സ്വന്തം ലേഖകൻ: ചുവപ്പന്‍ അഭിവാദ്യങ്ങളിലൂടെ സഖാവ് കോടിയേരി ബാലകൃഷ്ണന് യാത്രാമൊഴി ചൊല്ലി ആയിരങ്ങള്‍. കണ്ണൂരിലെ സി.പി.എം. ജില്ലാ കമ്മിറ്റി ഓഫീസായ അഴീക്കോടന്‍ മന്ദിരത്തിലെ പൊതുദര്‍ശനത്തിനു ശേഷം കോടിയേരിയുടെ ഭൗതികദേഹം പയ്യാമ്പലത്തേക്ക് കൊണ്ടുപോയി.
കാല്‍നടയായാണ് വിലാപയാത്ര പയ്യാമ്പലത്തേക്ക് നീങ്ങുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്‍, സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍, മുതിര്‍ന്ന നേതാക്കളായ എം.എ. ബേബി, പി.കെ.ശ്രീമതി തുടങ്ങിയവരാണ് വിലാപയാത്രയുടെ മുന്‍നിരയിലുള്ളത്.
ആയിരക്കണക്കിനാളുകളാണ് പ്രിയനേതാവിന് അന്ത്യാഭിവാദ്യം നല്‍കാന്‍ അഴീക്കോടന്‍ മന്ദിരത്തില്‍ എത്തിച്ചേര്‍ന്നത്. മൂന്നുമണിക്ക് പയ്യാമ്പലത്ത് പൂര്‍ണ ഔദ്യോഗികബഹുമതികളോടെയാണ് കോടിയേരിയുടെ സംസ്‌കാരച്ചടങ്ങുകള്‍ നടക്കുക. . മുതിര്‍ന്ന സി.പി.എം. നേതാക്കളായ ഇ.കെ. നായനാര്‍, ചടയന്‍ ഗോവിന്ദന്‍ എന്നിവരുടെ സ്മൃതികുടീരത്തോടു ചേര്‍ന്നാണ് ചിതയൊരുക്കുക.
അഴീക്കോടന്‍ മന്ദിരത്തില്‍നടന്ന പൊതുദര്‍ശനത്തില്‍, സി.പി.എം. ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, പ്രകാശ് കാരാട്ട്, പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍, ബിജെപി നേതാവ് സി.കെ. പദ്മനാഭന്‍, ആര്‍.എസ്.എസ് നേതാവ് വത്സന്‍ തില്ലങ്കേരി, വിവിധ പാര്‍ട്ടികളുടെ നേതാക്കള്‍ എന്നിവര്‍ അടക്കമുള്ളവര്‍ റീത്ത് സമര്‍പ്പിച്ചിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല