സ്വന്തം ലേഖകന്‍: കോലഞ്ചേരി പള്ളിതര്‍ക്കവുമായി ബന്ധപ്പെട്ട സുപ്രീം കോടതി വിധിയില്‍ അവ്യക്തതയെന്ന് യാക്കോബായ സഭ, വീണ്ടും സുപ്രീം കോടതിയെ സമീപിക്കും. സുപ്രീം കോടതി വിധിയില്‍ അവ്യക്തതയുണ്ടെന്ന് ആരോപിച്ചാണ് യാക്കോബായ സഭ വീണ്ടും കോടതിയ സമീപിക്കാന്‍ ഒരുങ്ങുന്നത്. തര്‍ക്ക വിഷയങ്ങളില്‍ ഓര്‍ത്തഡോക്‌സ് സഭയുമായി ചര്‍ച്ചക്ക് മുന്‍കൈ എടുക്കാനും കഴിഞ്ഞ ദിവസം ചേര്‍ന്ന അടിയന്തിര സുന്നഹദോസ് തീരുമാനിച്ചു.
കോലഞ്ചേരി പള്ളി അവകാശ തര്‍ക്കത്തില്‍ സുപ്രീം കോടതി വിധി എതിരായ സാഹചര്യത്തിലാണ് യാക്കോബായ സഭയുടെ അടിയന്തിര സുന്നഹദോസ് പുത്തന്‍ കുരിശില്‍ ചേര്‍ന്നത്. യാക്കോബായ സഭ ശ്രേഷ്ഠ കത്തോലിക്കാ തോമസ് പ്രഥമന്‍ ബാവയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം നിയമ പോരാട്ടം തുടരാനും തീരുമാനിച്ചു. ഓര്‍ത്തഡോക്‌സ് വിശ്വാസികള്‍ മാതൃ സഭയിലേക്ക് തിരിച്ച് വരണമെന്നും തോമസ് പ്രഥമന്‍ ബാവ പറഞ്ഞു.
സഭയുടെ തീരുമാനത്തിലേക്ക് സര്‍ക്കാര്‍ കടന്നുകയറുന്നത് അംഗീകരിക്കാനാവില്ലെന്നും തോമസ് പ്രഥമന്‍ ബാവ കൂട്ടിച്ചേര്‍ത്തു. നാല് പള്ളികളുടെ കാര്യത്തില്‍ മാത്രമാണ് വിധി. ഇതിന്റെ പേരില്‍ മറ്റ് പള്ളികളില്‍ അവകാശം സ്ഥാപിക്കാന്‍ അനുവദിക്കില്ലെന്നും സഭ വ്യക്തമാക്കി. പള്ളികളുടെ ഉടമസ്ഥാവകാശം അന്ത്യോഖ്യ സിംഹാസനത്തില്‍ നിക്ഷിപ്തമാണ്. ഇത് കോടതിക്ക് വ്യക്തമായിട്ടില്ലെന്നും സഭ എപ്പിസ്‌കോപ്പല്‍ സുന്നഹദോസ് അഭിപ്രായപ്പെട്ടു.
അതിനിടെ സുപ്രീം കോടതി വിധിയെത്തുടര്‍ന്ന് ഓര്‍ത്തഡോക്‌സ് വിഭാഗത്തിന്റെ നിയന്ത്രണത്തിലായ കോലഞ്ചേരി പള്ളിയില്‍ ഓര്‍ത്തഡോക്‌സ് സഭാ മേലധ്യക്ഷന്‍ മര്‍ത്തോമ്മ ബസേലിയോസ് പൌലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവയുട മുഖ്യകാര്‍മികത്വത്തില്‍ മൂന്നിന്മേല്‍ കുര്‍ബാന നടത്തി. നാല് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കാതോലിക്കാ ബാവ പള്ളിയില്‍ കുര്‍ബാന നടത്തിയത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല