1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 5, 2022
Representative Image

സ്വന്തം ലേഖകൻ: കൊല്ലത്ത് നിന്ന് 11 ശ്രീലങ്കക്കാർ പൊലീസ് കസ്റ്റഡിയിൽ. രണ്ട് ശ്രീലങ്കൻ സ്വദേശികളും തമിഴ്നാട്ടിലെ ശ്രീലങ്കൻ അഭയാർത്ഥി ക്യാമ്പിൽ നിന്നുള്ള ഒമ്പത് പേരുമാണ് പിടിയിലായത്. കൊല്ലത്ത് നിന്ന് ബോട്ട് മാർഗം ഓസ്ട്രേലിയയിലേക്ക് കടക്കാൻ ശ്രമിക്കവേയാണ് ഇവരെ പിടികൂടിയതെന്നാണ് റിപ്പോർട്ട്.

കൊല്ലം നഗരത്തിലെ ലോഡ്ജിൽ നിന്നാണ് സംഘത്തെ പിടികൂടിയത്. കസ്റ്റഡിയിലെടുത്ത ഇവരെ കൊല്ലം ഈസ്റ്റ് പൊലീസ് സ്റ്റേഷനിലെത്തിച്ചു. കൊല്ലം പൊലീസും തമിഴ്നാട് ക്യൂ ബ്രാഞ്ചും ഇവരെ ചോദ്യം ചെയ്യുകയാണ്. ഓസ്‌ട്രേലിയയിലേക്ക് അനധികൃതമായി കുടിയേറാനായിരുന്നു ഇവരുടെ ലക്ഷ്യം എന്നാണ് റിപ്പോർട്ട്.

ഓഗസ്റ്റ് 19ന് ശ്രീലങ്കയിൽ നിന്നും രണ്ട് പേർ ടൂറിസ്റ്റ് വിസയിൽ എത്തിയിരുന്നു. എന്നാൽ ഇവരെ കാണാതായതിനെത്തുടർന്ന് തമിഴ്‌നാട് ക്യൂ ബ്രാഞ്ച് തമിഴ്‌നാട്ടിലും അയൽ സംസ്ഥാനങ്ങളിലും അന്വേഷണം ആരംഭിച്ചു. കേരളത്തിലെ എല്ലാ പൊലീസ് മേധാവികൾക്കും ഇത് സംബന്ധിച്ചുള്ള വിവരം കൈമാറിയിരുന്നു.

ഈ അന്വേഷണത്തിന്റെ ഭാഗമായി കൊല്ലം നഗരത്തിലെ വിവിധ ലോഡ്ജുകളിൽ പൊലീസ് നടത്തിയ തിരച്ചിലിലാണ് 11 ശ്രീലങ്കൻ പൗരന്മാർ അറസ്റ്റിലായത്. പിടിയിലായവരിൽ രണ്ട് പേർ ശ്രീലങ്കയിൽ നിന്ന് ചെന്നൈയിലെത്തി പോയവരാണ്. ആറ് പേർ ട്രിച്ചിയിലെ ലങ്കൻ അഭയാർത്ഥി ക്യാമ്പിലും, മൂന്ന് പേർ ചെന്നൈയിലെ അഭയാർത്ഥി ക്യാമ്പിലും കഴിയുന്നവരാണ്.

ശ്രീലങ്കയിലുള്ള ലക്ഷ്മണ എന്നയാളാണ് ഇവരുടെ ഏജന്റ് എന്നാണ് വിവരം. കേരളത്തിലെത്തി മറ്റൊരു ഏജന്റിനെ കാണാനുള്ള ഇയാളുടെ നിർദേശപ്രകാരമാണ് ഇവർ കൊല്ലത്ത് എത്തിയതെന്നാണ് വിവരം. ഇപ്പോൾ പിടിയിലായ പതിനൊന്ന് പേർ മാത്രമായിരിക്കില്ല ബോട്ടിൽ ഓസ്‌ട്രേലിയയിലേക്ക് കടക്കാൻ പദ്ധതിയിട്ടത് എന്നാണ് പൊലീസിന്റെയും തമിഴ്‌നാട് ക്യൂ ബ്രാഞ്ചിന്റേയും നിഗമനം.

വലിയ ബോട്ടിൽ വൻ സംഘമായിട്ടാണ് ഇത്തരക്കാർ സാധാരണ ഓസ്‌ട്രേലിയയിലേക്ക് പോകാറുള്ളത്. അതിനാൽ തന്നെ കൂടുതൽ പേർ കൊല്ലത്തേക്ക് വന്നുകൊണ്ടിരിക്കുകയോ അടുത്ത നിർദേശം കാത്ത് സമീപ ജില്ലകളിൽ തമ്പടിക്കുകയോ ചെയ്തിരിക്കാം എന്നാണ് പൊലീസ് കരുതുന്നത്.

കേരളത്തിലെ ഇവർക്ക് ബന്ധപ്പെടാൻ നിർദേശം കിട്ടിയ ഏജന്റ് കൊല്ലത്ത് നിന്നുള്ള ആളാണെന്ന സൂചനയും പൊലീസിന് ലഭിച്ചിട്ടുണ്ട്. പിടിയിലായവരുടെ ഫോണുകൾ കേന്ദ്രീകരിച്ച് സംഘത്തിലെ മറ്റുള്ളവരെ കൂടി പിടികൂടാനുള്ള ശ്രമത്തിലാണ് പൊലീസും തമിഴ്‌നാട് ക്യൂ ബ്രാഞ്ചും ഇപ്പോൾ.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.