സ്വന്തം ലേഖകൻ: കുത്തേറ്റ് ചികിത്സയിലായിരുന്നു സെയ്ഫ് അലി ഖാൻ കഴിഞ്ഞ ദിവസമാണ് ആശുപത്രി വിട്ടത്. ആശുപത്രിയിൽ നിന്ന് ആരോഗ്യവാനായി ഇറങ്ങി വരുന്ന സെയ്ഫ് അലിഖാന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. വെള്ള ഷർട്ടും ജീൻസും കൂളിങ് ഗ്ലാസും ധരിച്ച് ആരാധാകരെ അഭിവാദ്യം ചെയ്തുകൊണ്ടായിരുന്നു അദ്ദേഹം ഇറങ്ങി വന്നത്.
ഈ ദൃശ്യങ്ങൾ സൈബറിടത്ത് വൻതോതിൽ ചർച്ചയ്ക്ക് വഴിവെച്ചു. നട്ടെല്ലിനുൾപ്പെടെ ഗുരുതര പരിക്കേറ്റ താരം എങ്ങനെയാണ് ഇത്ര പെട്ടെന്ന് ആരോഗ്യവാനായി നടന്നു പോയി എന്നാണ് പലരും ചോദിക്കുന്നത്. ഇത് വിശ്വസിക്കാൻ സാധിക്കുന്നില്ലെന്നും കുത്തേറ്റ് കുറച്ചു ദിവസങ്ങൾക്കുള്ളിൽ തന്നെ സെയ്ഫ് അലി ഖാൻ വീട്ടിലേക്ക് തിരിച്ചെത്തി എന്ന് ആശ്ചര്യപ്പെടുന്നവരും കുറവല്ല.
ആക്രമണത്തിൽ കഴുത്തിലും നട്ടെല്ലിന് സമീപത്തുമായി നടന് ആഴത്തിൽ കുത്തേറ്റു എന്നായിരുന്നു പുറത്തുവന്ന റിപ്പോർട്ടുകൾ. താരത്തിന് ന്യൂറോശസ്ത്രക്രിയ നടത്തിയെന്നും ഇതിനു പുറമെ പ്ലാസ്റ്റിക് സർജറി കൂടി നടത്തിയെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു. ഇത്രയും ഗുരുതരപരിക്കേറ്റ താരം എങ്ങനെയാണ് ഒരാഴ്ചക്കുള്ളിൽ ആരോഗ്യവാനായി സ്ട്രെച്ചറിന്റെ സാഹയം പോലുമില്ലാതെ പുറത്തുവന്നത് എന്ന തരത്തിലുള്ള ചോദ്യങ്ങളും സാമൂഹിക മാധ്യമങ്ങളിൽ ഉയർന്നിരുന്നു.
താരത്തിന്റെ കൈയിൽ ഒരു ബാൻഡേജും കഴുത്തിൽ മുറിവേറ്റ അടയാളവും വീഡിയോയിൽ വ്യക്തമാകുന്നുണ്ട്. പിആർ സ്റ്റണ്ട് എന്നടക്കം വിമർശനങ്ങൾ സോഷ്യൽ മീഡിയയിൽ ഉയർന്നിരുന്നു.
സെയ്ഫ് അലിഖാൻ വളരെ ആരോഗ്യവാനായി നടന്നുപോകുന്ന വീഡിയോ കണ്ടു. ആധുനിക വൈദ്യശാസ്ത്രത്തിന്റെ സൗന്ദര്യമാണിതെന്ന് സർജൻ അമിത് തടാനി എക്സ് പ്ലാറ്റ് ഫോമിൽ കുറിച്ചു. നട്ടെല്ലിന് ഗുരുതര ശസ്ത്രക്രിയ കഴിഞ്ഞാലും ഒരു ദിവസത്തിനുള്ളിൽ തന്നെ ബെഡ് റെസ്റ്റൊന്നും ആവശ്യമില്ലാതെ ഡിസ്ചാർജ് ചെയ്യാമെന്നും അദ്ദേഹം കുറിച്ചു. വീഡിയോയിൽ കഴിത്തിന് ഡ്രസ് ചെയ്തിരിക്കുന്നത് വ്യക്തമാണ്. ഇതിൽ അസ്വാഭാവികമായി ഞാൻ ഒന്നും കാണുന്നില്ലെന്ന് അദ്ദേഹം കുറിച്ചു.
അതേസമയം രാത്രിയിൽനടന്ന അക്രമത്തേക്കുറിച്ചുള്ള അന്വേഷണത്തിൽ നിർണായകമായത് സെയ്ഫിന്റെ മക്കളുടെ ആയയും മലയാളിയുമായ ഏലിയാമ്മയുടെ മൊഴിയാണ്. കുട്ടികളുടെ മുറിയില്‍ കയറിയ ആക്രമിയെ ആദ്യം കണ്ടത് താനാണെന്ന് ഏലിയാമ്മ പോലീസിനോട് പറഞ്ഞിരുന്നു. രാത്രി രണ്ട്മണിയോടെ എന്തോ ശബ്ദം കേട്ടാണ് ഞെട്ടിയുണര്‍ന്നത്. മുറിയിലെ ബാത്‌റൂം വാതില്‍ തുറന്നിട്ടതും ലൈറ്റിട്ടതും ശ്രദ്ധയില്‍പെട്ടു.
മക്കളെ നോക്കാന്‍ കരീന ഉണര്‍ന്നതായിരിക്കുമെന്നാണ് ആദ്യം കരുതിയത്. വീണ്ടും കിടന്നെങ്കിലും എന്തോ അസ്വാഭാവികമായി തോന്നിയതോടെ വീണ്ടും പോയിനോക്കിയപ്പോഴാണ് ആക്രമിയെ കണ്ടത്. തന്നെ കണ്ടതോടെ കൈവിരലുകള്‍ ചൂണ്ടോട് ചേര്‍ത്തുവെച്ച് ഒച്ചയുണ്ടാക്കരുതെന്നും ആരും പുറത്തുപോവരുതെന്നും ഹിന്ദിയില്‍ ആവശ്യപ്പെട്ടതായും അവർ പറഞ്ഞു.
സെയ്ഫ് തിരിച്ചെത്തി മണിക്കൂറുകൾക്കുശേഷം അദ്ദേഹത്തിന്റെ സഹോദരി സാബാ അലി ഖാൻ പങ്കുവെച്ച സോഷ്യൽ മീഡിയാ പോസ്റ്റ് ശ്രദ്ധയാകർഷിക്കുകയാണ്. സെയ്ഫിനേയും കുടുംബത്തേയും സുരക്ഷിതമാക്കിയതിന് താരത്തിന്റെ വീട്ടിലെ രണ്ട് വനിതാ സഹായികളെ അഭിനന്ദിച്ചുകൊണ്ടാണ് സാബ കുറിപ്പ് പോസ്റ്റ് ചെയ്തിരിക്കുന്നത്.
സെയ്ഫ് അലിഖാന്റെ ഇളയമകൻ ജേയുടെ ആയയും മലയാളിയുമായ ഏലിയാമ്മ ഫിലിപ്പ്, മറ്റൊരു സഹായി എന്നിവരേക്കുറിച്ചാണ് സാബയുടെ സോഷ്യൽ മീഡിയാ പോസ്റ്റ്. ആരും പാടിപ്പുകഴ്ത്താത്ത നായകർ എന്നാണ് ഇവരെ സാബ വിശേഷിപ്പിച്ചിരിക്കുന്നത്. രണ്ടുപേർക്കും ഒപ്പമുള്ള സെൽഫികളും അവർ പങ്കുവെച്ചിട്ടുണ്ട്.
“ഏറ്റവും പ്രധാനപ്പെട്ട സമയത്ത് കഠിനാധ്വാനം ചെയ്ത, പാടിപ്പുകഴ്ത്തപ്പെടാത്ത നായകന്മാർ! നിങ്ങൾ രണ്ടുപേരെയും, എന്റെ സഹോദരനെയും കുടുംബത്തെയും സുരക്ഷിതമായി നിലനിർത്തുന്നതിൽ സംഭാവന നൽകിയ എല്ലാവരെയും അനുഗ്രഹിക്കട്ടെ. നിങ്ങളാണ് ഏറ്റവും മികച്ചത്.” സാബ കുറിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല