സ്വന്തം ലേഖകൻ: നെടുമ്പാശേരി വിമാനത്താവളത്തില്‍ മഴനനയേണ്ടി വന്നതിനെത്തുടര്‍ന്ന് പനി പിടിച്ചെന്ന യാത്രക്കാരന്റെ പരാതിയില്‍ സിയാല്‍ 16,000 രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവ്. എറണാകുളം ജില്ലാ ഉപഭോക്തൃ തര്‍ക്കപരിഹാര കമ്മീഷന്റേതാണ് വിധി. എറണാകുളം വെണ്ണല സ്വദേശിയായ ടി ജി നന്ദകുമാര്‍ സമര്‍പ്പിച്ച പരാതിയില്‍ ജില്ലാ ഉപഭോക്തൃ കോടതി പ്രസിഡന്റ് ഡി ബി ബിനു, അംഗങ്ങളായ വി രാമചന്ദ്രന്‍, ശ്രീവിദ്യ ടി എന്‍ എന്നിവര്‍ അടങ്ങുന്ന ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്.
ഡല്‍ഹിയിലേക്ക് എയര്‍ ഇന്ത്യ വിമാനത്തില്‍ യാത്ര ചെയ്യാന്‍ നെടുമ്പാശേരി വിമാനത്താവളത്തിലെത്തിയതായിരുന്നു പരാതിക്കാരന്‍. വിമാനത്തില്‍ കയറാന്‍ മഴ നനയേണ്ടിവന്നു. നനഞ്ഞ വസ്ത്രവുമായി ഡല്‍ഹി വരെ യാത്ര ചെയ്യേണ്ടി വന്നതോടെ പനി ബാധിച്ച് മൂന്ന് ദിവസം ആശുപത്രിയില്‍ കിടക്കേണ്ടി വന്നതായും പരാതില്‍ പറയുന്നു. കോഴിക്കോട് വിമാനത്താവളത്തില്‍നിന്ന് വിമാനങ്ങള്‍ കൊച്ചിയിലേക്ക് തിരിച്ചുവിട്ടതും സി ഐ എസ് എഫ് ഉദ്യോഗസ്ഥരുടെ കുറവും മൂലം തനിക്ക് ഏറെ ബുദ്ധിമുട്ടുകളുണ്ടായെന്നും പരാതിക്കാരന്‍ ആരോപിച്ചു.
പരാതിക്കാരന്‍ അനുഭവിച്ച ശാരീരിക ബുദ്ധിമുട്ടുകള്‍ക്കും മന:ക്ലേശത്തിനും 8,000 രൂപ നഷ്ടപരിഹാരവും 8,000 രൂപ കോടതി ചെലവും നല്‍കാനാണ് വിമാനത്താവള ഉടമസ്ഥരായ സിയാലിനോട് കമ്മിഷന്‍ നിര്‍ദേശിച്ചിരിക്കുന്നത്. തുക ഒരു മാസത്തിനകം നല്‍കണം.”വന്‍ ലാഭം ഉണ്ടാക്കുന്ന സ്ഥാപനങ്ങള്‍ പോലും ഉപഭോക്താക്കളുടെ അവകാശസംരക്ഷണത്തില്‍ തികച്ചും നിരുത്തരവാദപരമായ നിലപാടാണ് പലപ്പോഴും സ്വീകരിക്കുന്നത്. മറ്റൊരിടത്തും ഉന്നയിക്കാന്‍ കഴിയാത്ത പരാതികളുമായി സാധാരണക്കാര്‍ ഉപഭോക്തൃ കോടതികളുടെ വാതിലില്‍ മുട്ടുമ്പോള്‍ നിശബ്ദരായി നോക്കി നില്‍ക്കാനാവില്ല,” കമ്മീഷന്‍ വിധിന്യായത്തില്‍ പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല