ദക്ഷിണ കൊല്‍ക്കത്തയിലെ എ.എം.ആര്‍.ഐ. ആസ്പത്രിയിലെ തീപ്പിടിത്തവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ആസ്പത്രി ഡയറക്ടര്‍മാരെ 10 ദിവസത്തേക്ക് പോലീസ് കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തു. ആലിപ്പുര്‍ ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതിയില്‍ ശനിയാഴ്ച ഉച്ചതിരിഞ്ഞാണ് ഇവരെ ഹാജരാക്കിയത്. അതിനിടെ, അപകടത്തില്‍പ്പെട്ട രണ്ടുപേര്‍ കൂടി ശനിയാഴ്ച മരിച്ചതോടെ സംഭവത്തില്‍ മരിച്ചവരുടെ എണ്ണം 91 ആയി.
ആസ്പത്രി ഡയറക്ടര്‍മാരും വ്യവസായികളുമായ എസ്.കെ. ടോഡി, ആര്‍.എസ്. ഗോയങ്ക, മനീഷ് ഗോയങ്ക, പ്രശാന്ത് ഗോയങ്ക, രവി ടോഡി, ദയാനന്ദ് അഗര്‍വാള്‍ എന്നിവരെയാണ് പോലീസ് കസ്റ്റഡിയില്‍ വിട്ടത്. കഴിഞ്ഞ ദിവസം അറസ്റ്റിലായ ആര്‍.എസ്. അഗര്‍വാളിനെ ആരോഗ്യപരമായ കാരണത്താല്‍ കോടതിയില്‍ ഹാജരാക്കിയിരുന്നില്ല. മനഃപൂര്‍വമല്ലാത്ത നരഹത്യയ്ക്കാണ് ഇവര്‍ക്കെതിരെ കേസെടുത്തത്.
കനത്ത സുരക്ഷാസന്നാഹത്തോടെയാണ് ഇവരെ കോടതിയില്‍ ഹാജരാക്കിയത്. പ്രതികള്‍ക്ക് വധശിക്ഷ നല്‍കണമെന്ന മുദ്രാവാക്യവുമായി നൂറുകണക്കിനുപേര്‍ കോടതി പരിസരത്തെത്തിയിരുന്നു. ആലിപ്പുര്‍ അഭിഭാഷക അസോസിയേഷനും പ്രതിഷേധത്തില്‍ പങ്കാളികളായി. ആസ്പത്രി ഉടമകള്‍ക്കുവേണ്ടി തങ്ങളാരും കോടതിയില്‍ ഹാജരാകില്ലെന്ന് അഭിഭാഷകര്‍ വ്യക്തമാക്കി.
ദുരന്തത്തെക്കുറിച്ച് അന്വേഷിക്കാന്‍ കൊല്‍ക്കത്ത പോലീസ് ജോയന്റ് കമ്മീഷണര്‍ (ക്രൈം) ദമയന്തി സെന്‍ തലവനായി 10 അംഗസമിതി രൂപവത്കരിച്ചിട്ടുണ്ട്. അപകടത്തില്‍ മരിച്ച 87 പേരുടെയും മൃതശരീരങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ടുനല്‍കിയതായി അധികൃതര്‍ അറിയിച്ചു. കൊല്‍ക്കത്തയിലെ വന്‍കിട സ്വകാര്യ ആസ്പത്രിയായ എ.എം.ആര്‍.ഐ.യില്‍ വെള്ളിയാഴ്ച പുലര്‍ച്ചെ മൂന്നുമണിയോടെയാണ് തീപ്പിടിത്തമുണ്ടായത്.
മലയാളി നഴ്‌സുമാരുടെ മൃതശരീരങ്ങള്‍ ഇന്ന് നാട്ടിലെത്തിക്കും
എ.എം.ആര്‍.ഐ. ആസ്പത്രി തീപ്പിടിത്തത്തില്‍ മരിച്ച മലയാളി നഴ്‌സുമാരുടെ മൃതശരീരങ്ങള്‍ ഞായറാഴ്ച ജന്മനാട്ടിലെത്തിക്കും. കോട്ടയം കോതനല്ലൂര്‍ സ്വദേശി വിനീത, ഉഴവൂര്‍ സ്വദേശി രമ്യ എന്നിവരാണ് അപകടത്തില്‍ മരിച്ചത്. മൃതശരീരം ഏറ്റുവാങ്ങാനായി ഇരുവരുടെയും ബന്ധുക്കള്‍ ശനിയാഴ്ച കൊല്‍ക്കത്തയിലെത്തിയിട്ടുണ്ട്.
ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടുമണിക്ക് കൊല്‍ക്കത്തയില്‍നിന്ന് വിമാനമാര്‍ഗം മൃതശരീരങ്ങള്‍ കേരളത്തിലേക്ക് കൊണ്ടുവരും. ആസ്പത്രി അധികൃതരാണ് ഇതിനുള്ള സൗകര്യങ്ങള്‍ ഒരുക്കിയത്. ആസ്പത്രി അധികൃതര്‍ വാഗ്ദാനം ചെയ്ത നഷ്ടപരിഹാരത്തുകയായ അഞ്ചുലക്ഷം രൂപ ഇരുവരുടെയും ബന്ധുക്കള്‍ ഏറ്റുവാങ്ങിയതായി മലയാളി സംഘടനാപ്രവര്‍ത്തകര്‍ അറിയിച്ചു.
എ.എം.ആര്‍.ഐ. ആസ്പത്രിയില്‍ അപകടസമയത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന 30 മലയാളി നഴ്‌സുമാരെ വിഷപ്പുക ശ്വസിച്ചതിനെത്തുടര്‍ന്നുണ്ടായ അസ്വസ്ഥതമൂലം മുകുന്ദപുരിലുള്ള ആസ്പത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഇവരില്‍ 25 പേരെ ഡിസ്ചാര്‍ജ് ചെയ്തു. ബിസ്‌നി, സന്ധി, മേബിള്‍, ടിന്‍സി, അഞ്ജു എന്നീ നഴ്‌സുമാരാണ് ആസ്പത്രിയില്‍ തുടരുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല