സ്വന്തം ലേഖകൻ: കൊല്ലം ഓയൂരില്‍നിന്ന് ആറുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി. ചാത്തന്നൂര്‍ മാമ്പള്ളിക്കുന്നം കവിതാരാജില്‍ പദ്മകുമാര്‍, ഭാര്യ അനിത, മകള്‍ അനുപമ എന്നിവരുടെ അറസ്റ്റാണ് പൂയപ്പള്ളി പോലീസ് രേഖപ്പെടുത്തിയത്. അടൂര്‍ കെ.എ.പി. മൂന്നാം ബറ്റാലിയന്‍ ക്യാമ്പില്‍ വിശദമായ ചോദ്യംചെയ്യലിന് ശേഷം ശനിയാഴ്ച രാവിലെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
മെഡിക്കല്‍ പരിശോധനയ്ക്കുശേഷം ഇവരെ തെളിവെടുപ്പിന് പൂയപ്പള്ളിയില്‍ എത്തിച്ചേക്കും. കൃത്യത്തില്‍ മൂന്നുപേര്‍ക്കും നേരിട്ട് പങ്കെന്ന നിഗമനത്തിലേക്ക് അന്വേഷണസംഘമെത്തിയിട്ടുണ്ട്. കുടുംബത്തിന്റെ സാമ്പത്തിക ബാധ്യത മറികടക്കാന്‍ തട്ടിക്കൊണ്ടുപോയി വിലപേശി പണം കൈപ്പറ്റുക എന്നതായിരുന്നു ഉദ്ദേശമെന്നാണ് പോലീസ് മനസിലാക്കുന്നത്.
നേരത്തെ ആറുവയസ്സുകാരിയുടെ പിതാവുമായി സാമ്പത്തിക ഇടപാടുകളുണ്ടെന്നായിരുന്നു പദ്മകുമാര്‍ നല്‍കിയ മൊഴി. ഇത് കേസ് വഴിതിരിച്ചുവിടാനാണ് എന്നാണ് പോലീസ് സംശയിക്കുന്നത്. മകളുടെ നേഴ്‌സിങ് അഡ്മിഷനുവേണ്ടി ആറുവയസ്സുകാരിയുടെ പിതാവിന് അഞ്ചുലക്ഷം രൂപ നല്‍കിരുന്നുവെന്നും അഡ്മിഷന്‍ ലഭിക്കാതായതോടെ പണം തിരികെ വാങ്ങാനാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയത് എന്നുമായിരുന്നു അദ്യമൊഴി. സംഭവത്തില്‍ കൂടുതല്‍പ്പേര്‍ക്ക് പങ്കില്ലെന്നും പദ്മകുമാര്‍ മൊഴിനല്‍കിയിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല