സ്വന്തം ലേഖകൻ: കുപ്രസിദ്ധ കുറ്റവാളിയും ഗുണ്ടാനേതാവുമായ ഓംപ്രകാശ് ഉൾപ്പെട്ട മയക്കുമരുന്ന് കേസിൽ അന്വേഷണം മലയാള സിനിമാതാരങ്ങളിലേക്കും. ഓംപ്രകാശിനെ സന്ദർശിച്ച താരങ്ങളുടെ പേര് പൊലീസ് പുറത്തുവിട്ടു. യുവതാരങ്ങളായ പ്രയാഗ മാർട്ടിനും ശ്രീനാഥ് ഭാസിയും ഓംപ്രകാശിനെ സന്ദർശിച്ചതായാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. റിമാൻഡ് റിപ്പോർട്ടിൽ ഇരുവരുടേയും പേരുണ്ട്.
ഹോട്ടലിലെ മൂന്ന് മുറികൾ കേന്ദ്രീകരിച്ചായിരുന്നു പോലീസ് അന്വേഷണം നടത്തിയത്. ഇതിൽ ലഹരി പാർട്ടി നടന്നതായി പൊലീസിന് വിവരം ലഭിച്ചു. 20 പേരാണ് മൂന്നുമുറികളിലായി എത്തിയതെന്നാണ് പൊലീസ് കണ്ടെത്തൽ.
കഴിഞ്ഞദിവസമാണ് കുപ്രസിദ്ധ ഗുണ്ടാനേതാവ് ഓംപ്രകാശും കൂട്ടാളി ഷിഹാസിനേയും എറണാകുളം കുണ്ടന്നൂരിലെ നക്ഷത്ര ഹോട്ടലിൽനിന്ന് പിടികൂടിയത്. മയക്കുമരുന്ന് ഇടപാട് നടത്തിയെന്ന് സംശയിക്കുന്നതിന്റെ പേരിലായിരുന്നു ഇത്. ഇരുപതോളം കേസുകളിൽ പ്രതിയാണ് ഇവർ. പരിശോധനയിൽ ഷിഹാസിന്റെ മുറിയിൽനിന്നും രാസലഹരിയും മദ്യക്കുപ്പികളും പൊലീസ് കണ്ടെടുത്തു.
ജാമ്യത്തിൽ ഇറങ്ങിയ ഇവർ കൊച്ചിയിൽ വന്നതിനെ കുറിച്ച് പൊലീസ് അന്വേഷണം നടത്തിവരികയായിരുന്നു. കൊച്ചിയിലെ പ്രമുഖ ഗുണ്ടാസംഘങ്ങളുമായി ഇവർക്ക് ബന്ധമുണ്ട്. എൻഡിപിഎസ് നിയമപ്രകാരമുള്ള വകുപ്പുകൾ അടക്കം ചുമത്തി കേസെടുത്തതായാണ് മരട് പൊലീസ് പറഞ്ഞത്. ഈ സംഭവത്തിലെ അന്വേഷണം പുരോഗമിക്കവേയാണ് സിനിമാ താരങ്ങൾ ഇവരെ കാണാനെത്തിയ വിവരം പുറത്തുവന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല