1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 18, 2025

സ്വന്തം ലേഖകൻ: ബോളിവുഡ് നടൻ സെയ്ഫ് അലിഖാനെ വീട്ടിൽക്കയറി ആക്രമിച്ച സംഭവത്തിൽ പ്രതിയെ പിടികൂടാനാകാതെ മുംബൈ പോലീസ്. 30 ടീമുകളായി തിരിഞ്ഞ് അന്വേഷിച്ചിട്ടും പ്രതിയെ കണ്ടെത്താൻ ഇതുവരെ പോലീസിന് സാധിച്ചിട്ടില്ല. 30-ലധികം പേരുടെ മൊഴി ഇതിനോടകം പോലീസ് രേഖപ്പെടുത്തിയിട്ടുണ്ട്.

പോലീസിന് നിരവധി സൂചനകൾ ലഭിച്ചിട്ടുണ്ടെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് പറഞ്ഞു. പോലീസ് അന്വേഷണം പുരോ​ഗമിക്കുകയാണ്. ഉടൻ തന്നെ പ്രതി പിടിയിലാകുമെന്നും അദ്ദേഹം വ്യക്തമാക്കി. മുംബൈ പോലീസിന്റെ 20 സംഘങ്ങളും ക്രൈം ബ്രാഞ്ചിന്റെ 10 സംഘങ്ങളുമാണ് നിലവിൽ വിഷയം അന്വേഷിക്കുന്നത്. വെള്ളിയാഴ്ച രാവിലെ ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്തെങ്കിലും ഇയാളല്ല അക്രമി എന്നാണ് വിവരം.

സെയ്ഫ് അലിഖാനെ കുത്തിയ പ്രതി പ്രദേശം നേരത്തേ നിരീക്ഷിച്ചിരുന്നതായാണ് പോലീസ് സംശയിക്കുന്നത്. ബാന്ദ്ര വെസ്റ്റിൽ സദ്ഗുരുശരൺ ബിൽഡിങ്ങിന്റെ 11, 12 നിലകൾ യോജിപ്പിച്ചുള്ള ഡ്യൂപ്ലക്സിലാണ് ഖാന്റെ കുടുംബം താമസിക്കുന്നത്. കെട്ടിടത്തിന്റെ പിന്നിലെ ഗേറ്റ് ചാടിയാണ് ഇയാൾ അകത്തുകടന്നതെന്ന് പോലീസ് പറയുന്നു. കെട്ടിടത്തിനുള്ളിൽ പ്രവേശിച്ചതോടെ സി.സി.ടി.വി. ക്യാമറകൾ ഒഴിവാക്കാൻ ഫയർ എക്സിറ്റ് പടികൾ കയറുകയായിരുന്നു. കൃത്യമായ ആസൂത്രണമില്ലാതെ ഇതിനു സാധിക്കില്ലെന്നാണ് പോലീസിന്റെ നിഗമനം.

സെയ്ഫ് അലിഖാൻ താമസിക്കുന്ന കെട്ടിടത്തിൽ സുരക്ഷാ ക്രമീകരണങ്ങൾ കർശനമല്ലെന്ന് പോലീസ് വിലയിരുത്തി. പ്രധാന ഗേറ്റിൽ രണ്ട് കാവൽക്കാരും പിൻഗേറ്റിൽ ഒരാളുമാണ് ഉണ്ടായിരുന്നത്. അതിനിടെ, പ്രതി കെട്ടിടത്തിലേക്ക് കയറിപ്പോകുന്നതിന്റെ ദൃശ്യങ്ങൾ പോലീസ് വെള്ളിയാഴ്ച പുറത്തുവിട്ടു. മുഖം മറച്ച് ബാഗുമായാണ് കയറുന്നത്. രണ്ടരയോടെയായിരുന്നു ഇയാൾ സെയ്ഫ് അലിഖാനെ ആക്രമിച്ചത്. സംഭവത്തിനുശേഷം ഇയാൾ താഴേക്കു പോകുന്ന ദൃശ്യങ്ങൾ പോലീസ് പുറത്തുവിട്ടിരുന്നു. ഇതിൽ ഇയാളുടെ മുഖം വ്യക്തമാണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.