സ്വന്തം ലേഖകന്‍: കേരള ഹൗസ് ബീഫ് പരിശോധനക്കെതിരെ പ്രതിഷേധിച്ച് കൊല്‍ക്കത്തയിലും ബീഫ് ഫെസ്റ്റിവലും പ്രകടനവും. രാജ്യത്ത് വര്‍ദ്ധിച്ചു വരുന്ന അസഹിഷ്ണുതക്കെതിരെയാണ് കൊല്‍ക്കത്തയില്‍ കലാ സാഹിത്യ സംഘടനയായ ‘ഭാഷാചേതനാ സമിതി’ ബീഫ് ഫെസ്റ്റിവല്‍ സംഘടിപ്പിച്ചത്.
കന്നട സാഹിത്യകാരന്‍ കല്‍ബുര്‍ഗിയുടെ കൊലപാതകം, ഗോമാംസം കഴിച്ചു എന്നാരോപിച്ച് ദാത്രിയിലെ കൊലപാതകം, ദില്ലിയിലെ കേരളാഹൗസില്‍ ബീഫ് വിഷയത്തില്‍ നടന്ന പൊലീസ് പരിശോധന തുടങ്ങിയ വിഷയങ്ങള്‍ ഉന്നയിച്ചാണ് പ്രകടനം അരങ്ങേറിയത്.
‘നിങ്ങളുടെ രുചിയ്ക്കനുസരിച്ച് കഴിക്കൂ’ എന്നതായിരുന്നു സമരത്തിന്റെ മുദ്രാവാക്യം. ബീഫിനോടൊപ്പം പഴങ്ങളും പച്ചക്കറികളുമൊക്കെ സമര വേദിയില്‍ ഒരുക്കിയിരുന്നു. ഇഷ്ടമുള്ള ഭക്ഷണം കഴിക്കാന്‍ എല്ലാവര്‍ക്കും സ്വാതന്ത്രമുണ്ട്. അത് നിഷേധിക്കാന്‍ ഒരു സര്‍ക്കാരിനും കഴിയില്ലെന്ന് പ്രവര്‍ത്തകര്‍ പറഞ്ഞു.
ബീഫ് നിരോധനത്തിന്റെ പേരില്‍ രാജ്യത്തു നടക്കുന്ന ഗൂഢാലോചനയ്‌ക്കെതിരെയാണ് ഞങ്ങളുടെ പ്രതിഷേധമെന്ന് സിപിഎം നേതാവ് ബികാസ് രഞ്ജന്‍ ഭട്ടാചാര്യ പറഞ്ഞു.
എന്നാല്‍ മതവികാരം വ്രണപ്പെടുത്താന്‍ വേണ്ടിയാണ് ബീഫ് മേള നടത്തുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ സിന്‍ഹ ആരോപിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല