സ്വന്തം ലേഖകൻ: ക്ലിയറൻസ് ലഭിക്കാത്തതുമൂലം ബഹ്റൈൻ അടക്കം ജി.സി.സികളിൽനിന്നയച്ച ഗ്രൂപ് കാർഗോ കൊച്ചി തുറമുഖത്ത് കെട്ടിക്കിടക്കുകയാണെന്നും താരതമ്യേന ചെലവു കുറഞ്ഞ സീ കാർഗോ നീക്കം നിലച്ചിരിക്കുകയാണെന്നും കാർഗോ ഏജൻസി ഉടമകൾ. കഴിഞ്ഞ ഫെബ്രുവരി മുതൽ പ്രവാസികളിൽ നിന്ന് സ്വീകരിച്ച് നാട്ടിലേക്കയച്ചിട്ടുള്ള പാഴ്സലുകൾ കൊച്ചിയിൽ കെട്ടിക്കിടക്കുയാണ്.
എന്തുകൊണ്ടാണ് ഇവ ക്ലിയർ ചെയ്യാത്തതെന്ന് കൊച്ചിയിലെ സീപോർട്ട് കസ്റ്റംസ് അധികൃതർ വെളിപ്പെടുത്തുന്നില്ല. പ്രവാസികൾ സ്വന്തം വീടുകളിൽ അയച്ച പാഴ്സൽ സാധനങ്ങളാണ് കൊച്ചിൻ സീപോർട്ട് ഓഫിസിൽ കെട്ടിക്കിടന്ന് നശിക്കുന്നത്. അവ കാലാവധി കഴിയുന്നതിനു മുമ്പോ ചരക്കുകൾ നശിക്കുന്നതിനു മുമ്പോ ഉടമകൾക്ക് എത്തിക്കാൻ പ്രവാസി കാര്യ വകുപ്പും, മുഖ്യമന്ത്രിയുടെ ഓഫിസും ഇടപെടണമെന്നും കാർഗോ കമ്പനി പ്രതിനിധികൾ ആവശ്യപ്പെട്ടു.
കൊച്ചിൻ സീപോർട്ട് കസ്റ്റംസ് കമീഷണറുടെ നയം മൂലം കാർഗോ കമ്പനികൾക്ക് കേരളത്തിലേക്കുള്ള കാർഗോ ഓർഡറുകൾ സ്വീകരിക്കാൻ പറ്റാത്ത അവസ്ഥയാണുള്ളത്. ഉപഭോക്താക്കളിൽനിന്ന് ഈടാക്കിയ ചാർജിന്റെ പതിന്മടങ്ങ് തുക പോർട്ട് സ്റ്റോറേജ് ചാർജ ഇനത്തിൽ മാത്രം അടച്ചുകൊണ്ടിരിക്കുകയാണ്. വീട്ടു ജോലിക്കാരടക്കമുള്ള സാധാരണക്കാരാണ് ചെലവുകുറഞ്ഞ സീ കാർഗോയെ ആശ്രയിക്കുന്നത്.
മാസങ്ങളായി അയച്ച സാധനങ്ങൾ ലഭിക്കാതെ അവർ വലയുകയാണ്. കഴിഞ്ഞ ഫെബ്രുവരി മുതൽ ബഹ്റൈനിലെയും മറ്റു ജി.സി.സി കളിലെയും കാർഗോ കമ്പനികൾ അയച്ച ചരക്കുകളൊന്നും ഇതുവരെ ക്ലിയർ ചെയ്തു വിട്ടുകൊടുത്തിട്ടില്ല. സാധാരണ 18 -20 ദിവസങ്ങൾക്കുള്ളിലാണ് ഷിപ് കാർഗോ വഴിയുള്ള ചരക്കുകൾ നാട്ടിലെത്തേണ്ടത്.
ഇന്ത്യയിൽ എല്ലാ പോർട്ടുകളിലും ഒരേ നിയമം എന്നിരിക്കെ കൊച്ചിയിലെ പോർട്ട് ഓഫിസിൽനിന്ന് മാത്രം ചരക്കുകൾ വിട്ടുകൊടുക്കാത്തത് എന്താണെന്നു വ്യക്തമാക്കാൻ ഉദ്യോഗസ്ഥർ തയാറാകണമെന്നും കാർഗോ ഉടമകൾ ആവശ്യപ്പെടുന്നു.
അയക്കാൻ കുറഞ്ഞ നിരക്ക് മാത്രമേ വരുകയുള്ളൂ എന്നതുകൊണ്ടാണ് കാർഗോ കമ്പനികൾ ഗ്രൂപ് കാർഗോ രീതിയിൽ ചരക്കുകൾ അയക്കുന്നത്. പ്രവാസ ലോകത്ത് മൂന്നു വർഷം പൂർത്തിയായ ഒരാൾക്ക് ടി.ആർ (ട്രാൻസ്ഫർ ഓഫ് റെസിഡൻസ്) എന്ന വകുപ്പിലൂടെ സ്വന്തം പാസ്പോർട്ട് ഉൾപ്പെടെ രേഖകൾ സമർപ്പിച്ച് ചരക്കുകൾ കൊണ്ടുപോകാവുന്ന സംവിധാനമുണ്ട്. എന്നാൽ, അത് ഉപഭോക്താവ് പാസ്പോർട്ടുമായി നേരിട്ട് ചെന്നാൽ മാത്രമേ ക്ലിയർ ചെയ്യാൻ കഴിയുകയുള്ളൂ.
മാത്രമല്ല, ഇങ്ങനെ സ്വതന്ത്ര രീതിയിൽ അയക്കുമ്പോൾ കൊച്ചിയിലെ ഓഫിസിൽ ഉപഭോക്താവിന് കാത്തു കെട്ടിക്കിടക്കേണ്ടി വരും. അതിനുള്ള പരിഹാരമാണ് ഗ്രൂപ് കാർഗോകളിൽ അയച്ച് ക്ലിയറിങ് ഏജൻസികളുടെ സഹായത്തോടെ പാഴ്സലുകൾ ഡെലിവറി ചെയ്യുന്ന രീതി.
വിവാഹാവശ്യത്തുള്ള വസ്ത്രങ്ങൾ, വീട്ടുസാമഗ്രികൾ, പാൽപ്പൊടികൾ, വർഷങ്ങളായി ബഹ്റൈനിലെ വീടുകളിൽ ഉപയോഗിച്ച അടുക്കള പാത്രങ്ങൾ, മറ്റു ഗൃഹോപകരണങ്ങൾ മുതൽ പാവപ്പെട്ട പ്രവാസികൾക്ക് നാട്ടിൽ പോകുമ്പോൾ സ്വദേശികൾ നൽകിയ ഉപയോഗിച്ച വസ്ത്രങ്ങൾ വരെ ഇത്തരത്തിൽ കെട്ടിക്കിടക്കുകയാണ്.
പ്രശ്നത്തിൽ ഇടപെടണമെന്നാവശ്യപ്പെട്ട് കേന്ദ്ര മന്ത്രി സുരേഷ് ഗോപി, എം.പിമാരായ ഹൈബി ഈഡൻ, ഡീൻ കുര്യാക്കോസ് തുടങ്ങിയവർക്ക് നിവേദനവും നൽകിയിട്ടുണ്ടെന്നും കാർഗോ ഉടമകൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു. വാർത്തസമ്മേളനത്തിൽ വിവിധ കാർഗോ കമ്പനി പ്രതിനിധികളായ ജെയ് മോൾ വിനോദ്, യൂനുസ്, അഫ്സൽ, യാഷിർ, അഭിലാഷ് എന്നിവർ പങ്കെടുത്തു.
നിങ്ങളുടെ അഭിപ്രായങ്ങള് ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള് എന് ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല