സ്വന്തം ലേഖകന്‍: പുതിയ ലോഗോയും പുത്തന്‍ കോച്ചുകളുമായി മുഖം മിനുക്കി കൊച്ചി മെട്രോ. പുതിയ മെട്രോ കോച്ചുകളുടെ ഡിസൈനുകള്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അനാച്ഛാദനം ചെയ്തു. ഡിസൈന്‍ ആല്‍ബത്തിന്റെ പ്രകാശനവും മുഖ്യമന്ത്രി നിര്‍വഹിച്ചു. കൊച്ചി മെട്രോയുടെ പുതിയ ലോഗോയുടെ പ്രകാശനം മന്ത്രി ആര്യാടന് മുഹമ്മദ് നിര്‍വഹിച്ചു. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെ കോണ്‍ഫറന്‍സ് ഹാളിലായിരുന്നു ചടങ്ങ്.
പദ്ധതിയുടെ നിര്‍മാണ പുരോഗതിയില്‍ സര്‍ക്കാര്‍ പൂര്‍ണ തൃപ്തരാണെന്നും മെട്രോയ്ക്കായി നിര്‍മിക്കുന്ന കോച്ചുകള്‍ നൂറ് ദിവസത്തിനുള്ളില്‍ കൊച്ചിയിലെത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഏറ്റവും വേഗം പൂര്‍ത്തിയാക്കിയ മെട്രോ എന്ന ബഹുമതി കൊച്ചിക്ക് കൈവരും. ഇക്കാര്യത്തില്‍ ഡി.എം.ആര്.സി.യും കെ.എം.ആര്.എല്ലും വലിയ പങ്കാണ് വഹിക്കുന്നത്. കേരളത്തില്‍ മനസ്സ് വെച്ചാല്‍ നടക്കാത്തതായി ഒന്നുമില്ല എന്നതിന് തെളിവാണ് മെട്രോ പദ്ധതിയെന്നും മുഖ്യമന്ത്രി പറഞ്ഞു.
സംയോജിത ഗതാഗത സംവിധാനങ്ങള്‍ ഉള്‍പ്പെടുത്തിയാണ് പുതിയ ലോഗോ തയ്യാറാക്കിയിരിക്കുന്നത്. മെട്രോയുടെ ടാര്‍ജറ്റ് 2017 മാര്ച്ചാണെങ്കിലും 2016 ല്‍ തന്നെ ട്രയല്‍ റണ്‍ നടത്തുമെന്ന് മന്ത്രി ആര്യാടന് മുഹമ്മദ് പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല