സ്വന്തം ലേഖകൻ: അമേരിക്കന്‍ ബാസ്‌കറ്റ്ബോള്‍ ഇതിഹാസം കോബി ബ്രയാന്റിന്റെ അപ്രതീക്ഷിത മരണത്തിന്റെ ഞെട്ടലിലാണ് കായിക ലോകം. ലോകമെങ്ങും താരത്തിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ചുകൊണ്ടുള്ള സന്ദേശങ്ങളുടെ പ്രവാഹമാണ്. സച്ചിന്‍ തെണ്ടുല്‍ക്കര്‍, റോജര്‍ ഫെഡറര്‍, ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, ലയണല്‍ മെസ്സി, വിരാട് കോലി, രോഹിത് ശര്‍മ തുടങ്ങിയവരെല്ലാം താരത്തിന് ആദരാഞ്ജലി അര്‍പ്പിച്ച് രംഗത്തെത്തിയിരുന്നു.
കാലിഫോര്‍ണിയയിലെ കലബസാസ് മേഖലയില്‍ ഉണ്ടായ ഹെലികോപ്റ്റര്‍ അപകടത്തിലാണ് കോബിക്ക് ജീവന്‍ നഷ്ടമായത്. അദ്ദേഹത്തിന്റെ 13 വയസുകാരി മകള്‍ ജിയാന ഉള്‍പ്പെടെ ഹെലികോപ്റ്ററിലുണ്ടായിരുന്ന ഒമ്പത് പേരും മരിച്ചു. പ്രാദേശിക സമയം ഞായറാഴ്ച രാവിലെയായിരുന്നു അപകടം.
കോബിയുടെ മരണത്തില്‍ അനുശോചനങ്ങള്‍ പ്രവഹിക്കുന്നതിനിടെ എട്ടു വര്‍ഷം മുമ്പുള്ള ഒരു ട്വീറ്റ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരിക്കുകയാണ്. കോബി ബ്രയാന്റിന്റെ മരണം പ്രവചിച്ചുകൊണ്ടുള്ള ട്വീറ്റായിരുന്നു ഇത്. ‘കോബിയുടെ അന്ത്യം ഹെലികോപ്റ്റര്‍ അപകടത്തിലാകും’, എന്നാണ് 2012-ലെ ഈ ട്വീറ്റ്. ഡോട്ട് നോസോ എന്നു പേരുള്ള ട്വീറ്റര്‍ ഹാന്‍ഡിലില്‍ നിന്നാണ് ഇത് ട്വീറ്റ് ചെയ്തിരിക്കുന്നത്. അതും 2012 നവംബര്‍ 14-ന്.
എട്ടു വര്‍ഷം മുമ്പുള്ള ഈ ട്വീറ്റ് കോബി ബ്രയാന്റ് ഹെലികോപ്റ്റര്‍ അപകടത്തില്‍ തന്നെ കൊല്ലപ്പെട്ടതോടെ വന്‍തോതില്‍ ചര്‍ച്ചയാകുകയാണ്. എന്നാല്‍ ഈ ട്വീറ്റ് വ്യാജമാണെന്നും ഒരു കൂട്ടര്‍ ആരോപിക്കുന്നു. എന്നാല്‍ ട്വിറ്റര്‍ അതിന്റെ ഉപഭോക്താക്കള്‍ക്ക് ട്വീറ്റ് എഡിറ്റ് ചെയ്യാനുള്ള സൗകര്യം നല്‍കുന്നില്ലെന്നും ചിലര്‍ ചൂണ്ടിക്കാണിക്കുന്നു.
അമേരിക്കയിലെ പ്രൊഫഷണല്‍ ബാസ്‌ക്കറ്റ്‌ബോള്‍ ലീഗായ എന്‍.ബി.എയിലെ ടീം ലോസ് ഏഞ്ചല്‍സ് ലേക്കേഴ്സിന്റെ താരമായിരുന്നു കോബി. അതും 41 വയസ് നീണ്ട ജീവിതത്തില്‍ 20 വര്‍ഷവും അദ്ദേഹം ലേക്കേഴ്സിനൊപ്പമായിരുന്നു.
അഞ്ചു തവണ ലോകചാമ്പ്യന്‍, 18 തവണ ഓള്‍ ടൈം സ്റ്റാര്‍, മോസ്റ്റ് വാല്യുബ്ള്‍ പ്ലയര്‍..ബാസ്‌ക്കറ്റ്ബോള്‍ കോര്‍ട്ടില്‍ നിന്ന് കോബി ബ്രയാന്റ് വലയിലാക്കാത്ത നേട്ടങ്ങളില്ല. ഒപ്പം ഒളിമ്പിക്സില്‍ അമേരിക്കന്‍ ടീമിനൊപ്പം തുടര്‍ച്ചയായി രണ്ടു തവണ സ്വര്‍ണമെഡല്‍, 2008-ല്‍ ബെയ്ജിങ് ഒളിമ്പിക്സിലും 2012-ല്‍ ലണ്ടന്‍ ഒളിമ്പിക്സിലും.
മൂന്നര വര്‍ഷം മുമ്പാണ് കോബി കോര്‍ട്ടിനോട് വിടപറഞ്ഞത്. 2016-ലായിരുന്നു ലേക്കേഴ്സിനായി അദ്ദേഹം അവസാനമായി കോര്‍ട്ടിലിറങ്ങിയത്. കരിയറില്‍ ആകെ 33643 പോയിന്റാണ് കോബിയുടെ പേരിലുള്ളത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല