സ്വന്തം ലേഖകന്‍: രാജ്യത്തെ അന്താരാഷ്ട്ര വിമാനയാത്രക്കാരുടെ എണ്ണത്തില്‍ ഡല്‍ഹി ഒന്നാമത്, കൊച്ചി നാലാം സ്ഥാനവും കോഴിക്കോട് ഏഴാം സ്ഥാനവും തിരുവനന്തപുരം എട്ടാം സ്ഥാനവും സ്വന്തമാക്കി. ഇക്കഴിഞ്ഞ സെപ്റ്റംബര്‍ 30 ന് അവസാനിച്ച അര്‍ധവാര്‍ഷിക കണക്കുകള്‍ പ്രകാരം അന്താരാഷ്ട്ര വിമാനയാത്രക്കാരുടെ എണ്ണത്തില്‍ കോഴിക്കോട് വിമാനത്താവളം 22.49 ശതമാനം വര്‍ധനയും നേടി.
സംസ്ഥാനത്തെ മൂന്ന് വിമാനത്താവളങ്ങളില്‍ തിരുവനന്തപുരത്തെ പിന്‍തള്ളി കോഴിക്കോട് ഇത്തവണ രണ്ടാമതെത്തി. എയര്‍ ട്രാഫിക്ക് കണ്‍ട്രോള്‍ വിഭാഗം പുറത്തിറക്കിയ യാത്രക്കാരുടെ എണ്ണം സംബന്ധിച്ച കണക്കുകള്‍ പ്രകാരമാണ് ഇത്. എയര്‍ ട്രാഫിക്ക് വിഭാഗത്തിന്റെ കണക്കുകള്‍ പ്രകാരം 81,23,020 യാത്രക്കാരുമായി ഡല്‍ഹി അന്താരാഷ്ട്ര വിമാനത്താവളമാണ് രാജ്യത്ത് ഒന്നാമത്.
26,88,266 യാത്രക്കാരുമായി കൊച്ചി നാലാംസ്ഥാനത്തും, 13,45,024 യാത്രക്കാരുമായി കോഴിക്കോട് ഏഴാംസ്ഥാനത്തും, 12,38,025 യാത്രക്കാരുമായി തിരുവനന്തപുരം എട്ടാം സ്ഥാനത്തുമെത്തി. യാത്രക്കാരുടെ എണ്ണത്തില്‍ ആദ്യപന്ത്രണ്ടില്‍ എട്ടും തെക്കെ ഇന്ത്യയിലാണ്. കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം എന്നിവയ്ക്കു പുറമെ ചെന്നൈ, ബംഗ്ലൂരു, ഹൈദരാബാദ്, മംഗലാപുരം, തിരുച്ചിറപ്പള്ളി എന്നിവയാണ് അവ.
ആഭ്യന്തര യാത്രക്കാരുടെ എണ്ണത്തിലും കോഴിക്കോട് സര്‍വകാല റെക്കോര്‍ഡ് നേടി. 2,57,690 ആഭ്യന്തര വിമാന യാത്രക്കാരാണ് ഈ അര്‍ധവര്‍ഷം കോഴിക്കോട് വഴി കടന്നുപോയത്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ കോഴിക്കോട്ടെ മൊത്തം യാത്രക്കാര്‍ 13,00,345 പേരായിരുന്നുവെങ്കില്‍ ഈ വര്‍ഷം അത് 16,02,714 ആയി ഉയര്‍ന്നു. ഈ വര്‍ഷം മൊത്തം യാത്രക്കാരുടെ എണ്ണം 30 ലക്ഷം കവിയുമെന്ന പ്രതീക്ഷയിലാണ് അധികൃതര്‍.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല