സാജു കുന്നംപ്പള്ളി
ഡിട്രോയിറ്റ് : ചിക്കാഗോ രൂപതാ ക്‌നാനായ റീജിയണിലെ വൈദികരുടേയും, കൈക്കാരന്‍മാരുടേയും, പാസ്റ്റര്‍ കൗണ്‍സില്‍ അംഗങ്ങളുടെയും, കസള്‍ട്ടേഴ്‌സിന്റേയും സംയുക്ത യോഗം 2015 ജൂലൈ 18 ന് ഡിട്രോയിറ്റ് സെന്റ് മേരീസ് ക്‌നാനായ കത്തോലിക്കാ ദേവാലയത്തില്‍ വെച്ച് നടന്നു. നോര്‍ത്ത് അമേരിക്കയിലെ ക്‌നാനായ സമൂഹത്തിന്റെ സാമുദായികവും സഭാപരവുമായ വളര്‍ച്ചയെ യോഗം വിലയിരുത്തി.
അമേരിക്കയിലെ പ്രവാസികളായ ക്‌നാനായക്കാര്‍ക്കായി ലത്തീന്‍ രൂപതയുടെ കീഴില്‍ വിവിധ ക്‌നാനായ മിഷനുകള്‍ 1983 മുതല്‍ രൂപപ്പെടുകയും ചെയ്തിരുന്നു. 2001ല്‍ ചിക്കാഗോയില്‍ സീറോമലബാര്‍ രൂപതാ സ്ഥാപിതമായപ്പോള്‍ ക്‌നാനായ സമൂഹം പ്രസ്തുത രൂപതയുടെ അജപാലന പരിതിയിലായി. ക്‌നാനായ സമുദായത്തിനായി വികാരി ജനറാളിനെ നിയമിക്കുകയും മിഷനുകളും ഇടവകകളും സ്ഥാപിക്കപ്പെട്ടിട്ടില്ലാത്ത സ്ഥലങ്ങിളിലുള്ള ക്‌നാനായ കത്തോലിക്കരുടെ കാര്യങ്ങള്‍ കൂടി ക്രോഡികരിക്കപ്പെടുവാനും സമുദായത്തെ സഭാത്മകമായി വളര്‍ത്തുവാനുമായി ഒരു ക്‌നാനായ റീജിയന്‍ 2016ല്‍ സ്ഥാപിച്ചു നല്‍കി.
പ്രസ്തുത രൂപതയുടെ കീഴില്‍ പുതിയ ക്‌നാനായ ദേവാലയങ്ങളും മിഷനുകളും സ്ഥാപിക്കപ്പെട്ടു. സ്വന്തമായി ദേവാലയങ്ങളുള്ള 12 ഇടവകകളും 9 മിഷനുകളുമായി ക്‌നാനായ സമൂഹം വളര്‍ന്നുകൊണ്ടിരിക്കുന്നു. മിഷനുകളേയും ഇടവകകളേയും ക്രോഡീകരിച്ച് 5 ഫൊറോനകളും അടുത്തകാലത്ത് സ്ഥാപിക്കപ്പെട്ടു.
ക്‌നാനായ സമുദായത്തിന്റെ അജപാലന വളര്‍ച്ചയില്‍ ശക്തമായി നേതൃത്വമാണ് സീറോമലബാര്‍ സഭയും, കോട്ടയം അതിരൂപതാ മെത്രാന്‍മാരും, അഭി. രൂപതാദ്ധ്യക്ഷന്‍ മാര്‍ ജേക്കബ് അങ്ങാടിയത്തും നല്‍കിയിട്ടുള്ളത്. സഭാപരമായി ക്‌നാനായ സമുദായത്തെ വളര്‍ത്തുവാന്‍ തന്റെ അജപാലനാധികാരം പരമാവധി പ്രയോജനപ്പെടുത്താന്‍ അഭി. മാര്‍ ജേക്കബ് അങ്ങാടിയത്ത് പിതാവ് പരിശ്രമിച്ചിട്ടുണ്ടെന്ന് യോഗം വിലയിരുത്തി.
നൂറ്റാണ്ടുകളുടെ പിന്‍ബലമുള്ള സമുദായത്തിന്റെ സ്വവംശ സ്വഭാവത്തിന്മേല്‍ ചില നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ നടത്തിയിയ ശ്രമം സമുദായത്തില്‍ വലിയ അസ്വസ്ഥത സൃഷ്ടച്ചു. മൂന്ന് ദശകങ്ങളായി നലനിന്നിരുന്ന ഈ പ്രശ്‌നത്തിന് അജപാലനപരമായ ഒരു പരിഹാരം 2014 ഓഗസ്റ്റില്‍ മേജര്‍ ആര്‍ച്ചുബിഷപ്പും, ചിക്കാഗോ രൂപതാദ്ധ്യക്ഷനും, കോട്ടയം അതിരൂപതാദ്ധ്യക്ഷനും ചേര്‍ന്ന് രേഖപ്പെടുത്തി തനത് സമുദായത്തില്‍ സമാധാനത്തിനും, ആശങ്കകള്‍ ദൂരികരിക്കുന്നതിനും കാരണമായിട്ടുണ്ടെന്നും യോഗം വിലയിരുത്തി. സമുദായ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതിന് അനുഭാവപൂര്‍ണ്ണമായ തീരുമാനങ്ങള്‍ കൈക്കൊള്ളുവാന്‍ മുന്‍കൈയെടുത്ത സീറോ മലബാര്‍ നേതൃത്വത്തോടുള്ള കൃതജ്ഞത കൗസില്‍ രേഖപ്പെടുത്തി.
നല്‍കപ്പെട്ടിട്ടുുള്ള അജപാലന സാഹചര്യങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്തി വളരുവാന്‍ ഇടവകളിലേയും മിഷനുകളിലേയും വിശ്വാസ സമൂഹത്തോട് സമ്മേളനം ആഹ്വാനം ചെയ്തു. സഭയോട് ചേര്‍ന്ന്‌നിന്ന് സ്വന്തമായി അജപാലന സംവിധാനം ഉണ്ടാക്കുന്നതിനുള്ള പരിശ്രമം തുടരുവാനും യോഗം തീരുമാനിച്ചു. സെപ്റ്റംബര്‍ മാസത്തില്‍ വിവിധ ഫൊറോനകള്‍ ക്രോഡീകരിച്ച് നടപ്പാക്കുവാനിരിക്കുന്ന കുടുംബ സമര്‍പ്പിത വര്‍ഷ പ്രോഗ്രാമുകള്‍ വിജയപ്രദമക്കുവാന്‍ വേണ്ട എല്ലാ ക്രമീകരണങ്ങളും നടത്തുവാനും യോഗം തീരുമാനിച്ചു.
സമ്മേളനം ചിക്കാഗോരൂപത വികാരി ജനറലും ക്‌നാനായ റീജിയന്‍ ഡയറക്ടറുമായ ഫാ. തോമസ് മുളവനാല്‍ ഉദ്ഘാടനം ചെയ്തു. ഫാ. അബ്രഹാം മുത്തോലത്ത്, ഫാ. മാത്യു മണക്കാട്ട് , തിയോഫിന്‍ ചാമക്കാല, കുര്യന്‍ തൊട്ടിച്ചിറ തുടങ്ങിയവര്‍ വിവിധ വിഷയങ്ങളെ കുറിച്ച് ക്ലാസ്സുകള്‍ എടുത്തു. ജോയി വാച്ചാച്ചിറ മേഡറേറ്ററായി പൊതുചര്‍ച്ചയും നടുന്നു. റീജിയണിലെ എല്ലാ ഇടവകകളില്‍ നിന്നും മിഷനുകളില്‍ നിന്നുമുള്ള വൈദികരും പ്രതിനിധികളും മീറ്റിംഗില്‍ പങ്കെടുത്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല