സ്വന്തം ലേഖകൻ: മുട്ടം യാര്‍ഡില്‍ നിര്‍ത്തിയിട്ടിരുന്ന മെട്രോ ടെയിനിന്റെ ബോഗിയില്‍ പെയിന്റുപയോഗിച്ച് പ്ലേ യൂഫോസ്, ബേണ്‍ ഫസ്റ്റ് ഹിറ്റ് കൊച്ചി എന്നിങ്ങനെ വര്‍ണാഭമായി എഴുതിവെച്ചിരിക്കുന്നു. BURN എന്ന് എഴുതി വെച്ചത് കൊണ്ടുതന്നെ ഇതൊരു തീവ്രവാദ ഭീഷണിയാണോ എന്ന സംശയവും പോലീസ് ഉന്നയിക്കുന്നുണ്ട്. ഗ്രാഫിറ്റി എന്നറിയപ്പെടുന്ന ചുവരെഴുത്ത് രീതിയാണ് മെട്രോ ട്രെയിനില്‍ കണ്ടത്.
ഇതിന്റെ കാഴ്ചയില്‍ കാണാന്‍ ഭംഗിയുള്ള വിധം പല വര്‍ണങ്ങള്‍ വാരി വിതറിയും എഴുതിയ പ്രതലത്തില്‍ നിന്ന് എടുത്തു കാണിക്കും വിധം വരച്ചെടുത്തതുമായിരിക്കും ഈ ഗ്രാഫിറ്റികള്‍. സംഭവത്തില്‍ ഗ്രാഫിറ്റി ചിത്രങ്ങളിലൂടെ കുപ്രസിദ്ധരായ ‘റെയില്‍ ഹൂണ്‍സ്’ എന്നൊരു സംഘത്തിന്റെ പേരും ഉയര്‍ന്നു കേള്‍ക്കുന്നുണ്ട്.
സാമൂഹിക, രാഷ്ട്രീയ വിഷയങ്ങള്‍ക്കെതിരെ ശബ്ദമുയര്‍ത്തുന്നവരും പ്രതികരിക്കുന്നവരും തങ്ങളുടെ ആശയ പ്രചരണത്തിനായി ഗ്രാഫിറ്റി പെയിന്റിങ്ങുകള്‍ ഉപയോഗിക്കാറുണ്ട്. യുക്തിയും ചിന്തയും ചിലപ്പോള്‍ വ്യക്തമായ കാരണങ്ങളും ലക്ഷ്യങ്ങളും അടങ്ങിയിട്ടുള്ള കലാമൂല്യമുള്ള വരകളായിരിക്കും ഗ്രാഫിറ്റിയെ ഗൗരവത്തോടെ കലയായി കാണുന്നവരുടേത്.
ചിത്രങ്ങള്‍ വരച്ചുവെക്കുന്നതും അത് വീഡിയോയില്‍ പകര്‍ത്തി സുഹൃത്തുക്കള്‍ക്ക് പങ്കുവെക്കുന്നതുമാണ് വിദേശരാജ്യങ്ങളിലെ ഗ്രാഫിറ്റി വാന്‍ഡല്‍സുകളുടെ രീതി. ചുമരുകളും ട്രെയിനുകളും വാഹനങ്ങളുമെല്ലാം ഇതില്‍ ഉള്‍പ്പെടുന്നു. ചിത്രങ്ങള്‍ വരയ്ക്കുന്നതിനായുള്ള ഉപകരണങ്ങള്‍ക്കായി മോഷണവും ഇക്കൂട്ടര്‍ നടത്തുന്നു.
ഇവരുടെ ചിത്രങ്ങള്‍ നീക്കം ചെയ്യാന്‍ ഓരോ വര്‍ഷവും വലിയൊരു തുകയാണ് ഭരണകൂടങ്ങള്‍ക്ക് മാറ്റിവെക്കേണ്ടി വരുന്നത്. ചിലപ്പോഴൊക്കെ ഒരു വലിയ ശൃംഖലയായിതന്നെ ഇത്തരം നശീകരണ പ്രവൃത്തികള്‍ വ്യാപിക്കാറുമുണ്ട്.
ഒരു പൊതുശല്യമായതുകൊണ്ടുതന്നെ ഗ്രാഫിറ്റി വാന്‍ഡല്‍സുകളെ കൈകാര്യം ചെയ്യാന്‍ പ്രത്യേക നിയമവും വിദേശരാജ്യങ്ങളിലുണ്ട്. ഗ്രാഫിറ്റി വാന്റലിസത്തെ പ്രത്യേകം കുറ്റകൃത്യമായി കണ്ട് പൊതുമുതല്‍ നശിപ്പിക്കാന്‍ നിയമങ്ങളില്‍ നിന്നും താരതമ്യേന കൂടുതല്‍ പിഴശിക്ഷയും തുടര്‍ച്ചയായി കുറ്റം ആവര്‍ത്തിക്കുന്നവര്‍ക്ക് ജയില്‍വാസവും നല്‍കുമെന്നാണ് അമേരിക്കയിലെ നിയമം. കുറ്റം ചെയ്തവരെ കൊണ്ടുതന്നെ ഗ്രാഫിറ്റി ചിത്രങ്ങള്‍ നീക്കം ചെയ്യിക്കാനും നിയമം നിര്‍ദ്ദേശിക്കുന്നു. മറ്റ് രാജ്യങ്ങളിലും ഇത്തരം നിയമങ്ങള്‍ നിലവിലുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല