സ്വന്തം ലേഖകന്‍: 2017 ലെ അണ്ടര്‍ 17 ലോകകപ്പ് വേദി, കൊച്ചിക്ക് ഫിഫയുടെ പച്ചക്കൊടി. കൊണ്ട് കൊച്ചി ജവഹര്‍ലാല്‍ നെഹ്രു സ്‌റ്റേഡിയത്തെ ലോകകപ്പ് വേദിയായി ഫിഫ സംഘം അംഗീകരിച്ചതോടെ അടുത്ത വര്‍ഷം നടക്കുന്ന അണ്ടര്‍ 17 ലോകകപ്പില്‍ കൊച്ചി വേദിയാകുമെന്ന് ഉറപ്പായി. അടുത്ത ഒക്ടോബറിലാണ് ലോകകപ്പ് മത്സരങ്ങള്‍ നടക്കുന്നത്.
കഴിഞ്ഞ ദിവസം കൊച്ചിയില്‍ പരിശോധന നടത്തിയ ഫിഫ സംഘം ഒരുക്കങ്ങളില്‍ പൂര്‍ണ്ണ തൃപ്തി പ്രകടിപ്പിച്ചു. ലോകകപ്പിനായി ഇന്ത്യയിലെ ആദ്യ ആറ് നഗരങ്ങളെയാണ് പ്രാഥമികമായി തെരഞ്ഞെടുത്തതെങ്കിലും കൊച്ചിയുടെ കാര്യം മാത്രമാണ് ഫിഫാ സംഘം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. മറ്റ് സ്റ്റേഡിയങ്ങളുടെ കാര്യത്തില്‍ ഇനിയും പരിശോധന ഉണ്ടാകും. ബാംഗ്ലൂര്‍, ഡല്‍ഹി, മുംബൈ, കൊല്‍ക്കത്ത, ഗോവ എന്നിവയെയും പരിഗണിച്ചിരുന്നു.
സ്റ്റേഡിയത്തിലെ വിഐപി ഗ്യാലറി ഉള്‍പ്പെടെയുള്ളവയുടെ കാര്യത്തിലാണ് പ്രധാനമായും പരിശോധന നടത്തിയത്. പ്രധാന സ്റ്റേഡിയത്തിനൊപ്പം ആറ് പരിശീലന മൈതാനങ്ങളുടെയും ഒരുക്കത്തില്‍ ഫിഫ തൃപ്തി രേഖപ്പെടുത്തി. പൂര്‍ണ്ണ സജ്ജമായിരിക്കുന്ന സ്റ്റേഡിയത്തില്‍ ഇനി ചെറിയ ജോലികള്‍ മാത്രമാണ് അവശേഷിക്കുന്നത്. പ്രാഥമിക ഗ്രൂപ്പ് മത്സരങ്ങള്‍ക്കാണ് കൊച്ചി വേദിയാകുക.
കൊച്ചിയില്‍ നേരത്തേ ഇന്ത്യയുടെ ലോകകപ്പ് ഫുട്‌ബോള്‍ യോഗ്യതാ മത്സരങ്ങള്‍ നടന്നിട്ടുണ്ട്. ഇതിന് പുറമേ അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരങ്ങള്‍ക്കും വേദിയായിരുന്നു. ഇന്ത്യന്‍ സൂപ്പര്‍ലീഗില്‍ ഏറ്റവും കൂടുതല്‍ കാണികളെ സമ്മാനിക്കുന്ന വേദികളില്‍ ഒന്നായ കൊച്ചി ലീഗിലെ ബ്‌ളാസ്‌റ്റേഴ്‌സിന്റെ ഹോം മത്സര വേദികൂടിയാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല