ബ്രിസ്റ്റോള്‍ സെന്റ് സ്റ്റീഫന്‍ ക്‌നാനായ യാക്കോബായ ചര്‍ച്ചില്‍ എട്ടാം തീയതി വിശുദ്ധ കുര്‍ബാനാനന്തരം നടന്ന പൊതു സമ്മേളനത്തില്‍ വച്ച് ഇംഗ്ലണ്ടിന്റെയും ഇന്ത്യയുടെയും ക്‌നാനായ സമുദായത്തിന്റെയും തനിമ നിലനിര്‍ത്തിക്കൊണ്ടുള്ള ലോഗോ പ്രകാശനം ചെയ്തു.
പ്രോഗ്രാം കോര്‍ഡിനേറ്റേഴ്‌സ് ആയ സജി കാഞ്ഞിരപ്പള്ളിയും രാജന്‍ കുര്യനും ചേര്‍ന്ന് രൂപകല്‍പ്പനചെയ്ത ലോഗോ ആര്‍ച്ച് ബിഷപ് ആയൂബ് മാര്‍ സില്‍വാനിയോസ് തിരുമേനി ഔദ്യോഗികമായി അംഗീകരിക്കുകയും കോര്‍ഡിനേറ്റേഴ്‌സ് ഇരുവരും ചേര്‍ന്ന് ഇടവക വികാരിയും മൂന്നാമത് യൂറോപ്യന്‍ ക്‌നാനായ യാക്കോബായ സംഗമത്തിന്റെ പ്രസിഡന്റുമായ ഫാ. സജി എബ്രഹാമിനു കൈമാറുകയും, ഫാ. സജി എബ്രഹാം സംഗമത്തിനുവേണ്ടി സമര്‍പ്പിക്കുകയും ചെയ്തു.
പരിശുദ്ധ മാതാവിനെ പ്രതിനിധാനം ചെയ്യുന്ന വെള്ളരിപ്രാവും, സൂര്യന്‍ അസ്തമിക്കാത്ത ബ്രിട്ടനെ പ്രതിനിധാനം ചെയ്ത് രാജകീയ കിരീടവും സംസ്‌കാര പൈതൃകങ്ങള്‍ വീണുറങ്ങുന്ന ഭാരതത്തെ പ്രതിനിധാനം ചെയ്ത് ദേശീയ പതാകയും. കേര വൃക്ഷങ്ങള്‍ കൊണ്ട് നിറഞ്ഞ കേരളത്തനിമയും നിലനിര്‍ത്തി രൂപകല്‍പ്പന ചെയ്ത ലോഗോ സഭാ മക്കളെ അവേശപുളകിതരാക്കി.
തുടര്‍ന്ന് ഫാ. സജി എബ്രഹാമിന്റെ അദ്ധ്യക്ഷതയില്‍ കൂടിയ ആലോചനാ യോഗത്തില്‍ ഇതുവരെയുള്ള എല്ലാ പ്രവര്‍ത്തനങ്ങളെ പറ്റി വിലയിരുത്തുകയും തുടര്‍ന്ന് ഇനിയും അങ്ങോട്ടുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ഊര്‍ജ്ജം ഉള്‍ക്കൊണ്ട് പ്രാര്‍ത്ഥനയോടെ ആലോചനാ യോഗം പിരിയുകയും അതിനെ തുടര്‍ന്ന് സണ്‍ഡേസ്‌കൂള്‍ കുട്ടികളും, യൂത്തും വനിതാ സമാജവും ക്‌നാനായ സംഗമത്തിലേക്കുള്ള വിവിധ കലാപരിപാടികള്‍ക്കുള്ള പരിശീലനത്തിന് തുടക്കം കുറിക്കുകയും ചെയ്തു.
കേരളത്തിന്റെ മണ്ണില്‍ നിന്നും യൂറോപ്പിലേക്ക് കുടിയേറിയ ക്‌നാനായക്കാര്‍ തലമുറകളായി കൈമാറി വന്ന തങ്ങളുടെ പാരമ്പര്യവും തനിമയും നെഞ്ചോടു ചേര്‍ത്ത് പിടിച്ചുകൊണ്ട് ഈ സംഗമത്തെ വരവേല്‍ക്കുവാന്‍ ആവേശപൂര്‍വ്വം തയ്യാറെടുത്ത് ഇരിക്കുകയാണ്. സെപ്റ്റംബര്‍ 10 നെ വരവേല്‍ക്കുവാന്‍ ഓരോ ക്‌നാനായകാരന്റെയും മനസ്സ് തുടിച്ചുകൊണ്ടിരിക്കുകയാണ്.
ബ്രിസ്റ്റോളില്‍ തുടങ്ങിവച്ച മൂന്നാമത് ക്‌നാനായ സംഗമത്തിന്റെ ഒരുക്കങ്ങളുടെ പിന്‍തുടര്‍ച്ചയായി യൂറോപ്പിന്റെ വിവിധ ഭാഗങ്ങളിലുള്ള ക്‌നാനായക്കാരുടെ ഇടയില്‍ ഇതിനോടകം തന്നെ ഉത്സവ പ്രതീതി സൃഷ്ടിച്ചിരിക്കുകയാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല