1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 17, 2023

സ്വന്തം ലേഖകൻ: കൊല്‍ക്കത്തയില്‍ നിന്ന് മ്യാന്‍മര്‍ വഴി തായ്‌ലന്‍ഡിലെ ബാങ്കോക്കിലേക്ക് ഒരു ഹൈവേ. അതെ, കേട്ടത് സത്യം തന്നെയാണ്. ഇന്ത്യയില്‍ നിന്ന് മ്യാന്‍മര്‍ വഴി തായ്‌ലന്‍ഡിലേക്ക് പോകുന്ന ത്രിരാഷ്ട്ര ഹൈവേ വരുന്ന മൂന്നോ നാലോ വര്‍ഷം കൊണ്ട് പൂര്‍ത്തിയാവും. ഇന്ത്യന്‍ ചേമ്പര്‍ ഓഫ് കൊമേഴ്‌സും വിദേശകാര്യ മന്ത്രാലയവും സംഘടിപ്പിച്ച ബിസിനസ് കോണ്‍ക്ലേവിലാണ് ഇത് സംബന്ധിച്ച കൂടുതല്‍ കാര്യങ്ങള്‍ ധാരണയിലായത്.

ദി ബേ ഓഫ് ബംഗാള്‍ ഇനീഷ്യേറ്റീവ് ഫോര്‍ മള്‍ട്ടി സെക്ടറല്‍ ടെക്‌നിക്കല്‍ ആന്‍ഡ് എക്കണോമിക്കല്‍ കോര്‍പ്പറേഷന്‍ (BIMSTEC) ന്റെ ഭാഗമായി നിര്‍മ്മിക്കുന്ന ഈ ഹൈവേയുടെ ആകെ നീളം 2800 കിലോമീറ്ററായിരിക്കും. ബാങ്കോക്കില്‍ നിന്ന് ആരംഭിക്കുന്ന ഈ നാലുവരിപ്പാത തായ്‌ലന്‍ഡിലെ സുഖോതായ്, മയീ സോട് മ്യാന്‍മറിലെ യന്‍ഗോന്‍, മണ്ടലയ്, കലേവ, തമു എന്നീ നഗരങ്ങള്‍ പിന്നിട്ടാണ് ഇന്ത്യയിലെത്തുക.

ഇന്ത്യയില്‍ മണിപ്പൂരിലെ അതിര്‍ത്തി ഗ്രാമമായ മോറെയില്‍ നിന്നാരംഭിച്ച് കൊഹിമ, ഗുവാഹതി, ശ്രീരാംപുര്‍, സിലിഗുരി വഴി കൊല്‍ക്കത്തയിലെത്തും. ഇന്ത്യയെ തെക്കുകിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളുമായി കരമാര്‍ഗം ബന്ധിപ്പിക്കുകയും ഈ മൂന്ന് രാജ്യങ്ങള്‍ തമ്മിലുള്ള വ്യാപാരം, ബിസിനസ്സ്, ആരോഗ്യം, വിദ്യാഭ്യാസം, ടൂറിസം ബന്ധങ്ങള്‍ക്ക് ഉത്തേജനം നല്‍കുകയും ചെയ്യുകയാണ് ഈ പദ്ധതിയുടെ ലക്ഷ്യം.

പാതയുടെ കൂടുതല്‍ ഭാഗവും ഇന്ത്യയിലായിരിക്കും. കുറച്ച് ഭാഗംമാത്രമാണ് തായ്‌ലന്‍ഡിലൂടെ കടന്നുപോകുക. ഈ ഹൈവേയുടെ ഭാഗമായുള്ള തായ്‌ലന്‍ഡിലെ റോഡുകളുടെ പണികള്‍ ഏതാണ്ട് പൂര്‍ത്തിയായതാണ് റിപ്പോര്‍ട്ട്. ഹൈവ തുറക്കുന്നതോടെ ഏഷ്യയിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ട രാജ്യാന്തര ഹൈവേകളിലൊന്നായി ഇത് മാറുമെന്നാണ് വിലയിരുത്തപ്പെടുന്നത്. 2002 ഏപ്രിലില്‍ യാങ്കൂണില്‍ നടന്ന മന്ത്രിതല യോഗത്തിലാണ് ത്രിരാഷ്ട്ര ഹൈവേ എന്ന ആശയം രൂപപ്പെട്ടത്. അന്നത്തെ ഇന്ത്യന്‍ പ്രധാനമന്ത്രി എ.ബി വാജ്‌പേയ് ആണ് ഈ ആശയം മുന്നോട്ടുവെച്ചത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.