സ്വന്തം ലേഖകൻ: ബോളിവുഡ് നടൻ സെയ്ഫ് അലി ഖാന് കുത്തേറ്റു. വീടുകയറിയുള്ള കൊള്ളയ്ക്കിടെ നടനെ അക്രമി കുത്തിയതായാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. വ്യാഴാഴ്ച പുലർച്ചെ 2.30-ഓടെയായിരുന്നു സംഭവം. മുംബൈ ലീലാവതി ആശുപത്രിയിൽ ചികിത്സയിലാണ് ഇപ്പോൾ സെയ്ഫ്. നടൻ അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതർ സ്ഥിരീകരിച്ചു.
താരത്തിന്റെ വസതിയിൽ മോഷണശ്രമം നടന്നതായി സ്ഥിരീകരിച്ച് സെയ്ഫ് അലി ഖാന്റെ ഔദ്യോഗിക ടീം രംഗത്തെത്തി. താരത്തിനെ ഇപ്പോൾ ശസ്ത്രക്രിയക്ക് വിധേയനാക്കിയിരിക്കുകയാണ്. “ആരാധകർ ക്ഷമയോടെ ഇരിക്കണമെന്ന് അഭ്യർഥിക്കുന്നു. ഇത് പോലീസ് കൈകാര്യം ചെയ്യേണ്ട വിഷയമാണ്”. സ്ഥിതിഗതികൾ അറിയിക്കാമെന്നും അവർ വ്യക്തമാക്കി.
സെയ്ഫ് ഉറങ്ങിക്കിടക്കുമ്പോൾ മോഷ്ടാവ് അതിക്രമിച്ചുകയറിയതായാണ് മുംബൈ പോലീസ് പറയുന്നത്. ഒരാൾ മാത്രമാണ് അക്രമത്തിന് പിന്നിൽ. അക്രമിയും നടനും തമ്മിൽ സംഘർഷമുണ്ടായതായും തുടർന്ന് ഇയാൾ സെയ്ഫിനെ നാലുതവണ കുത്തുകയുമായിരുന്നു. പ്രതി ഉടൻ സ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടു.
സംഘർഷത്തിനിടെ, വീട്ടിലെ പരിചാരകന് പരിക്കേറ്റതായും റിപ്പോർട്ടുണ്ട്. വസതിയിലെ മൂന്ന് ജീവനക്കാരെ പോലീസ് ചോദ്യംചെയ്യുന്നുണ്ട്. പ്രതിയെ കണ്ടെത്തുന്നതിന് നിരവധി സംഘങ്ങളായി തിരിഞ്ഞുള്ള അന്വേഷണത്തിലാണ് ഇപ്പോൾ പോലീസ്. സംഭവത്തിൽ മുംബൈ ക്രൈംബ്രാഞ്ചും സമാന്തര അന്വേഷണം നടത്തുന്നുണ്ട്.
വ്യാഴാഴ്ച പുലർച്ചെ 3.30-നാണ് സെയ്ഫിനെ മുംബൈ ലീലാവതി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. നടന് ആറ് പരിക്കുകളുള്ളതായാണ് ആശുപത്രി അധികൃതർ നൽകുന്ന വിവരം. ഇതിൽ, രണ്ട് മുറിവുകൾ ആഴമുള്ളതാണ്. ഒരു മുറിവ് നട്ടെല്ലിന് അടുത്താണെന്നും അധികൃതർ വ്യക്തമാക്കുന്നു. നടനെ ശസ്ത്രക്രിയയ്ക്ക് വിധേയമാക്കുമെന്നും അധികൃതർ വ്യക്തമാക്കി.
ബോളിവുഡ് നടൻ സെയ്ഫ് അലി ഖാനെ കുത്തിയ പ്രതിയെ തിരിച്ചറിഞ്ഞതായി പോലീസ്. നിലവിൽ പ്രതിയെ പിടികൂടാനായി പത്തംഗ ടീമിനെ നിയോഗിച്ചിരിക്കുകയാണ്. വീട്ടിലെ ഫയർ എസ്കേപ്പ് ഗോവണിയിലൂടെയാണ് പ്രതി സെയ്ഫിന്റെ മുറിയിൽ കയറിപ്പറ്റിയതെന്നും ഡി.സി.പി. ദീക്ഷിത് ഗെദാം പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല