സ്വന്തം ലേഖകന്‍: കൊച്ചി മെട്രോ നഗരത്തിന്റെ ഹൃദയത്തിലേക്ക്, പാലാരിവട്ടം, മഹാരാജാസ് സര്‍വീസ് ചൊവ്വാഴ്ച ഉദ്ഘാടനം ചെയ്യും. രാവിലെ 10.30ന് കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയം സ്റ്റേഷനില്‍ നിന്ന് കേന്ദ്രമന്ത്രി ഹര്‍ദീപ് സിങ് പുരിയും മുഖ്യമന്ത്രി പിണറായി വിജയനും മെട്രോ യാത്ര നടത്തുന്നതോടെ സര്‍വീസിന് ഔപചാരിക തുടക്കമാകും. തുടര്‍ന്ന് 11ന് എറണാകുളം ടൗണ്‍ഹാളില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഔദ്യോഗിക ഉദ്ഘാടനം നിര്‍വഹിക്കും.
ആലുവ മുതല്‍ പാലാരിവട്ടം വരെ 40 രൂപയാണ് നിരക്ക്. മഹാരാജാസ് കോളേജ് വരെ 50 രൂപ. ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയം, കലൂര്‍, ലിസി, എംജി റോഡ്, മഹാരാജാസ് കോളേജ് എന്നിവ പുതിയ സ്റ്റേഷനുകള്‍. നഗര മധ്യത്തിലേക്ക് ട്രെയിന്‍ എത്തുന്നതോടെ യാത്രക്കാരുടെ എണ്ണമേറുമെന്നാണ് പ്രതീക്ഷ. ആലുവ മുതല്‍ പാലാരിവട്ടം വരെയായിരുന്ന സര്‍വീസാണ് മഹാരാജാസ് കോളേജ് ഗ്രൗണ്ട് വരെ നീളുന്നത്.
അണ്ടര്‍ 17 ലോകകപ്പിന് മുന്‍പ് കലൂര്‍ സ്‌റ്റേഡിയത്തിന് മുന്നിലൂടെ മെട്രോ ഓടുമെന്ന വാഗ്ദാനം നടപ്പാകുന്നതിന്റെ ആവേശത്തിലാണ് കെഎംആര്‍എല്‍ അധികൃതര്‍. പുതിയ സ്റ്റേഷനുകളുടെ അവസാനവട്ട മിനുക്കുപണികളാണ് ഇപ്പോള്‍ ദ്രുതഗതിയില്‍ നടക്കുന്നത്. കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയം സ്‌റ്റേഷന്‍ കായികമേഖലയുമായി ബന്ധപ്പെടുത്തിയുള്ള ചിത്രങ്ങളാല്‍ അലങ്കരിക്കും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല