കുടുംബങ്ങള്‍ തമ്മിലുള്ള സ്‌നേഹവും കൂട്ടായ്മയും ഊട്ടി ഉറപ്പിക്കുന്ന മികച്ച വേദിയായി മാറി സമ്മര്‍ ഫെസ്റ്റ് വേദി.
ട്രസ്റ്റിമാരായ റെജി മഠത്തിലേട്ട്, കെ.കെ. ഉതുപ്പ്, മാര്‍ട്ടിന്‍ മലയില്‍, എംകെസിഎ പ്രസിഡന്റ് സിറിയക്് ജെയിംസ് എന്നിവരും ഏരിയാ കോര്‍ഡിനേറ്റേഴ്‌സും പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. സ്‌നേഹത്തിലും ഒരുമയിലും ഈ കൂട്ടായ്മ വളര്‍ന്ന് സമൂഹത്തിനു മാതൃകയായിത്തീരട്ടെ എന്ന് പരിപാടിയില്‍ ആദ്യാവസാനം പങ്കെടുത്ത ക്‌നാനായ ചാപ്ലൈന്‍ ഫാ. സജി മലയില്‍ പുത്തന്‍പുര ആശംസിച്ചു. പരിപാടിയില്‍ പങ്കെടുക്കാനെത്തിയ മുഴുവന്‍ കുടുംബങ്ങള്‍ക്കും ഫാ. സജി മലയില്‍ പുത്തന്‍പുര നന്ദി രേഖപ്പെടുത്തി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല