ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് അടുത്ത സീസണില്‍ കൊച്ചി ടസ്കേഴ്സ് ഇല്ലെന്നുറപ്പായി. ഇന്നലെ ചേര്‍ന്ന് ഐപിഎല്‍ ഗവേണിംഗ് കൌണ്‍സില്‍ യോഗം ഇത്തവണ ഒമ്പതു ടീം മതിയെന്ന നിലപാടെടുക്കുകയായിരുന്നു. ബാങ്ക് ഗാരന്റി തുക അടയ്ക്കാത്തതിനെത്തുടര്‍ന്ന് കൊച്ചി ടീമിനെ അടുത്ത സീസണില്‍ നിന്ന് നേരത്തെ ബിസിസിഐ വിലക്കിയിരുന്നു. എന്നാല്‍, അന്തിമതീരുമാനം കൈക്കൊള്ളേണ്ടത് ഗവേണിംഗ് കൌണ്‍സില്‍ യോഗമെന്നിരിക്കെ കൊച്ചി ടസ്കേഴ്സിനെ നിലനിര്‍ത്തുമെന്ന പ്രതീക്ഷയുണ്ടായിരുന്നു. ഈ പ്രതീക്ഷയാണ് ഇപ്പോള്‍ അവസാനിച്ചിരിക്കുന്നത്.
അതേസമയം, കൊച്ചി ടീമംഗങ്ങളെ അടുത്ത സീസണിലെ ലേലത്തിലേക്കു പരിഗണിക്കുമെന്ന് ഐപിഎല്‍ ചെയര്‍മാന്‍ രാജീവ് ശുക്ള വ്യക്തമാക്കി. ശ്രീശാന്ത്, ബ്രണ്ടന്‍ മക്കല്ലം, മുത്തയ്യ മുരളീധരന്‍, മഹേല ജയവര്‍ധന തുടങ്ങിയ താരങ്ങള്‍ കൊച്ചി ടീമില്‍ അംഗമായിരുന്നു. ഇവരെ മറ്റുടീമുകള്‍ക്ക് സ്വന്തമാക്കാന്‍ ലേലം സംഘടിപ്പിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. ഐപിഎലിന്റെ അഞ്ചാം സീസണ്‍ 2012 ഏപ്രില്‍ നാലിന് ആരംഭിക്കുമെന്ന് രാജീവ് ശുക്ള വ്യക്തമാക്കി.
ചെന്നൈയിലാണ് ഉദ്ഘാടനമത്സരം. ഏപ്രില്‍ മൂന്നിന് ഉദ്ഘാടനച്ചടങ്ങുകള്‍ നടക്കും. മേയ് 24വരെയാണ് മത്സരങ്ങള്‍. പാക് താരങ്ങളുടെ പങ്കാളിത്തം സംബന്ധിച്ച തീരുമാനമൊന്നും യോഗം കൈക്കൊണ്ടില്ല. മത്സരങ്ങളുടെ എണ്ണം സംബന്ധിച്ച തീരുമാനവും പിന്നീടു കൈക്കൊള്ളും. തങ്ങളുടെ ഹോംഗ്രൌണ്ട് ജയ്പൂരില്‍നിന്ന് അഹമ്മദാബാദിലേക്കു മാറ്റണമെന്ന രാജസ്ഥാന്‍ റോയല്‍സിന്റെ ആവശ്യം തത്കാലം നടക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല