സ്വന്തം ലേഖകന്‍: സോഷ്യല്‍ മീഡിയ ‘മെട്രോയിലെ ആദ്യ പാമ്പ്’ ആക്കിയ എല്‍ദോയ്ക്ക് കൊച്ചി മെട്രോയുടെ സ്‌നേഹ സമ്മാനം. തെറ്റിദ്ധാരണയുടെ പേരില്‍ സമൂഹമാധ്യമങ്ങളില്‍ അപമാനിക്കപ്പെട്ട അങ്കമാലി സ്വദേശി എല്‍ദോയ്ക്ക് കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡിന്റെ (കെഎംആര്‍എല്‍) വക 2000 രൂപയുടെ സൗജന്യ യാത്രാ പാസ് നല്‍കി. ഭിന്നശേഷിക്കാരനായ എല്‍ദോ മെട്രോയില്‍ യാത്ര ചെയ്യുന്ന ചിത്രം തെറ്റായ അടിക്കുറിപ്പോടെ ചിലര്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയായിരുന്നു.
മെട്രോയില്‍ ക്ഷീണിതനായി കിടന്ന എല്‍ദോയെ, മെട്രോയില്‍ മദ്യപിച്ച് ഉറങ്ങുന്നുന്ന ‘ആദ്യ പാമ്പ്’ എന്നാണ് വിശേഷിപ്പിച്ചിരുന്നത്. പ്രതിസന്ധികളില്‍ തളരാതെ മുന്നോട്ടുനീങ്ങിയ എല്‍ദോയെ സമൂഹമാധ്യമങ്ങളിലെ കള്ളപ്രചാരണം വല്ലാതെ ഉലച്ചിരുന്നു. ഇതിനു പിന്നാലെയാണ് എല്‍ദോയ്ക്ക് കൊച്ചി മെട്രോയുടെ വക 2000 രൂപയുടെ യാത്രാ പാസ് സ്‌നേഹോപഹാരമായി നല്‍കിയത്.
കൊച്ചി മെട്രോയുടെ പാലാരിവട്ടം സ്റ്റേഷനില്‍ നടന്ന ചടങ്ങില്‍ കെഎംആര്‍എല്‍ എംഡി ഏലിയാസ് ജോര്‍ജ് എല്‍ദോയ്ക്ക് യാത്രാ പാസ് സമ്മാനിച്ചു. സംഭവ ദിവസം നെഞ്ചുവേദനയെ തുടര്‍ന്ന് എറണാകുളം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന അനുജന്‍ നോമിയെ കാണാന്‍ ഭാര്യയ്ക്കും മകന്‍ ബേസിലിനുമൊപ്പം പോയതായിരുന്നു എല്‍ദോ. മടക്കത്തില്‍ 11 മണിയോടെ പാലാരിവട്ടത്ത് എത്തിയപ്പോള്‍ മകന്‍ ബേസിലാണു മെട്രോയില്‍ കയറണമെന്നു പറഞ്ഞത്.
ബസില്‍ നിന്നിറങ്ങിയ എല്‍ദോയും കുടുംബവും ആലുവയിലേക്കു പോകുന്നതിനു മെട്രോയില്‍ കയറി. യാത്ര കാരണം ക്ഷീണിതനായിരുന്ന എല്‍ദോ മെട്രോയില്‍ കയറിയപാടെ സീറ്റില്‍ കിടന്നു. തുടര്‍ന്ന് യാത്രക്കാരില്‍ ആരോ എടുത്ത എല്‍ദോ സീറ്റില്‍ കിടക്കുന്ന ചിത്രവും മദ്യപനാക്കിക്കൊണ്ടുള്ള അടിക്കുറിപ്പും സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുകയായിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല