സ്വന്തം ലേഖകന്‍: കോഹിനൂര്‍ രത്നം ബ്രിട്ടന് ഇന്ത്യക്കല്ല, പാക്കിസ്ഥാനാണ് മടക്കി നല്‍കേണ്ടതെന്ന ആവശ്യവുമായി ഹര്‍ജി. ലാഹോര്‍ കേന്ദ്രമാക്കി പ്രവര്‍ത്തിച്ചിരുന്ന മഹാരാജ് രഞ്ജീത്ത് സിങ്ങിന്റെ ചെറുമകനില് നിന്നുമാണ് കോഹിനൂര്‍ രത്നം ബ്രിട്ടന് കൈക്കലാക്കിയതെന്ന് പാക്കിസ്ഥാനിലെ ഒരു കോടതിയില്‍ അഭിഭാഷകനായ ജവേദ് ഇഖ്ബാല്‍ ജാഫ്രി നല്കിയ പരാതിയില്‍ പറയുന്നു.
പാക്കിസ്ഥാന് അവകാശപ്പെട്ട ഈ വിശിഷ്ടമായ രത്നം ബ്രിട്ടനില്‍ നിന്നും തിനികെ പാക്കിസ്ഥാനിലേക്ക് എത്തിക്കാന്‍ പാക്കിസ്ഥാന് സര്‍ക്കാരിനോട് ആവശ്യപ്പെടണമെന്നാണ് ഹര്‍ജിയിലെ ആവശ്യം. കോഹിനൂര്‍ രത്നം ഇന്ത്യയിലേക്ക് തിരിച്ചെത്തിക്കാനുള്ള ശ്രമത്തിനിടെയാണ് പാക്കിസ്ഥാനും അവകാശവാദമുന്നയിച്ചിരിക്കുന്നതെന്ന് ശ്രദ്ധേയമാണ്.
1953 ല്‍ എലിസബത്ത് രാജ്ഞിയുടെ കിരീടധാരണ വേളയില്‍ കിരീടത്തില്‍ പതിപ്പിച്ച കല്ല് ഇപ്പോള്‍ ബ്രിട്ടന്റെ കൈവശമാണുള്ളത്. ഇന്ത്യന്‍ അധിനിവേശത്തിനിടെയായിരുന്നു ബ്രിട്ടന് അത് ഇവിടെനിന്നും കടത്തിയത്. രഞ്ജീത്ത് സിങ്ങിന്റെ ചെറുമകന് ബ്രിട്ടന് സമ്മാനമായി നല്‍കിയതാണെന്നും അതല്ല കടത്തിക്കൊണ്ടു പോയതാണെന്നും വാദമുണ്ട്.
21.6 ഗ്രാം തൂക്കം വരുന്ന 105 കാരറ്റ് പ്യൂരിറ്റിയുള്ള വജ്രത്തിന് കോടിക്കണക്കിന് രൂപ വിലവരും. ആന്ധ്രപ്രദേശിലെ കൊല്ലൂര്‍ എന്ന സ്ഥലത്തുനിന്നും ഖനനം ചെയ്തെടുത്ത കല്ല് പിന്നീട് ഇന്ത്യയിലെ പലരാജാക്കന്‍മാര്‍വഴി കൈമാറി ഒടുവില്‍ രഞ്ജീത്ത് സിങ്ങിന്റെ ചെറുമകന്റെ കൈയ്യിലെത്തുകയായിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല