
സ്വന്തം ലേഖകൻ: ഓയൂരില്‍നിന്ന് കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസില്‍ പ്രതികളായ കുടുംബം വന്‍ സാമ്പത്തിക ബാധ്യത നേരിട്ടിരുന്നതായി മൊഴി. ഓണ്‍ലൈന്‍ വായ്പയടക്കം കോടികളുടെ സാമ്പത്തികബാധ്യതയുണ്ടെന്നാണ് കേസിലെ മുഖ്യപ്രതി പദ്മകുമാര്‍ പോലീസിന് നല്‍കിയ മൊഴി. ഒരുകടം വീട്ടാന്‍ വീണ്ടും കടം വാങ്ങി വായ്പകള്‍ കുമിഞ്ഞുകൂടിയെന്നാണ് ഇയാള്‍ പറയുന്നത്. എന്നാല്‍ ഇയാളുടെ മൊഴികളില്‍ ഇപ്പോഴും പോലീസിന് സംശയമുണ്ടെന്നാണ് സൂചന. പ്രതി പലതവണ മൊഴിമാറ്റുന്നതും സംശയത്തിന് കാരണമാകുന്നു.
ചാത്തന്നൂര്‍ സ്വദേശി പദ്മകുമാര്‍, ഭാര്യ അനിതാകുമാരി, മകള്‍ അനുപമ എന്നിവരാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതികള്‍. വര്‍ഷങ്ങള്‍ക്ക് മുന്‍പേ കമ്പ്യൂട്ടര്‍ എന്‍ജിനീയിറങ്ങില്‍ ബി.ടെക്ക് ബിരുദം നേടിയയാളാണ് പദ്മകുമാര്‍. ഇയാളുടെ അച്ഛനും അമ്മയും മോട്ടോര്‍ വാഹനവകുപ്പിലെ ജീവനക്കാരായിരുന്നു.
കോളേജ് പഠനത്തിന് ശേഷം ചില സ്ഥാപനങ്ങളില്‍ ജോലിചെയ്ത ശേഷം ചാത്തന്നൂരില്‍ സ്വന്തമായി കേബിള്‍ ടി.വി. നെറ്റ് വര്‍ക്ക് നടത്തി. പിന്നീട് കേബിള്‍ ടി.വി. സ്ഥാപനം മറ്റൊരാള്‍ക്ക് വില്‍പ്പന നടത്തിയശേഷം സ്വന്തമായി ബേക്കറി ആരംഭിച്ചു. ചാത്തന്നൂര്‍-കുമ്മല്ലൂര്‍ റോഡിലേക്കുള്ള ജങ്ഷനിലാണ് വാവാസ് ബേക്കറി എന്ന പേരില്‍ സ്ഥാപനം തുടങ്ങിയത്. പദ്മകുമാറിന്റെ ഭാര്യ അനിതയാണ് ബേക്കറിയുടെ കാര്യങ്ങള്‍ നോക്കിനടത്തിയിരുന്നത്.
ചാത്തന്നൂരിലെ ഇരുനില വീടിനും ബേക്കറിക്കും പുറമേ ഒഴുകുപാറ പോളച്ചിറയ്ക്ക് സമീപം തെങ്ങുവിളയില്‍ പദ്മകുമാറിന് ഫാംഹൗസുണ്ട്. ഒട്ടേറെ നായ്ക്കളെയാണ് ഇയാള്‍ ഇവിടെ താമസിപ്പിച്ചിരുന്നത്. ഇതിനൊപ്പം തെങ്കാശിയില്‍ എസ്റ്റേറ്റുള്ളതായും വിവരങ്ങളുണ്ട്. നാട്ടില്‍നിന്ന് ഇവിടേക്കുള്ള യാത്രയ്ക്കിടെയാണ് തെങ്കാശി പുളിയറയില്‍നിന്ന് പദ്മകുമാറിനെയും കുടുംബത്തെയും പോലീസ് പിടികൂടിയത്.
കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസില്‍ മൂന്നാംപ്രതിയായ അനുപമ നാലുലക്ഷത്തിലേറെ സബ്‌സ്‌ക്രൈബേഴ്‌സുള്ള യൂട്യൂബറാണ്. ഹോളിവുഡ് താരങ്ങളുടെ വീഡിയോകള്‍ക്കുള്ള റിയാക്ഷന്‍ വീഡിയോകളാണ് അനുപമ പദ്മന്‍ എന്ന യൂട്യൂബ് ചാനലില്‍ പ്രധാനമായും പോസ്റ്റ് ചെയ്തിരുന്നത്. ഇംഗ്ലീഷിലായിരുന്നു അവതരണം. അതിനാല്‍ വിദേശങ്ങളില്‍നിന്നടക്കം ഈ ചാനലിന് കാഴ്ചക്കാരുണ്ടായിരുന്നു. തട്ടിക്കൊണ്ടുപോകലുമായി ബന്ധപ്പെട്ട് അനുപമയെക്കുറിച്ചുള്ള വാര്‍ത്തകള്‍ പുറത്തുവന്നതോടെ യൂട്യൂബ് സബ്‌സ്‌ക്രൈബേഴ്‌സിന്റെ എണ്ണവും കുതിച്ചു. ശനിയാഴ്ച ഉച്ചയോടെ ഇത് അഞ്ചുലക്ഷവും കടന്നു.
യൂട്യൂബറായ അനുപമ ഇന്‍സ്റ്റഗ്രാമിലും സജീവമായിരുന്നു. പതിനാലായിരത്തിലേറെ ഫോളോവേഴ്‌സാണ് ഇന്‍സ്റ്റഗ്രാമിലുള്ളത്. ഇതിനുപുറമേ സ്വന്തമായി ഒരു വെബ്‌സൈറ്റും യുവതിക്കുണ്ട്. അനുപമയുടെ സാമൂഹികമാധ്യമ അക്കൗണ്ടുകളില്‍ ഈ വെബ്‌സൈറ്റിന്റെ ലിങ്കുകളും നല്‍കിയിരുന്നു.
താന്‍ ഒരു മൃഗസ്‌നേഹിയാണെന്നാണ് അനുപമ പദ്മന്‍ വെബ്‌സൈറ്റില്‍ അവകാശപ്പെടുന്നത്. തെരുവില്‍ ഉപേക്ഷിക്കുന്ന നായ്ക്കളെ പരിപാലിക്കുന്നതിനും നായ്ക്കളെ സംരക്ഷിക്കുന്നതിനുമാണ് താത്പര്യമെന്നും വെബ്‌സൈറ്റില്‍ പറയുന്നു. തന്റെ കുടുംബവും നായ്ക്കളോടും മൃഗങ്ങളോടും കരുണ കാണിക്കുന്നവരാണ്. ‘മണിക്കുട്ടന്‍’, ‘മുത്ത്’ തുടങ്ങിയ പേരുകളുള്ള ഒട്ടേറെ നായ്ക്കളെ തെരുവില്‍നിന്ന് ഏറ്റെടുത്ത് സംരക്ഷിക്കുന്നുണ്ടെന്നും അനുപമയുടെ വെബ്‌സൈറ്റിലുണ്ട്.
നായ്ക്കളെ സംരക്ഷിക്കാനായി പണം സംഭാവന നല്‍കാനും യുവതി വെബ്‌സൈറ്റിലൂടെ അഭ്യര്‍ഥിക്കുന്നുണ്ട്. ഇതിനായി പണം നല്‍കാനുള്ള ലിങ്കുകളും വിലാസവും വെബ്‌സൈറ്റിലുണ്ട്. അനുപമ വെബ്‌സൈറ്റില്‍ അവകാശപ്പെടുന്നത് പോലെ പദ്മകുമാറും കുടുംബവും ഒട്ടേറെ നായ്ക്കളെ വീട്ടിലും ഫാമിലുമായി വളര്‍ത്തിയിരുന്നതായാണ് നാട്ടുകാരും കഴിഞ്ഞദിവസം മാധ്യമങ്ങളോട് പറഞ്ഞത്. ചാത്തന്നൂരിലെ വീട്ടില്‍ തന്നെ അഞ്ച് നായ്ക്കളെങ്കിലും ഉണ്ടെന്നായിരുന്നു നാട്ടുകാരുടെ പ്രതികരണം.
തെങ്ങുവിളയിലെ ഫാമിലും ചില നായ്ക്കളെ വളര്‍ത്തിയിരുന്നു. ഇവയെ പരിചരിക്കാനായി ഒരു ജീവനക്കാരിയും ഫാമിലുണ്ടായിരുന്നു. അതിനിടെ, കുട്ടിയെ തട്ടിക്കൊണ്ടുപോയശേഷവും അനുപമ യൂട്യൂബ് അടക്കമുള്ള സാമൂഹികമാധ്യമങ്ങള്‍ ഉപയോഗിച്ചിരുന്നതായാണ് സംശയം. തന്റെ യൂട്യൂബ് വീഡിയോക്കുള്ള ഒരു കമന്റിന് ചൊവ്വാഴ്ച അനുപമ മറുപടി നല്‍കിയിരുന്നതായി കമന്റ് ബോക്‌സില്‍നിന്ന് വ്യക്തമാണ്.
പദ്മകുമാറും ഭാര്യ അനിതയും മകളുംകൂടിയാണ് കാറില്‍ കുട്ടിയെ തട്ടിക്കൊണ്ടുവരുന്നത്. മകളെയും കുഞ്ഞിനെയും വീട്ടിലിരുത്തിയശേഷം പദ്മകുമാറും അനിതയുംകൂടി കാറില്‍ കല്ലുവാതുക്കലില്‍ എത്തി. അവിടെനിന്ന് ഓട്ടോയില്‍ കിഴക്കനേലയിലെത്തി. അവിടെനിന്ന് കുട്ടിയുടെ വീട്ടില്‍ ഫോണ്‍ ചെയ്തു. അവിടെയുള്ള കുഞ്ഞമ്മയുടെ വീട്ടില്‍ പോകുകയാണെന്നു കള്ളംപറഞ്ഞ് ഓട്ടോക്കാരനെ മടക്കിയയച്ചു. മറ്റൊരു ഓട്ടോ പിടിച്ച് വീണ്ടും കല്ലുവാതുക്കലില്‍ എത്തി. കസ്റ്റഡിയിലെടുത്ത ഓട്ടോക്കാരനും പറഞ്ഞത് കല്ലുവാതുക്കലില്‍ ഇറക്കിയെന്നാണ്. കുട്ടി മയങ്ങാന്‍വേണ്ടി ഗുളിക നല്‍കി. പിറ്റേദിവസം കുഞ്ഞ് ഛര്‍ദിച്ചതായും അനിതയുടെ മൊഴിയിലുണ്ട്.
പദ്മകുമാറും ഭാര്യ അനിതയുമാണ് നഗരമധ്യമായ ചിന്നക്കടയിലൂടെ നീലക്കാറില്‍ കുട്ടിയുമായെത്തിയത്. ലിങ്ക് റോഡില്‍ ഇവരെ ഇറക്കിയശേഷം പദ്മകുമാര്‍ കാറോടിച്ച് ആശ്രാമം മൈതാനത്തെ ജ്യൂസ് കടയ്ക്കുസമീപം കാത്തുനിന്നു. ലിങ്ക് റോഡില്‍നിന്ന് ഓട്ടോയില്‍ ആശ്രാമം മൈതാനത്തേക്ക് കുഞ്ഞുമായെത്തിയശേഷം അവിടെ ഇരുത്തി രക്ഷപ്പെടുകയായിരുന്നു. മറ്റൊരു ഓട്ടോയില്‍ പദ്മകുമാര്‍ കാത്തുനിന്ന ജ്യൂസ് കടയ്ക്കു മുന്നിലെത്തി ഇവര്‍ കാറില്‍ ബിഷപ്പ് ജെറോം നഗറിലെ ബേക്കറിയില്‍ കയറി.
ബേക്കറിയിലെ ടി.വി.യില്‍ വാര്‍ത്ത കണ്ടിരുന്നു. കുട്ടിയെ ആശ്രാമം മൈതാനത്തുനിന്ന് കണ്ടെത്തിയെന്ന വാര്‍ത്തയും കണ്ടിട്ടാണ് ബേക്കറിയില്‍നിന്നു മടങ്ങിയത്. പിടിക്കപ്പെടുമെന്നറിഞ്ഞതോടെ കുട്ടിയെ സുരക്ഷിതമായി എത്തിക്കണമെന്നതിനാലാണ് തിരിക്കേറിയ ആശ്രാമം മൈതാനത്തുതന്നെ എത്തിച്ചതെന്നും ഇവര്‍ മൊഴി നല്‍കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല