സ്വന്തം ലേഖകന്‍: കൊച്ചി സ്മാര്‍ട്ട് സിറ്റിയുടെ ആദ്യ ഘട്ടം ജൂണ്‍ 10 ന് ഉദ്ഘാടനം ചെയ്യുമെന്ന് മന്ത്രി കെ ബാബു അറിയിച്ചു. സ്മാര്‍ട്ട് സിറ്റി വൈസ് ചെയര്മാന് സ്ഥാനത്ത് നിന്നൊഴിഞ്ഞ അബ്ദുള്‍ ലത്തീഫ് അല്‍ മുല്ല പുതിയ സിഇഒ ആയി സ്ഥാനമേറ്റ ജാബര്‍ ബിന്‍ ഹാഫിസ് എന്നിവരെ ആശംസിക്കാനുള്ള ചടങ്ങില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.
ഉദ്ഘാടന ചടങ്ങിലേക്ക് യുഎഇ പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിനെ ക്ഷണിച്ചുകൊണ്ട് മുഖ്യമന്ത്രി കത്തെഴുതിയതായും മന്ത്രി അറിയിച്ചു. പൂര്‍ണമായ രീതിയില്‍ സ്മാര്‍ട്ട് സിറ്റി പ്രവര്‍ത്തനമാരംഭിക്കുമ്പോള്‍ തൊണ്ണൂറായിരം പേര്‍ക്ക് തൊഴില്‍ ലഭ്യമാകുമെന്ന് സ്ഥാനമൊഴിഞ്ഞ സിഇഒ അബ്ദുള്‍ ലത്തീഫ് അല്‍ മുല്ല പറഞ്ഞു.
5,000 പേര്‍ക്കാണ് ആദ്യ ഘട്ടത്തില്‍ തൊഴില്‍ ലഭിക്കുക. പദ്ധതിയുടെ ഇതുവരെയുള്ള പുരോഗതിയില്‍ സംതൃപ്തി പ്രകടിപ്പിച്ച അബ്ദുള്‍ ലത്തീഫ് അല്‍ മുല്ല ഇതിനകം തന്നെ നിരവധി സ്മാര്‍ട്ട് സിറ്റി ക്യാമ്പസില്‍ സ്ഥലം വാങ്ങുന്നതിനായി കരാറിലെത്തിയതായി അറിയിച്ചു.
രണ്ടാം ഘട്ട വികസനത്തിന്റെ വിശദ വിവരങ്ങള്‍ ഉദ്ഘാടന ചടങ്ങില്‍ പ്രഖ്യാപിക്കും. 2019 ല്‍ സ്മാര്‍ട്ട് സിറ്റി പൂര്‍ണമായും പ്രവര്‍ത്തന സജ്ജമാകുമെന്നാണ് കരുതുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല