1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 21, 2018

സ്വന്തം ലേഖകന്‍: കൊച്ചി കലൂര്‍ സ്റ്റേഡിയം ക്രിക്കറ്റിനോ ഫുട്‌ബോളിനോ? വിവാദം കത്തുമ്പോള്‍ ഫുട്‌ബോളിനെ പിന്തുണച്ച് സച്ചിനും ശ്രീശാന്തും. കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ ഏകദിനം നടത്താനുള്ള നീക്കത്തില്‍ നിലപാട് വ്യക്തമാക്കി കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ സഹഉടമ കൂടിയായ സച്ചിന്‍ തെണ്ടുല്‍ക്കര് രംഗത്തെത്തി!. ഫിഫയുടെ അംഗീകാരമുള്ള ഗ്രൗണ്ടാണ് കൊച്ചിയിലുള്ളതെന്നും അതിന് തകരാറുണ്ടാകുന്നത് വിഷമമുണ്ടാക്കുന്ന കാര്യമാണെന്നും സച്ചിന്‍ വ്യക്തമാക്കി. തന്റെ ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെയാണ് സച്ചിന്‍ പ്രതികരിച്ചത്.

എത്രയും പെട്ടെന്ന് കേരള ക്രിക്കറ്റ് അസോസിയേഷന്‍ ഇക്കാര്യത്തില്‍ ശരിയായ തീരുമാനമെടുക്കുമെന്നാണ് കരുതുന്നതെന്നും ക്രിക്കറ്റ് തിരുവനന്തപുരത്തും ഫുട്‌ബോള്‍ കൊച്ചിയിലും നടക്കട്ടെയെന്നും സച്ചിന്‍ ട്വീറ്റ് ചെയ്തു.  ഫുട്‌ബോള്‍ ആരാധകരേയും ക്രിക്കറ്റ് ആരാധകരേയും നിരാശരാക്കരുത്. ബി.സി.സി.ഐയുടെ ഇടക്കാല ഭരണസമിതി അധ്യക്ഷനായ വിനോദ് റായിയെ ഇക്കാര്യം ധരിപ്പിച്ചിട്ടുണ്ടെന്നും പ്രശ്‌നത്തില്‍ ഇടപെടാമെന്ന് അദ്ദേഹം ഉറപ്പ് നല്‍കിയതായും സച്ചിന്‍ ട്വീറ്റില്‍ പറയുന്നു.

സ്‌റ്റേഡിയത്തില്‍ ഏകദിനം നടത്താനുള്ള നീക്കത്തിനെതിരെ ക്രിക്കറ്റ് താരം ശ്രീശാന്തും രംഗത്തെത്തി. കേരളത്തില്‍ ഫുട്‌ബോള്‍ വളരുന്ന സമയമാണിതെന്നും കലൂരിലെ സ്‌റ്റേഡിയം ഫുട്‌ബോളിനായി നിലനില്‍ക്കട്ടെയെന്നും ശ്രീശാന്ത് വ്യക്തമാക്കി. ക്രിക്കറ്റിന് മാത്രമായി കൊച്ചിയില്‍ ഒരു സ്റ്റേഡിയമുണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും ശ്രീശാന്ത് പറഞ്ഞു. നേരത്തെ കലൂരില്‍ ക്രിക്കറ്റും ഫുട്‌ബോളും വഴങ്ങുമെന്നും ഐസിസി മാനദണ്ഡം അനുസരിച്ചുള്ള ബെര്‍മുഡ ഗ്രാസാണ് കലൂര്‍ സ്‌റ്റേഡിയത്തില്‍ ഉപയോഗിച്ചിട്ടുള്ളതെന്നും ഫിഫ ടൂര്‍ണമെന്റ് ഡയറക്ടര്‍ ജാവിയര്‍ സെപ്പി ട്വീറ്റ് ചെയ്തിരുന്നു.

ഐ.എസ്.എല്‍ സീസണ് തൊട്ടുമുമ്പ് കലൂരില്‍ ക്രിക്കറ്റ് മത്സരം നടത്തുന്നതിനെതിരെ വലിയ പ്രതിഷേധമാണ് ഉയരുന്നത്. സേവ് കൊച്ചി ടര്‍ഫ് എന്ന ഹാഷ്ടാഗോടെയാണ് സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം ശക്തമാകുന്നത്. ഫുട്‌ബോളിനായി വീണ്ടും ഗ്രൗണ്ട് ഒരുക്കിയാലും ഇപ്പോഴുള്ള നിലവാരത്തിലേക്ക് എത്തിക്കാനാവില്ലെന്നാണ് ഫുട്‌ബോള്‍ ആരാധകരുടെ വാദം.

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.