1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 5, 2015

സാബു ചുണ്ടക്കാട്ടില്‍

സഭാചരിത്രത്തിന്റെ ഏടുകളില്‍ പുതുചരിതം എഴുതിച്ചേര്‍ത്ത് യൂറോപ്പില്‍ വാങ്ങിയ ആദ്യ ക്‌നാനായ പള്ളിയുടെ കൂദാശയ്ക്ക് ഇന്നലെ മാഞ്ചസ്റ്ററില്‍ പരിസമാപ്തിയായി. സഭാവിശ്വാസികളായ നൂറുകണക്കിനാളുകളെ സാക്ഷിയാക്കി സമുദായ മെത്രാപ്പോലീത്തയുടെ മുഖ്യകാര്‍മ്മികത്വത്തിലും മേഖലാ മെത്രാപ്പോലീത്ത ഡോ. അയൂബ് മാര്‍ സില്‍വാനോസ് ഉള്‍പ്പെടെയുള്ള മറ്റ് ക്‌നാനായ വൈദികരുടെ സഹ കാര്‍മ്മികത്വത്തിലും ശനിയാഴ്ചയും ഞായറാഴ്ചയുമായിട്ടായിരുന്നു വിശുദ്ധ കര്‍മ്മങ്ങള്‍. രണ്ടുദിവസങ്ങളില്‍ രണ്ടു ഭാഗങ്ങളായി നടത്തിയ വിശുദ്ധ കര്‍മ്മങ്ങളില്‍ സംബന്ധിക്കാന്‍ യു.കെയിലെമ്പാടുമുള്ള ക്‌നാനായ വിശ്വാസികള്‍ ശനിയാഴ്ചതന്നെ മാഞ്ചസ്റ്ററിലെത്തിയിരന്നു.

സാല്‍ഫോര്‍ഡ് കൗണ്‍സിലില്‍ ബോള്‍ട്ടണ്‍ അതിര്‍ത്തിയോടു ചേര്‍ന്നു കിടക്കുന്ന ലിറ്റില്‍ ഹാള്‍ട്ടണിലാണ് സെന്റ് ജോര്‍ജ് ക്‌നാനായ പള്ളിക്കുവേണ്ടി ഈ ദേവാലയം വാങ്ങിയത്. പള്ളിയുടെ നവീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് ആറുമാസം വേണ്ടി വന്നിരുന്നു. പൂര്‍ണമായും കേരളീയ ശൈലിയിലാണ് ദേവാലയത്തിന്റെ ഉള്‍വശം പുനര്‍നിര്‍മിക്കപ്പെട്ടത്. ദേവാലയത്തിനാവശ്യമായ മുഴുവന്‍ സാധനസാമഗ്രികളും കേരളത്തില്‍നിന്നാണ് എത്തിച്ചത്.

മലയാളത്തനിമയില്‍ മനോഹരമായി തീര്‍ത്ത മദ്ബഹായിലെ പ്രധാന ത്രോണോസ് വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ നാമത്തിലും തെക്കുവശത്തുള്ള ത്രോണോസ് ഓമല്ലൂരില്‍ കബറടങ്ങിയിരിക്കുന്ന പരിശുദ്ധ ഇഗ്നാത്തിയോസ് ഏലിയാസ് തൃതീയന്‍ പാത്രിയര്‍ക്കീസ് ബാവയുടെയും വടക്കുവശത്തെ ത്രോണോസ് വിശുദ്ധ മാതാവിന്റെ നാമത്തിലുമാണ് നാമകരണം ചെയ്യപ്പെട്ടിരിക്കുന്നത്. കൂദാശാകര്‍മ്മങ്ങള്‍ക്കുശേഷം നടന്ന വിശുദ്ധ മൂന്നിന്‍മേല്‍ കുര്‍ബാനയ്ക്കും പെരുന്നാളിനോടനുബന്ധിച്ചു നടന്ന റാസയിലും നൂറുകണക്കിനു വിശ്വാസികള്‍ പ്രാര്‍ഥനാപൂര്‍വം പങ്കെടുത്തു.

ഉച്ചയ്ക്ക് 2.30 ന് ആരംഭിച്ച പൊതുസമ്മേളനത്തില്‍ ക്‌നാനായ സമുദായ വലിയ മെത്രാപ്പോലീത്ത ആര്‍ച്ച് ബിഷപ് സേവേറിയോസ് മാര്‍ കുര്യാക്കോസ് ഉദ്ഘാടനം നിര്‍വഹിച്ചു. മേഖലാ മെത്രാപ്പോലീത്ത ഡോ. അയൂബ് മാര്‍ സില്‍വാനോസ് അധ്യക്ഷതവഹിച്ചു. ബര്‍ബറാ കീലി എം.പി, സാല്‍ഫോര്‍ഡ് കൗണ്‍സില്‍ മേയര്‍ കോളറ്റ് നെല്‍സണ്‍, കൗണ്‍സിലര്‍ ക്രിസ്റ്റീന്‍ ഹഡ്‌സണ്‍ എന്നിവര്‍ സന്നിഹിതരായിരുന്നു. ഇടവക വികാരി ഫാ. സജി ഏബ്രഹാം കൊച്ചേത്ത് സ്വാഗതം ആശംസിച്ചു. ഫാ. തോമസ് മടക്കുംമൂട്ടില്‍, ഫാ. സജി മലയില്‍പുത്തന്‍പുരയില്‍, ഫാ. അലക്‌സാണ്ടര്‍ തരകന്‍, ഫാ. പീറ്റര്‍ കുര്യാക്കോസ്, ഫാ. ജോമോന്‍ പുന്നൂസ്, ഫാ. ഡോ. തോമസ് മണിമല എന്നവര്‍ പ്രസംഗിച്ചു.

ഇടവക സെക്രട്ടറി സജി ഇടശേരിയത്ത് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഇടവക സ്വപ്നങ്ങള്‍ക്കു ചിറകുവിരിയിച്ച, ഇടവകജനങ്ങളെ പ്രാര്‍ഥനയിലൂടെ മുന്നോട്ടു നയിച്ച വികാരി ഫാ. സജി ഏബ്രഹാം കൊച്ചെത്തിന് ഇടവകയുടെ ഉപഹാരം അഭിവന്ദ്യ പിതാക്കന്‍മാര്‍ സമ്മാനിച്ചു. ട്രസ്റ്റി ബിനു പുന്നൂസ് കൃതജ്ഞ പ്രകാശിപ്പിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.