സ്വന്തം ലേഖകന്‍: കൊച്ചിയിലെ ആഡംബര ബ്യൂട്ടിപാര്‍ലറിലെ വെടിവെയ്പ്; ദുരൂഹതയായി മുംബൈ അധോലോക നായകന്‍ രവി പൂജാര ബന്ധം; ബ്യൂട്ടിപാര്‍ലര്‍ 19 കോടി തട്ടിയ കേസിലെ പ്രതി നടി ലീനയുടേത്. കൊച്ചിയില്‍ വെടിവയ്പുണ്ടായ ബ്യൂട്ടിപാര്‍ലര്‍ നടി ലീന മരിയ പോളിന്റെത്. ഇവര്‍ 2013 ല്‍ ചെന്നൈ കനറ ബാങ്കില്‍ നിന്നു 19 കോടി രൂപ തട്ടിയെടുത്ത കേസിലെ പ്രതിയാണ്. ഡല്‍ഹിയിലെ ഫാം ഹൗസില്‍ വച്ച് നടി അറസ്റ്റിലാകുകയും ചെയ്തു. റെഡ് ചില്ലീസ്, ഹസ്ബന്‍ഡ്‌സ് ഇന്‍ ഗോവ എന്നീ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.
ശനിയാഴ്ച വൈകിട്ട് മൂന്നരക്കായിരുന്നു ഞെട്ടലുണ്ടാക്കിയ വെടിവയ്പ് നടന്നത്. സംഭവസമയത്തു നടി സ്ഥലത്തുണ്ടായിരുന്നില്ല. ജീവനക്കാരും ബ്യൂട്ടിപാര്‍ലറിലെത്തിയ മറ്റു ചിലരുമാണുണ്ടായിരുന്നത്. പനമ്പിള്ളി നഗറിലെ തിരക്കേറിയ സ്ഥലത്താണ് ബ്യൂട്ടി പാര്‍ലര്‍ സ്ഥിതി ചെയ്യുന്നത്. പൊലീസെത്തി തെളിവെടുപ്പ് നടത്തി. ബൈക്കിലെത്തിയ രണ്ടുപേരാണ് വെടിവച്ചത്. ബ്യൂട്ടിപാര്‍ലര്‍ ഉടമയ്ക്ക് പണം ആവശ്യപ്പെട്ട് പലതവണ ഫോണില്‍ ഭീഷണിസന്ദേശം ലഭിച്ചിരുന്നു.
മുംബൈ അധോലോക നായകന്‍ രവി പൂജാരയുടെ പേരിലായിരുന്നു ഫോണ്‍. 25 കോടി രൂപയാണ് ഇവര്‍ ആവശ്യപ്പെട്ടത്. എന്നാല്‍ പണം നല്‍കാന്‍ ഉടമ തയ്യാറായില്ല. പൊലീസില്‍ പരാതി നല്‍കുകയും ചെയ്തു. ഇതിന്റെ വൈരാഗ്യം തീര്‍ക്കാനാണ് അക്രമികള്‍ വെടിവയ്പ് നടത്തിയതെന്നു കരുതുന്നു. വെടിവയ്പിനു ശേഷം ഇവര്‍ രക്ഷപ്പെട്ടു. രക്ഷപ്പെടുന്നതിനിടെ മുംബൈ അധോലോക ഗുണ്ടയുമായി ബന്ധമുണ്ടെന്നു സൂചിപ്പിക്കുന്ന ഒരു പേപ്പര്‍ സ്ഥലത്തു ഉപേക്ഷിക്കുകയും ചെയ്തു. സംഭവത്തില്‍ ആര്‍ക്കും പരുക്കില്ല.
പത്തുകോടിയുടെ തട്ടിപ്പു കേസില്‍ മലയാളി നടി ലീനയും ബിസിനസ് പങ്കാളി സുകാഷ് ചന്ദ്രശേഖറും നാലു കൂട്ടാളികളും 2015 ല്‍ സാമ്പത്തിക കുറ്റകൃത്യവിഭാഗത്തിന്റെ പിടിയിലായിരുന്നു. ചുരുങ്ങിയ കാലംകൊണ്ടു നിക്ഷേപത്തിന്റെ പത്തിരട്ടി തിരിച്ചുനല്‍കുമെന്നു വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ്. ചെന്നൈയില്‍ 19 കോടി രൂപയുടെ തട്ടിപ്പുകേസിലും ലീനയെയും ശേഖറിനെയും അറസ്റ്റ് ചെയ്തിരുന്നു. 2013ലായിരുന്നു ഇതെന്ന് മനോരമ റിപ്പോര്‍ട്ട് ചെയ്യുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല