1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 16, 2024

സ്വന്തം ലേഖകൻ: കൊൽക്കത്തയിൽ യുവഡോക്ടറുടെ കൊലപാതകത്തിൽ പ്രതിഷേധം ശക്തമാക്കി ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐഎംഎ). ശനിയാഴ്ച രാജ്യവ്യാപകമായി സൂചനാപണിമുടക്ക് നടത്തും. രാവിലെ ആറുമുതൽ പിറ്റേദിവസം ആറുവരെ നീണ്ടുനിൽക്കുന്ന 24 മണിക്കൂർ സമരത്തിനാണ് ഐഎംഎ ആഹ്വാനം ചെയ്തിരിക്കുന്നത്.ഒപികളും മുൻകൂട്ടി നിശ്ചയിച്ച ശസ്ത്രക്രിയകളും ബഹിഷ്‌കരിക്കും. എന്നാൽ അടിയന്തര സേവനങ്ങൾക്ക് മുടക്കം ഉണ്ടാവില്ലെന്ന് ഐഎഎ വാർത്താക്കുറിപ്പിലൂടെ അറിയിച്ചു.

ആശുപത്രികൾ സേഫ് സോണുകൾ ആയി പ്രഖ്യാപിക്കണം, ആശുപത്രി ജീവനക്കാർക്കെതിരായ ആക്രമണം തടയാൻ കേന്ദ്ര നിയമം വേണം, ആശുപത്രിയിൽ സുരക്ഷിതത്വം ഉറപ്പ് വരുത്തണം, കൊല്ലപ്പെട്ട പെൺകുട്ടിക്ക് നീതി വേണം തുടങ്ങി ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം. ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ പ്രതിഷേധം ശക്തമാക്കുമെന്ന് ഐഎഎ മുന്നറിയിപ്പ് നൽകി.

സംസ്ഥാനത്ത് യുവ ഡോക്ടർമാർ വെള്ളിയാഴ്ച ഒപിയും വാർഡ് ഡ്യൂട്ടിയും ബഹിഷ്‌കരിച്ച് സമരം ചെയ്യും. സെൻട്രൽ പ്രൊട്ടക്ഷൻ ആക്ട് നടപ്പാക്കണം എന്നാവശ്യപ്പെട്ട് പിജി ഡോക്ടർമാരും സീനിയർ റസിഡന്റ് ഡോക്ടർമാരുമാണ് സമരം ചെയ്യുന്നത്. ഉത്തരവാദിത്തപ്പെട്ട ഉദ്യോഗസ്ഥരെ പുറത്താക്കണം, യുവ ഡോക്ടറുടെ കൊലപാതകത്തിൽ ഉൾപ്പെട്ട എല്ലാവരെയും 48 മണിക്കൂറിനകം പിടികൂടണം തുടങ്ങി ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം.

അതേസമയം, അത്യാഹിത വിഭാഗങ്ങളിൽ സേവനം ഉണ്ടാകും. ജോയിന്റ് ആക്ഷൻ ഫോറത്തിന്റെ ഭാഗമായാണ് കേരളത്തിൽ കെഎംപിജിഎ സമരം പ്രഖ്യാപിച്ചത്. പ്രതിഷേധത്തിന്റെ ഭാഗമായി കെജിഎംഒഎ വെള്ളിയാഴ്ച കരിദിനമായി ആചരിക്കും. ശ്രീചിത്ര മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിലെ റസിഡന്റ് ഡോക്ടർമാരും സമരത്തിന്റെ ഭാഗമാകും. ഇതിനോടനുബന്ധിച്ച് എല്ലാ ആരോഗ്യ സ്ഥാപനങ്ങളിലും പ്രതിഷേധ യോഗങ്ങൾ സംഘടിപ്പിക്കുമെന്നും കെജിഎംഒഎ അറിയിച്ചു.

അതേസമയം കൊൽക്കത്തയിലെ ആർജി കർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ യുവ വനിതാ ഡോക്ടർ ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട സംഭവത്തിൽ പശ്ചിമ ബംഗാളിൽ പ്രതിഷേധം ആളിക്കത്തുകയാണ്. പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിൽ ആശുപത്രിക്കുനേരെ ആക്രമണം നടത്തിയ ഒൻപതുപേരെ കസ്റ്റഡിയിലെടുത്തതായി കൊൽക്കത്ത പൊലീസ് അറിയിച്ചു.

ആക്രമണത്തിന് പിന്നാലെ ആശുപത്രിയിൽ സുരക്ഷ ശക്തമാക്കണമെന്ന് നഴ്‌സുമാർ ആവശ്യപ്പെട്ടിട്ടുണ്ട്. ആശുപത്രികളിൽ ഇത്തരം ഗുണ്ടായിസം അംഗീകരിക്കാനാവില്ലെന്ന് നഴ്സുമാര്‍ പിടിഐയോട് പറഞ്ഞു. പുറത്തു നിന്നെത്തിയ സംഘം വ്യാഴാഴ്ച പുലർച്ചയോടെ മെഡിക്കൽ കോളജ് ആശുപത്രിയും പ്രതിഷേധപ്പന്തലും അടിച്ചു തകർക്കുകയായിരുന്നു.

ആക്രമികൾ നിരവധി വാഹനങ്ങളും നശിപ്പിച്ചു. പൊലീസിന് നേരെയും സമരം ചെയ്യുന്ന ഡോക്ടർമാർക്ക് നേരെയും ആക്രമണം ഉണ്ടായി. സംഘർഷത്തിന് കാരണം തെറ്റായ മാധ്യമ പ്രചാരണമാണെന്ന് കൊൽക്കത്ത പൊലീസ് കമ്മീഷണർ കുറ്റപ്പെടുത്തിയിരുന്നു. എന്നാൽ മാധ്യമ പ്രചാരണത്തിൻ്റെ ഭാഗമായല്ലാ ആക്രമണമുണ്ടായതെന്ന് പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരി പ്രതികരിച്ചു. പൊലീസിന്റെ സ്വന്തം പ്രവൃത്തികൊണ്ട് തന്നെയാണ് ജനങ്ങളുടെ രോഷത്തിനും മാധ്യമങ്ങളുടെ വിമർശനത്തിനും പൊലീസ് ഇരയായതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

കൊൽക്കത്ത പൊലീസ് അന്വേഷിച്ചുകൊണ്ടിരുന്ന കേസ് കഴിഞ്ഞ ദിവസം സിബിഐക്ക് കൈമാറിയിരുന്നു. കൊൽക്കത്ത ഹൈക്കോടതിയുടെ നിർദ്ദേശപ്രകാരമാണ് സിബിഐ അന്വേഷണം ഏറ്റെടുത്തത്. ഫൊറൻസിക് വിദഗ്ധർ അടക്കം അന്വേഷണസംഘത്തിലുണ്ട്. പിജി ഡോക്ടർ കൊല്ലപ്പെട്ട സംഭവത്തിന്റെ പശ്ചാത്തലത്തിൽ ഗവർണർ സി.വി ആനന്ദ ബോസ് പ്രതിഷേധിക്കുന്ന ഡോക്ടർമാരുമായി കൂടിക്കാഴ്ച നടത്തി. സർവകലാശാലകൾ വനിതാ വിദ്യാർത്ഥികൾക്ക് സുരക്ഷ ഉറപ്പാക്കണമെന്ന് ഗവർണർ നിർദേശിച്ചിട്ടുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.