സ്വന്തം ലേഖകൻ: അറബിക്കടലിന്റെ റാണിയായ കൊച്ചിയേയും ഖത്തറിന്റെ തലസ്ഥാന നഗരമായ ദോഹയേയും നേരിട്ട് ബന്ധിപ്പിച്ച് പുതിയ സര്‍വീസ് ആരംഭിക്കുമെന്ന് എയര്‍ ഇന്ത്യ പ്രഖ്യാപിച്ചു. ഒക്ടോബര്‍ 23 മുതലാണ് പ്രതിദിന സര്‍വീസ് തുടങ്ങുക. ടിക്കറ്റ് ബുക്കിങ് ഇതിനകം ആരംഭിച്ചിട്ടുണ്ട്.
എല്ലാ ദിവസവും ദോഹയില്‍ നിന്ന് പ്രാദേശിക സമയം 4.45നാണ് വിമാനം പുറപ്പെടുക. എഐ954 വിമാനം കൊച്ചിയില്‍ പ്രാദേശിക സമയം 11.35ന് എത്തിച്ചേരും. കൊച്ചിയില്‍ നിന്ന് പ്രാദേശിക സമയം 1.30ന് പുറപ്പെടുന്ന എഐ953 വിമാനം ദോഹയില്‍ 3.45നാണ് എത്തുക. 150 ഇക്കോണമി ക്ലാസ് സീറ്റും 12 ബിസിനസ് ക്ലാസ് സീറ്റും ഉള്‍പ്പെടെ 162 യാത്രക്കാരെ വഹിക്കാന്‍ ശേഷിയുള്ള ഏ320 നിയോ എയര്‍ക്രാഫ്റ്റ് ആണ് സര്‍വീസ് നടത്തുന്നത്.
ഗള്‍ഫ് രാജ്യങ്ങള്‍ ഉള്‍പ്പെടെ കൂടുതല്‍ അന്താരാഷ്ട്ര സര്‍വീസുകള്‍ ആരംഭിക്കുന്നതിന്റെ ഭാഗമായാണ് ദോഹയിലേക്ക് എല്ലാ ദിവസവും നേരിട്ട് വിമാനം ഏര്‍പ്പെടുത്തുന്നത്. കൊച്ചിയില്‍ നിന്ന് എയര്‍ ഇന്ത്യ ദുബായിലേക്ക് എല്ലാ ദിവസവും നേരിട്ട് സര്‍വീസ് നടത്തുന്നുണ്ട്. കൊച്ചി-ദോഹ-കൊച്ചി യാത്രാ ടിക്കറ്റുകള്‍ എയര്‍ ഇന്ത്യയുടെ വെബ് സൈറ്റിലും മൊബൈല്‍ ആപിലും ലഭ്യമാണ്. ട്രാവല്‍ ഏജന്‍സികളും ടിക്കറ്റ് ബുക്കിങ് ആരംഭിച്ചുകഴിഞ്ഞു.
ഒക്ടോബര്‍ 29 മുതല്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസ് ദോഹയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് നോണ്‍ സ്‌റ്റോപ് സര്‍വീസ് ആരംഭിക്കുന്നുണ്ട്. ആഴ്ചയില്‍ നാല് ദിവസം തിരുവനന്തപുരം-ദോഹ-തിരുവനന്തപുരം സെക്ടറിലേക്ക് നേരിട്ട് സര്‍വീസ് ഉണ്ടാവും. ദോഹയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് ചൊവ്വ, വ്യാഴം, ശനി, ഞായര്‍ ദിവസങ്ങളിലും തിരുവനന്തപുരത്ത് നിന്ന് ദോഹയിലേക്ക് ചൊവ്വ, വ്യാഴം, വെള്ളി, ഞായര്‍ എന്നീ ദിവസങ്ങളിലുമാണ് സര്‍വീസ് നടത്തുമെന്ന് എയര്‍ ഇന്ത്യ എക്‌സ്പ്രസ് നേരത്തേ പ്രഖ്യാപിച്ചിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല