1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 2, 2022

സ്വന്തം ലേഖകൻ: കണ്ണൂര്‍ വിമാനത്താവളം മുതല്‍ പാതയോരങ്ങളില്‍ അണിനിരന്ന ആയിരങ്ങളുടെ അന്ത്യാഭിവാദ്യങ്ങളോടെ പോളിറ്റ്ബ്യൂറോ അംഗവും സിപിഎം മുന്‍ സംസ്ഥാന സെക്രട്ടറിയുമായ കോടിയേരി ബാലകൃഷ്ണന്റെ മൃതദേഹം തലശ്ശേിരിയിലെത്തിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കമുള്ള നേതാക്കള്‍ തലശ്ശേരി ടൗണ്‍ഹാളില്‍ പ്രിയ സഖാവിന്റെ ഭൗതിക ശരീരം ഏറ്റുവാങ്ങി. രാത്രി പത്ത് മണി വരെ ഇവിടെ പൊതുദര്‍ശനത്തിന് വെക്കും. ഉച്ചയ്ക്ക് 12.54 ഓടുകൂടിയാണ് കോടിയേരിയുടെ മൃതദേഹം വഹിച്ചുള്ള എയര്‍ ആംബുലന്‍സ് ചെന്നൈയില്‍ നിന്ന് കണ്ണൂരിലെത്തിയത്.

കോടിയേരിയുടെ ഭാര്യ വിനോദിനി മകന്‍ ബിനീഷ് അദ്ദേഹത്തിന്റെ ഭാര്യ റിനീറ്റ എന്നിവര്‍ ചെന്നൈയില്‍ നിന്ന് മൃതദേഹത്തെ അനുഗമിച്ചിരുന്നു. വിമാനത്താവളത്തില്‍ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി.ജയരാജന്റെ നേതൃത്വത്തില്‍ മൃതദേഹം ഏറ്റുവാങ്ങി. വിമാനത്താവളത്തില്‍ നിന്ന് തലശ്ശേരിയിലേക്കുള്ള വിലാപ യാത്രയില്‍ ആയിര കണക്കിന് പേര്‍ അഭിവാദ്യങ്ങള്‍പ്പിച്ചു. ജനങ്ങള്‍ക്ക് അന്തിമോപചാരം അര്‍പ്പിക്കാന്‍ 14 കേന്ദ്രങ്ങളില്‍ മൃതദേഹം വഹിച്ചുള്ള വാഹനം നിര്‍ത്തിയിരുന്നു.

പൊതുദര്‍ശനത്തിന് വെക്കുന്ന തലശ്ശേരി ടൗണ്‍ഹാളില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കമുള്ള മുതിര്‍ന്ന നേതാക്കള്‍ മൃതദേഹം എത്തുന്നതിന് ഒരു മണിക്കൂര്‍ മുമ്പേ എത്തിയിരുന്നു. തലശ്ശേരിയിലെ പൊതുദര്‍ശനത്തിന് ശേഷം രാത്രി പത്ത് മണിയോടെ മൃതദേഹം കോടിയേരി മാടപ്പീടികയിലെ വസതിയിലേക്ക് കൊണ്ടുപോകും. തിങ്കളാഴ്ച രാവിലെപത്ത് മണിവരെ അവിടെ പൊതുദര്‍ശനം ഉണ്ടാകും. 11 മുതല്‍ കണ്ണൂര്‍ ജില്ലാ കമ്മിറ്റി ഓഫീസില്‍ മൃതദേഹം പൊതുദര്‍ശനത്തിന് വെക്കും. തിങ്കളാഴ്ച വൈകീട്ട് മൂന്ന് മണിക്ക് കണ്ണൂര്‍ പയ്യാമ്പലത്താണ് സംസ്‌കാരം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.