സ്വന്തം ലേഖകൻ: ഫെയ്സ് ഡിറ്റക്‌ഷൻ സാങ്കേതികവിദ്യ അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഡിജിയാത്ര ആപ്പ് ഉപയോഗിച്ച് ക്യൂ നിന്ന് മുഷിയാതെ യാത്ര ആസ്വദിക്കാം. രാജ്യത്തെ പന്ത്രണ്ട് വിമാനത്താവളങ്ങളിൽ ഇതിനോടകം നടപ്പിലാക്കി കഴിഞ്ഞ ഈ സേവനം കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലും വിജയകരമായി നടപ്പിലാക്കി വരികയാണ്.
എൻട്രി ഗേറ്റിൽ തുടങ്ങി ബോർഡിങ്ങ് വരെ യാത്രക്കാരെ ക്യൂവിൽ നിൽക്കാതെ രക്ഷിക്കാൻ സാധിക്കുന്ന ആപ്പെന്ന് വേണമെങ്കിൽ ഡിജിയാത്രയെ വിളിക്കാം. ഫെയ്സ് ഡിറ്റക്‌ഷൻ സാങ്കേതികവിദ്യ അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഈ ആപ്പ് ആൻഡ്രോയ്ഡ് ഉപയോക്താക്കൾക്ക് പ്ലേ സ്റ്റോറിലും ആപ്പിൾ ഉപയോക്താക്കൾക്ക് ആപ്പ് സ്റ്റോറിലും ലഭ്യമാണ്.
ആധാർ കാർഡാണ് ആപ്പിന്റെ പ്രവർത്തനത്തിന് ആവശ്യമായ തിരിച്ചറിയൽ രേഖ. ഫോൺ നമ്പറുമായി ലിങ്ക് ചെയ്ത ആധാറുള്ളവർക്കേ ആപ്പ് ഉപയോഗിക്കാനും സാധിക്കൂ. ഫോണിൽ ഡിജിയാത്ര ഡൗൺലോഡ് ചെയ്ത് നിങ്ങളുടെ ഫോൺനമ്പർ നൽകുക. ഒ.ടി.പി കൊടുത്ത് ആപ്പിൽ കയറിയാൽ കാണാൻ സാധിക്കുന്ന പേജിൽ നിന്ന് ഐഡന്റിറ്റി ക്രെഡൻഷ്യൽ തെരഞ്ഞെടുക്കുക.
ആധാർ അടക്കമുള്ള തിരിച്ചറിയൽ രേഖകൾ ഡിജിറ്റലായി സൂക്ഷിക്കാൻ സഹായിക്കുന്ന ഡിജിലോക്കർ ആപ് വഴി നേരിട്ടോ അല്ലാതെ ആധാർ നമ്പർ അടിച്ചുകൊടുത്തോ ആപ്പിൽ തിരിച്ചറിയൽ രേഖ സമർപ്പിക്കാം. ഓഫ് ലൈനായാണ് ആധാർ നമ്പർ നൽകുന്നതെങ്കിൽ ഒ.ടി.പി വരുമെന്ന കാര്യം ശ്രദ്ധിക്കണം. ഇതിന് ശേഷം ഫോൺ ക്യാമറ വഴി ഒരു സെൽഫിയും എടുത്ത് അപ്ലോഡ് ചെയ്താൽ മതി.
വെബ് ചെക്ക് ഇൻ ചെയ്ത ബോർഡിങ്ങ് പാസ് കൂടി ആപ്പിൽ അപ്ലോഡ് ആക്കിയാൽ എൻട്രി ഗേറ്റിൽ മുന്നില്‍ പരിശോധനയ്ക്ക് ചെല്ലേണ്ട കാര്യം തന്നെയില്ല. സ്പെഷ്യൽ ഗേറ്റിലൂടെ ഈസിയായി അകത്ത് കയറാം. ചെക്കിൻ ലഗേജില്ലെങ്കിൽ സെക്യൂരിറ്റി ചെക്കും എളുപ്പം പൂർത്തിയാക്കാം.
ആധാർ ഉപയോഗിച്ച് ഒരു പ്രാവശ്യം രജിസ്റ്റർ ചെയ്തു കഴിഞ്ഞാൽ ഇന്ത്യയിലെ ഡിജിയാത്ര സംവിധാനമുള്ള മറ്റ് ഏത് വിമാനത്താവളങ്ങളിലും ഈ ആപ്പ് ഉപയോഗിച്ച് യാത്ര ചെയ്യാൻ സാധിക്കും. ബോർഡിങ്ങ് പാസ് മാത്രമേ ഓരോ തവണയും പുതുതായി അപ്ലോഡ് ചെയ്യേണ്ടതായുള്ളൂ.
വെബ് ചെക്കിൻ ചെയ്ത് ബോർഡിങ്ങ് പാസ് സ്കാൻ ചെയ്തോ പിഡിഎഫ് ആയോ അപ്ലോഡ് ചെയ്യാം. ഷെയർ ബട്ടൺ അമർത്തിയാൽ വിവരങ്ങൾ വിമാനത്താവളത്തിലേക്ക് കൈമാറ്റം ചെയ്യപ്പെടും. ഇതോടെ ആപ്പിൽ ഒരു ക്യൂ ആർ കോഡ് ലഭ്യമാകും. ഈ ക്യൂ ആർ കോഡ് വിമാനത്താവളത്തിലെ എൻട്രി ഗേറ്റിലുള്ള പ്രത്യേക ഇലക്ട്രോണിക് ഗേറ്റിൽ സ്കാൻ ചെയ്ത് മുന്നിലെ സ്ക്രീനിൽ നിങ്ങളുടെ മുഖം കാണിക്കുക. ഇതോടെ ഗേറ്റ് നിങ്ങൾക്കായി തുറക്കും.
ആഭ്യന്തര യാത്രക്കാർക്കാണ് നിലവിൽ ഈ സേവനം ലഭ്യമാകുന്നത്. ആഭ്യന്തര ടെർമിനലിലെ എൻട്രി ഗേറ്റുകളിലും പ്രീ എമ്പാർക്കേഷൻ സെക്യൂരിറ്റി ചെക്ക് ഏരിയകളിലും ബോർഡിങ്ങ് ഗേറ്റ് ഏരിയകളിലും ഡിജിയാത്ര ഉപയോഗിക്കുന്ന യാത്രക്കാർക്കുള്ള ചെക്കിൻ സംവിധാനം കൊച്ചി വിമാനത്താവളത്തിലുണ്ട്. എൻട്രി ഗേറ്റിൽ ബോർഡിങ്ങ് പാസ് സ്കാൻ ചെയ്ത് മുഖവും സ്കാൻ ചെയ്ത് കയറിയാൽ ബാക്കിയിടങ്ങളിൽ നിങ്ങളുടെ മുഖം മാത്രമാണ് സ്കാൻ ചെയ്യുന്നത്. സുരക്ഷാ ചെക്ക് പോയിന്റുകളിൽ ഇതുവഴി നിങ്ങൾക്ക് സമയലാഭം ഏറെയാണ്.അതായത് അല്പം നേരം വൈകി എത്തിയാലും ക്യു നിന്ന് ഫ്ലൈറ്റ് മിസ്സ് ആകുമെന്ന് പേടിക്കേണ്ട എന്നർത്ഥം.
ആധാറാണ് ഡിജിയാത്രയുടെ മുഖ്യ ഘടകം എന്ന് പറഞ്ഞല്ലോ അതിനാൽ തന്നെ ആധാറിലെ നിങ്ങളുടെ പേരും സ്പെല്ലിങ്ങും ഇനീഷ്യലും തന്നെയാവണം ബോർഡിങ്ങ് പാസിലേതും. അല്ലാത്ത പക്ഷം ബോർഡിങ്ങ് പാസ് ഡിജിയാത്രയുമായി ബന്ധിപ്പിക്കാനാകില്ല. ഏതാണ്ട് ഒരു ലക്ഷത്തോളം യാത്രക്കാർ കൊച്ചി രാജ്യാന്തര വിമാനത്താവളത്തിലെ ഡിജിയാത്ര സേവനം ഉപയോഗിച്ച് യാത്ര ചെയ്തു കഴിഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല