1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 5, 2024

സ്വന്തം ലേഖകൻ: യുകെയില്‍ പടര്‍ന്നു പിടിച്ച കുടിയേറ്റ വിരുദ്ധ കലാപം രൂക്ഷമായതോടെ തീവ്ര വലതുപക്ഷ പ്രക്ഷോഭകാരികൾ നിരവധി കടകൾക്ക് തീയിടുകയും കൊള്ളയടിക്കുകയും ചെയ്തു. അക്രമാസക്തരായ പ്രതിഷേധക്കാർക്ക് ശക്തമായ താക്കീത് നൽകാൻ പ്രധാനമന്ത്രി കെയർ സ്റ്റാർമർ ഉത്തരവിട്ടു.

മൂന്നു പെണ്‍കുഞ്ഞുങ്ങള്‍ ഇംഗ്ലണ്ടില്‍ ലിവര്‍പൂളിനടുത്ത് കുത്തേറ്റു മരിച്ചതിന് പിന്നാലെ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ച വ്യാജ സന്ദേശങ്ങളെ തുടർന്നാണ് കുടിയേറ്റ വിരുദ്ധ പ്രതിഷേധം ശക്തമായത്. വിവിധ സ്ഥലങ്ങളില്‍ നടന്ന ആക്രമണങ്ങളില്‍ പൊലീസുകാര്‍ ഉള്‍പ്പടെ നിരവധിപ്പേര്‍ ആക്രമണത്തിന് ഇരയായി. പ്രതിഷേധക്കാർ കടകൾ കൊള്ളയടിക്കുന്നതിൻ്റെയും തീയിട്ട് നശിപ്പിക്കുന്നതിൻ്റെയും ഫോട്ടോകളും വീഡിയോകളും സാമൂഹ്യ മാധ്യമങ്ങളിൽ വൈറലാണ്.

ലണ്ടനും മാഞ്ചസ്റ്ററും ബർമിങ്ങാമും ഉൾപ്പെടെുള്ള വൻ നഗരങ്ങളിലും ഹൾ, ലിവർപൂൾ, ബ്രിസ്റ്റോൾ, സ്റ്റോക്ക് ഓൺ ട്രൻഡ്, ബ്ലാക്ക്പൂൾ, ബെൽഫാസ്റ്റ്, ബോൾട്ടൺ, മിഡിൽസ്ബറോ, വേമൌത്ത്, റോതർഹാം തുടങ്ങി ഇരുപത്തഞ്ചോളം പട്ടണങ്ങളിലുമാണ് മൂന്നു ദിവസമായി കുടിയേറ്റ വിരുദ്ധ കലാപം ആളിക്കത്തുന്നത്.

അക്രമികളെ നേരിടാൻ പലേടത്തും കുടിയേറ്റക്കാരും സംയുക്തമായി രംഗത്തിറങ്ങിയതോടെ പല നഗരങ്ങളും മണിക്കൂറുകൾ നീണ്ട സംഘർഷഭൂമിയായി. നിരവധി പേർക്ക് അക്രമങ്ങളിൽ പരുക്കേറ്റു. നിരവധി വാഹനങ്ങൾക്ക് അക്രമികൾ തീയിട്ടു. അനധികൃത ബോട്ടുകളിലൂടെ ഇംഗ്ലിഷ് ചാനൽകടന്ന് അഭയാർഥി സ്റ്റാറ്റസിനായി കാത്തിരിക്കുന്ന ഒന്നുമില്ലാത്ത പാവങ്ങൾക്കുനേരേയാണ് പ്രതിഷേധക്കാരുടെ ഏറ്റവും വലിയ രോഷപ്രകടനം.

റോതർഹാമിൽ ഇത്തരത്തിൽ അഭയാർഥികളെ താമസിപ്പിച്ചിരിക്കുന്ന ഹോളിഡേ ഇൻ ഹോട്ടലിന്‍റെ ജനൽചില്ലുകളും മറ്റും അടിച്ചുതകർത്ത അക്രമികൾ വാഹനങ്ങൾ കത്തിച്ചും മറ്റും പ്രതിഷേധം ശക്തമാക്കി. അക്രമികളെ ബലംപ്രയോഗിച്ച് നീക്കം ചെയ്താണ് പൊലീസ് തീയണച്ചത്.

വിവിധ അക്രമസംഭവങ്ങളിൽ പത്തോളം പൊലീസുകാർക്ക് പരുക്കേറ്റു. വിവധ സ്ഥലങ്ങളിൽനിന്നായി ഇരുന്നൂറോളം അക്രമികളെ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. അക്രമം അവസാനിപ്പിക്കണമെന്നും പ്രതിഷേധങ്ങൾ സമാധാനപരമായി മാത്രം നടത്തണമെന്നും പ്രധാനമന്ത്രിയും പ്രതിപക്ഷനേതാവും ആഹ്വാനം ചെയ്തു.

സൗത്ത് പോർട്ടിലെ ഹാർട്ട് സ്ട്രീറ്റിൽ കുട്ടികൾക്കായി നടത്തുന്ന ഡാൻസ്- യോഗാ ക്ലാസിലേക്ക് ഓടിക്കയറിയ അക്രമി പത്തുവയസ്സിനു താഴെമാത്രം പ്രായമുള്ള പതിനൊന്നു കുഞ്ഞുങ്ങളെ കുത്തിവീഴ്ത്തി. ഈ സംഭവത്തിൽ മൂന്ന് കുട്ടികൾ മരിച്ചതിനെ തുടർന്നുണ്ടായ സമൂഹ മാധ്യമ പ്രചാരണമാണ് കലാപത്തിന് കാരണമായത്.അക്രമം തടയാൻ ശ്രമിച്ച ഡാൻസ് ടീച്ചർക്കും സഹായിക്കും ഗുരുതരമായി കുത്തേറ്റു. പരിക്കേറ്റ ടീച്ചറും അഞ്ചു കുട്ടികളും ഇനിയും അപകടനില തരണം ചെയ്തിട്ടില്ല.

ഇതിനിടെ സൗത്ത്പോർട്ടിലെ കലാപം രാജ്യം മുഴുവൻ ആളിപ്പടർന്നു. ഏറെ നാളായി അടക്കിപ്പിടിച്ചിരുന്ന കുടിയേറ്റ വിരുദ്ധ വികാരം പരസ്യമാക്കി തീവ്രവലതുപക്ഷ നിലപാടുകാർ നിരത്തിലിറങ്ങി. മുഖം പരിപൂർണമായും മറയ്ക്കുന്ന മാസ്ക് ധരിച്ചാണ് പല സ്ഥലങ്ങളിലും അക്രമികൾ അഴിഞ്ഞാടിയത്. ഇതോടെ മുഖം പരിപൂർണമായി മറച്ച് പ്രതിഷേധത്തിന് എത്തുന്നവരെ പൊലീസ് അറസ്റ്റ്ചെയ്തു. ഇത് സ്ഥിതിഗതികൾ കൂടുതൽ സംഘർഷഭരിതമാക്കി.

വെള്ളിയാഴ്ച രാത്രിയിലും ശനിയാഴ്ചയുമായി നടന്ന അക്രമസംഭവങ്ങൾ ഇന്നലെയും രാജ്യത്തിന്‍റെ പലഭാഗത്തും ആവർത്തിക്കുന്ന കാഴ്ചാണ് കണ്ടത്. വാരാന്ത്യത്തിന്‍റെ ഇടവേള കഴിഞ്ഞാൽ അക്രമികളെ നിയന്ത്രിച്ച് സ്ഥിതിഗതികൾ പൂർവസ്ഥിതിയിൽ ആക്കാമെന്നാണ് പൊലീസിന്‍റെ വിശ്വാസം. അക്രമികൾക്കെതിരേ ശക്തമായ നിലപാടാണ് ബ്രിട്ടനിലെ പുതിയ സർക്കാരും മുഖ്യ പ്രതിപക്ഷമായ കൺസർവേറ്റീവ് പാർട്ടിയും സ്വീകരിക്കുന്നത്.

അതിനിടെ യുകെയില്‍ പടര്‍ന്നു പിടിച്ച കുടിയേറ്റ വിരുദ്ധ കലാപത്തിന് ഇരയായി മലയാളി യുവാവ്. നോര്‍ത്തേണ്‍ അയര്‍ലന്‍ഡിന്‍റെ തലസ്ഥാന നഗരമായ ബെല്‍ഫാസ്റ്റില്‍ താമസിക്കുന്ന മലയാളി യുവാവിനു നേരെയാണ് പ്രതിഷേധക്കാര്‍ കഴിഞ്ഞ ദിവസം ആക്രമണം അഴിച്ചു വിട്ടത്. ഇദ്ദേഹം ജോലി കഴിഞ്ഞു മടങ്ങുമ്പോള്‍ രാത്രിയിലായിരുന്നു ആക്രമണം.

ഏതാനും ദിവസങ്ങള്‍ക്കു മുമ്പ് ഇതേ യുവാവിനു നേരെ മുട്ടയേറു നടന്നിരുന്നു. ഇതു ചെയ്തവര്‍ക്കെതിരെ യുവാവു ചോദ്യങ്ങള്‍ ഉയര്‍ത്തുകയും എതിര്‍ക്കുകയും ചെയ്തിരുന്നു. ഇതിന്‍റെ വൈരാഗ്യത്തില്‍ കഴിഞ്ഞ ദിവസം പ്രതിഷേധക്കാര്‍ സംഘം ചേര്‍ന്ന് എത്തി യുവാവിനെ ആക്രമിക്കുകയായിരുന്നു.

ഇയാള്‍ നടന്നു പോകുമ്പോള്‍ പിന്നില്‍ നിന്നു തല്ലി താഴെയിട്ട ശേഷം കൂട്ടം ചേര്‍ന്നു നിലത്തിട്ടു ചവിട്ടുകയായിരുന്നത്രെ. പരുക്കേറ്റ ഇദ്ദേഹം ആശുപത്രിയില്‍ ചികിത്സ തേടി എത്തിയതോടെ ആശുപത്രി അധികൃതര്‍ പൊലീസില്‍ അറിയിച്ചതായാണ് വിവരം. യുവാവിനു ഗുരുതരമായ പരുക്കുകളില്ല. പ്രായപൂര്‍ത്തിയാകാത്തവരാണ് ആക്രമണത്തിനു നേതൃത്വം നല്‍കുന്നവരില്‍ ഏറെയും എന്നതു നടപടി എടുക്കുന്നതില്‍ നിന്നു പൊലീസിനെയും പിന്തിരിപ്പിക്കുന്നുണ്ട്.

സംഭവത്തിനു പിന്നാലെ, പ്രക്ഷോഭ മേഖലയില്‍ താമസിക്കുന്ന മലയാളികള്‍ ജാഗ്രത പുലര്‍ത്തണമെന്നും അനാവശ്യമായും ഒറ്റപ്പെട്ടും നഗരത്തില്‍ ചുറ്റി നടക്കരുതെന്നും വാട്‌സാപ് ഗ്രൂപ്പുകളിലൂടെ മലയാളി സംഘടനകള്‍ ഉള്‍പ്പടെ മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്. കൂട്ടമായി മലയാളം സംസാരിച്ചു മറ്റുള്ളവരെ പ്രകോപിപ്പിക്കുന്നതില്‍ നിന്നു വിട്ടു നില്‍ക്കണമെന്നും നിര്‍ദേശമുണ്ട്.

അടുത്തിടെ യുകെയില്‍ എത്തിയവര്‍ തദ്ദേശിയരെ പ്രകോപിപ്പിക്കും വിധം പെരുമാറുന്നത് പലരുടെയും പ്രതിഷേധങ്ങള്‍ക്കു കാരണമാകുന്നുണ്ട് എന്ന ആക്ഷേപമുണ്ട്. ഇത് ഒഴിവാക്കണം എന്നാണ് നിര്‍ദേശം. യുകെയില്‍ ഇംഗ്ലണ്ടില്‍ ഉള്‍പ്പടെ കറുത്തവര്‍ക്കും ഏഷ്യക്കാര്‍ക്കും എതിരെ ആക്രണമങ്ങള്‍ തുടര്‍ച്ചയായി റിപ്പോര്‍ട്ടു ചെയ്യപ്പെടുന്ന സാഹചര്യത്തിലാണ് ഇത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.