സംഭവ ബഹുലമായ പിണറായി യുഗത്തിനു ശേഷം കൊടിയേരി ബാലകൃഷ്ണന്‍ സിപിഎമ്മിന്റെ സംസ്ഥാന സെക്രട്ടറിയായി സ്ഥാനമേല്‍ക്കുമ്പോള്‍ മറികടക്കാന്‍ കടമ്പകള്‍ ഏറെയാണ്. ഗൗരവക്കാരനായ പാര്‍ട്ടി സെക്രട്ടറിയില്‍ നിന്ന് സൗമ്യനായ പാര്‍ട്ടി സെക്രട്ടറിയിലേക്കുള്ള മാറ്റം അണികള്‍ കൗതുകത്തോടെയാണ് നോക്കിക്കാണുന്നത്.
വിഎസ് അച്യുതാനന്ദന്‍ പാര്‍ട്ടിക്കുള്ളില്‍ ഉയര്‍ത്തിയ പ്രതിസന്ധി പരിഹരിക്കുക എന്നതായിരിക്കും പാര്‍ട്ടി സെക്രട്ടറി എന്ന നിലയില്‍ കൊടിയേരിയുടെ ആദ്യ വെല്ലുവിളി. അനുരഞ്ജന ശ്രമങ്ങള്‍ക്ക് വഴങ്ങാതെ വിഎസ് ബലം പിടിച്ചു നില്‍ക്കുന്നത് കൊടിയേരിയുടെ ജോലി കൂടുതല്‍ കഠിനമാകും എന്നതിന്റെ സൂചനയാണ്.
അടുത്ത നിയമസഭാ തെരെഞ്ഞെടുപ്പാണ് കൊടിയേരിയെ കാത്തിരിക്കുന്ന അടുത്ത പരീക്ഷണം. ഒപ്പം തൊട്ടടുത്ത് എത്തിയിരിക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരെഞ്ഞെടുപ്പുമുണ്ട്. പാര്‍ട്ടി സെക്രട്ടറി പദം ഏറ്റെടുത്തതിനു ശേഷമുള്ള ആദ്യ തെരെഞ്ഞെടുപ്പുകള്‍ ആയതിനാല്‍ കൊടിയേരിയുടെ സംഘടനാ പാടവത്തിന്റെ പരീക്ഷണശാലകള്‍ കൂടിയാവും രണ്ടു തെരെഞ്ഞെടുപ്പുകളും.
ഘടക കക്ഷികളോടുള്ള സമീപനമാണ് കൊടിയേരിയുടെ മറ്റൊരു വെല്ലുവിളി. പിണറായി പലപ്പോഴും കൈകൊണ്ടിരുന്ന ഘടക കക്ഷികളോടുള്ള കാര്‍ക്കശ്യം മാറ്റി വച്ച് മുന്നണി വിട്ടുപോയ കക്ഷികളെ തിരികെ കൊണ്ടുവരാന്‍ കൊടിയേരിക്ക് കഴിയുമോ എന്നതാണ് ചോദ്യം. യുഡിഎഫിലേക്ക് പോയ ഘടക കക്ഷികളെ അനുനയിപ്പിച്ച് തിരികെ മുന്നണിയിലേക്ക് കൊണ്ടുവരാനും അതുവഴി മുന്നണി വികസിപ്പിക്കാനും കഴിഞ്ഞാല്‍ കൊടിയേരിയെ സംബന്ധിച്ചിടത്തോളം അത് വന്‍ വിജയമായിരിക്കും.
യുവജനങ്ങളും അടിസ്ഥാന വിഭാഗങ്ങളും പാര്‍ട്ടിയില്‍ നിന്ന് അകലുന്നു എന്ന ആരോപണമാണ് മറ്റൊരു പ്രശ്‌നം. ഇങ്ങനെ പാര്‍ട്ടിയില്‍ നിന്ന് ചോര്‍ന്നു പോകുന്നവരെ ബിജെപിയും പോപ്പുലര്‍ ഫ്രണ്ടും പോലുള്ള സംഘടനക്കള്‍ ഇരുകൈയ്യും നീട്ടി സ്വീകരിക്കുന്നുമുണ്ട്. ബിജെപി പോലുള്ള പാര്‍ട്ടികളുടെ വെല്ലുവിളിചെറുക്കുന്നതിനോടൊപ്പം കൊഴിഞ്ഞുപോക്ക് തടയുകയും പാര്‍ട്ടിയിലേക്ക് കൂടുതല്‍ പേരെ ആകര്‍ഷിക്കുകയും ചെയ്യുക എന്നതാവും കൊടിയേരിക്ക് മുന്നിലുള്ള പ്രധാന കടമ്പ.
സംഘടനാ രംഗത്തും ഭരണ രംഗത്തും കഴിവും പരിചയവുമുള്ള കൊടിയേരി പ്രതിസന്ധികളിലൂടെ കടന്നു പോകുന്ന പാര്‍ട്ടിയെ എങ്ങനെ മുന്നോട്ടു നയിക്കുമെന്ന് ആകാംക്ഷയോടെ കാത്തിരിക്കുകയാണ് അണികളും അനുഭാവികളും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല